സ്വന്തമായി ഒരു കാറൊക്കെ വേണ്ടേ ? എങ്കിൽ കുറഞ്ഞ പലിശയിൽ ലോൺ നൽകാൻ ഈ ബാങ്കുകളുണ്ട്, അറിയേണ്ടതെല്ലാം...
ഒരു ഇടത്തരം കുടുംബത്തിന് ഒരുമിച്ച് സഞ്ചരിക്കാൻ ഏറ്റവും അനുയോജ്യമായ വാഹനമാണ് കാർ. ഇക്കാലത്ത് കാർ വാങ്ങുക എന്നത് അത്ര വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല താനും. കൈയിൽ മോശമല്ലാത്ത ഒരു തുകയും ഭേദപ്പെട്ട ജോലിയുമുണ്ടെങ്കിൽ ആർക്കും ഇഎംഐ മുഖേന കാറുകൾ വാങ്ങാവുന്നതാണ്. അതിന് വിവിധ ബാങ്കുകൾ നിങ്ങൾക്കായി വായ്‌പ അനുവദിക്കുന്നുമുണ്ട്.
എന്നാൽ ഏത് വായ്‌പ സ്വീകരിക്കണം എന്നുള്ള സംശയം പലപ്പോഴും ഉപയോക്താക്കളുടെ മനസിൽ ഉണ്ടാവും. രാജ്യത്തെ ദേശസാൽകൃത, സ്വകാര്യ ബാങ്കുകളിൽ നിന്ന് കാർ ലോൺ നിങ്ങൾക്ക് എടുക്കാൻ കഴിയും. എന്നാൽ കുറഞ്ഞ പലിശയിൽ എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് ഭാവിയിൽ വലിയ ബാധ്യതയുമാവും. കുറഞ്ഞ പലിശയിൽ കാർ ലോൺ നൽകുന്ന ബാങ്കുകളെ നമുക്ക് പരിചയപ്പെടാം...

എസ്ബിഐ
നമ്മുടെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ തന്നെയാണ് ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ കാർ ലോൺ നൽകുന്നത്. 8.65 ശതമാനം മുതല്‍ 9.70 ശതമാനം വരെയാണ് നിലവിൽ എസ്ബിഐ ഈടാക്കുന്ന പലിശ നിരക്ക്. വരുന്ന ജനുവരി 31 വരെ പ്രോസസിംഗ് ഫീസ് ഈടാക്കില്ല എന്നതാണ് ഏറ്റവും വലിയ ഗുണം.
നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന വാഹനത്തിന്റെ ഓൺ റോഡ് വിലയുടെ 90 ശതമാനം വരെ വായ്‌പയായി എസ്ബിഐ അനുവദിക്കും. ഇലക്ട്രിക് കാറുകളാണ് വാങ്ങാൻ ഉദ്ദേശിക്കുന്നതെങ്കിൽ 8.65 ശതമാനം മുതല്‍ 9.35 ശതമാനം വരെയാണ് പലിശ നിരക്ക്.
പഞ്ചാബ് നാഷണല്‍ ബാങ്ക്
മറ്റൊരു പ്രധാന ദേശസാൽകൃത ബാങ്കായ പിഎൻബി 8.75 ശതമാനം മുതല്‍ 9.60 ശതമാനം വരെ പലിശ നിരക്കിലാണ് വായ്‌പ അനുവദിക്കുന്നത്. വായ്‌പാ തുകയുടെ 0.25 ശതമാനം വരെയാണ് പ്രോസസിംഗ് ഫീസായി ബാങ്ക് ഈടാക്കുക. വാഹനത്തിന്റെ എക്‌സ്-ഷോറൂം വിലയുടെ 100 ശതമാനം വരെ വായ്‌പയായി അനുവദിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 120 മാസം വരെയും മറ്റുള്ള കാറുകൾക്ക് 84 മാസം വരെയുമാണ് തിരിച്ചടവ് കാലാവധി.
ബാങ്ക് ഓഫ് ബറോഡ
8.70 ശതമാനം മുതല്‍ 12.10 ശതമാനം വരെയാണ് ബാങ്ക് ഓഫ് ബറോഡ വാഹന വായ്‌പകള്‍ക്ക് ഈടാക്കുന്ന പലിശ. നിലവില്‍ 500 രൂപ വരെ പ്രോസസിംഗ് ഫീസ് ഈടാക്കുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 8.75 ശതമാനം മുതല്‍ 11.80 ശതമാനം വരെയാണ് പലിശ വരിക.
കാനറ ബാങ്ക്
കനറ ബാങ്ക് 8.70 മുതല്‍ 11.95 ശതമാനം വരെയാണ് വായ്‌പകളുടെ പലിശ നിരക്ക്. ഡിസംബര്‍ 31 വരെ വായ്‌പകളുടെ പ്രോസസിംഗ് ചാര്‍ജ് കനറ ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 9.05 ശതമാനം മുതല്‍ 11.95 ശതമാനം വരെയാണ് പലിശ.
സ്വകാര്യ ബാങ്കുകളും ഇത്തരത്തിൽ വായ്‌പകൾ അനുവദിക്കുന്നുണ്ട്. കൂടുതലായും ഇത്തരം വാഹന വായ്‌പകൾക്ക് ആളുകൾ ആശ്രയിക്കുന്നത് സ്വകാര്യ ബാങ്കുകളെയാണ് എന്നതാണ് സത്യം. കുറഞ്ഞ ഡോക്യൂമെന്റേഷൻ പ്രോസസും, വേഗത്തിലുള്ള നടപടി ക്രമങ്ങളുമാണ് ജനങ്ങളെ ഇവിടേക്ക് ആകർഷിക്കുന്നത്.
രാജ്യത്തെ പ്രധാന സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്‌സിയും സൗത്ത് ഇന്ത്യന്‍ ബാങ്കും, ഫെഡറല്‍ ബാങ്കും 8.75 ശതമാനം മുതല്‍ പലിശ നിരക്കില്‍ വാഹന വായ്‌പ നൽകുന്നുണ്ട്. ഐസിഐസിഐ ബാങ്കും ഐഡിഎഫ്‌സി ഫസ്‌റ്റ് ബാങ്കും 9 ശതമാനം മുതല്‍ പലിശയാണ് വാഹന വായ്‌പകൾക്ക് നിലവിൽ ഈടാക്കുന്നത്.












Click it and Unblock the Notifications