പോസ്‌റ്റ് ഓഫീസ് പിപിഎഫ് പദ്ധതിയെ കുറിച്ച് കേട്ടിട്ടുണ്ടോ? ധൈര്യമായി ചേർന്നോളൂ, കാത്തിരിക്കുന്നത് വമ്പൻ പലിശ
ഇന്ത്യൻ ജനതയുടെ സമ്പാദ്യ ശീലത്തിന് പുതിയ മുഖം നൽകിയ സ്ഥാപനമാണ് പോസ്‌റ്റ് ഓഫീസ്. എന്തെന്നാൽ നഗര-ഗ്രാമ ഭേദമില്ലാതെ എവിടെയും ഉള്ള ഒരു സർക്കാർ സംവിധാനം എന്ന നിലയിൽ പോസ്‌റ്റ് ഓഫീസിന് ഒരു ജനകീയ മുഖമാണ്. ഇന്ന് ഇമെയിലും വാട്‍സ്ആപ്പും ഒക്കെ ഉള്ള പുത്തൻ കാലഘട്ടത്തിൽ കത്തുകളുടെ പ്രചാരം കുറഞ്ഞതോടെ പോസ്‌റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ വിജയകരമായി നടപ്പിലാക്കി വരികയാണ്.
അത്തരത്തിൽ ധാരാളം പദ്ധതികളുമായി പോസ്‌റ്റ് ഓഫീസ് ഇപ്പോഴും നമ്മുടെ നാട്ടിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. പോസ്‌റ്റ് ഓഫീസ് പ്രതിമാസ പദ്ധതി, സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം, സുകന്യ സമൃദ്ധി യോജന എന്നിവ ഉൾപ്പെടെ മികച്ച പദ്ധതികളാണ് ഇത്തരത്തിൽ നിലവിലുള്ളത്. എന്നാൽ ഇതിന് പുറമെ കൂടുതൽ ഉപഭോക്താക്കൾ ആശ്രയിക്കുന്ന മറ്റൊരു പോസ്‌റ്റ് ഓഫീസ് പദ്ധതിയാണ് പിപിഎഫ് അക്കൗണ്ട്.

പിപിഎഫ് അല്ലെങ്കിൽ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ധാരാളം നികുതി ആനുകൂല്യങ്ങൾ ഉൾപ്പെടെ വാഗ്‌ദാനം ചെയ്യുന്ന ഒരു ദീർഘകാല നിക്ഷേപ പദ്ധതിയാണ്. രാജ്യത്തെ ഏത് പോസ്‌റ്റ് ഓഫീസിലും നിങ്ങൾക്ക് പിപിഎഫ് അക്കൗണ്ട് തുറക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഈ പദ്ധതിയുടെ മറ്റ് പ്രത്യേകതകൾ എന്തൊക്കെ ആണെന്നറിയാം.
പിപിഎഫ് അക്കൗണ്ട്- മാനദണ്ഡങ്ങൾ
ശമ്പളക്കാർ, സ്വയം തൊഴിൽ ചെയ്യുന്നവർ, പെൻഷൻകാർ തുടങ്ങിയവർ ഉൾപ്പെടെയുള്ള ഏതൊരാൾക്കും പോസ്‌റ്റ് ഓഫീസിൽ പിപിഎഫ് അക്കൗണ്ട് തുറക്കാൻ കഴിയും എന്നതാണ് പ്രധാന സവിശേഷത. ഒരാൾക്ക് ഒരു പിപിഎഫ് അക്കൗണ്ട് മാത്രമേ തുറക്കാൻ കഴിയുകയുള്ളൂ എന്ന കാര്യവും പ്രത്യേകം ഓർക്കണം.
പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേരിൽ ഒരു രക്ഷിതാവിന് മൈനർ പിപിഎഫ് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. എന്നാൽ ഇതും ഒരു കുട്ടിക്ക് ഒരു മൈനർ പിപിഎഫ് അക്കൗണ്ട് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. എന്നാൽ പ്രവാസികൾക്ക് ഈ പദ്ധതിയിൽ ചേരാൻ നിലവിൽ സൗകര്യമില്ല എന്നതാണ് ന്യൂനത.
എങ്ങനെയാണ് അക്കൗണ്ട് തുടങ്ങേണ്ടത് ?
തിരിച്ചറിയൽ രേഖയായി വോട്ടർ ഐഡി, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയിൽ ഏതെങ്കിലും ഒന്നോ അഡ്രസ് പ്രൂഫായി വോട്ടർ ഐഡി, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ് പാൻ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്നോ, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും ഇതിന് ആവശ്യമാണ്. കൂടാതെ നോമിനേഷൻ ഫോം- ഫോം ഇയും ഇതിനൊപ്പം ചേർക്കണം.
അടുത്തുള്ള പോസ്‌റ്റ് ഓഫീസിൽ/ഓൺലൈനിൽ നിന്ന് അപേക്ഷാ ഫോം വാങ്ങി പൂരിപ്പിക്കേണ്ടതുണ്ട്. അക്കൗണ്ട് തുറക്കുന്നതിനായി ഡ്രാഫ്റ്റ്/ചെക്ക് (കുറഞ്ഞത് 100 രൂപ) ഉപയോഗിച്ച് ഒരു പ്രാരംഭ തുക നിക്ഷേപിക്കേണ്ടതുണ്ട്. എന്നാലും വർഷത്തിൽ 500 രൂപയാണ് ഇതിന് മുടക്കേണ്ട മിനിമം നിക്ഷേപ തുക. ഇതിന്റെ പലിശ നിരക്കാവട്ടെ 7.1 ശതമാനമാണ്.
ആനുകൂല്യങ്ങൾ
ഈ പിപിഎഫ് അക്കൗണ്ടുമായി ബന്ധപ്പെട്ട പലിശ നിരക്ക് മറ്റ് നിരവധി സേവിംഗ് സ്‌കീമുകളേക്കാളും ബാങ്ക് സ്ഥിര നിക്ഷേപങ്ങളേക്കാളും താരതമ്യേന കൂടുതലാണ് എന്നത് മറക്കരുത്. സർക്കാർ പിന്തുണയുള്ള ഒരു നിക്ഷേപ പദ്ധതി ആയതിനാൽ തന്നെ സുരക്ഷിതമാണ് ഇത്. പിപിഎഫ് അക്കൗണ്ടിന്റെ കാലാവധി 15 വർഷമാണ്. മൂന്നാം സാമ്പത്തിക വർഷം മുതൽ നിക്ഷേപകർക്ക് വായ്‌പാ സൗകര്യവും ലഭിക്കും.












Click it and Unblock the Notifications