മുതിർന്ന പൗരന്മാരുടെ നിക്ഷേപത്തിന് 8.2 ശതമാനം വരെ പലിശ; പോസ്‌റ്റ് ഓഫീസിന്റെ ഈ തകർപ്പൻ സ്‌കീം അറിയാമോ?
നാട്ടിൻപുറത്തെ സാധാരണക്കാർക്കും മധ്യവർഗത്തിനും ഒക്കെ ഒരുപോലെ പ്രിയപ്പെട്ട പദ്ധതികൾ അവതരിപ്പിക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനമാണ് ഇന്ത്യാ പോസ്‌റ്റ്. കഴിഞ്ഞ പതിറ്റാണ്ടുകളിൽ ഇത്തരം നൂറുകണക്കിന് വ്യത്യസ്‌തമായ പദ്ധതികളിലൂടെ പൗരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനാൽ അത്രയും സ്വീകാര്യത അവർക്കുണ്ട് താനും.
കേവലം കത്തുകൾ കൈമാറാൻ മാത്രമുള്ള ഇടമല്ല പോസ്‌റ്റ് ഓഫീസ് എന്നും നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ ഇതിലും നല്ലൊരു ഇടമില്ലെന്നും ആദ്യം തിരിച്ചറിഞ്ഞ ആൾക്കിരിക്കട്ടെ ഒരു കുതിരപ്പവൻ. എന്താണെന്ന് വെച്ചാൽ ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ ഉള്ള സ്ഥാപനം എന്ന നിലയിൽ പോസ്‌റ്റ് ഓഫീസിന് പ്രാധാന്യം ഏറെയാണ്.

അപ്പോൾ വിഷയത്തിൽ നിന്ന് തെന്നി മാറാതിരിക്കാം. നമ്മൾ പറഞ്ഞുതുടങ്ങിയത് പോസ്‌റ്റ് ഓഫീസിലെ നിക്ഷേപ പദ്ധതികളെ കുറിച്ചാണ്. ധാരാളം നിക്ഷേപ പദ്ധതികളെ കുറിച്ച് നാം നിരന്തരം കേൾക്കാറുണ്ട്. എന്നാൽ പോസ്‌റ്റ് ഓഫീസ് മുഖേന നമ്മുടെ നാട്ടിലെ മുതിർന്ന പൗരന്മാർക്ക് കൈതാങ്ങാവാൻ നടപ്പാക്കുന്ന പദ്ധതികളിൽ ഒന്നായ പോസ്‌റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം പലർക്കും ഇപ്പോഴും അറിയില്ല.
എന്താണ് സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം ?
രാജ്യത്ത് തന്നെ മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന ഏറ്റവും മികച്ച നിക്ഷേപ പദ്ധതികളിൽ ഒന്നാണിത്. യോഗ്യരായ വ്യക്തികൾക്ക് കുറഞ്ഞത് 1000 രൂപ അടച്ച് പോസ്‌റ്റ് ഓഫീസ് ശാഖകളിൽ സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം അക്കൗണ്ട് തുടങ്ങാം. അക്കൗണ്ട് തുടങ്ങുമ്പോൾ ഉപഭോക്താവിന് 1000 രൂപ മുതൽ 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.
60 വയസും അതിൽ കൂടുതലുമുള്ള എല്ലാ വ്യക്തികൾക്കും വ്യക്തിഗതമായോ പങ്കാളിയോടൊപ്പമോ അക്കൗണ്ട് ആരംഭിക്കാം. കൂടാതെ, താഴെപ്പറയുന്ന വ്യക്തികൾക്ക് ഇതിന് മുമ്പും അക്കൗണ്ട് തുടങ്ങാൻ കഴിയും: 55 വയസിന് മുകളിലും 60 വയസിന് താഴെയുമുള്ള വിരമിച്ച സിവിലിയൻ ജീവനക്കാർ (റിട്ടയർമെൻ്റ് ആനുകൂല്യങ്ങൾ ലഭിച്ച് ഒരു മാസത്തിനുള്ളിൽ നിക്ഷേപം നടത്തണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി), കൂടാതെ 50 വയസിന് മുകളിലും 60 വയസ്സിന് താഴെയുമുള്ള വിരമിച്ച പ്രതിരോധ ജീവനക്കാർ (ആനുകൂല്യങ്ങൾ ലഭിച്ച് ഒരു മാസത്തിനുള്ളിൽ നിക്ഷേപം നടത്തണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി).
പലിശ ഓരോ പാദത്തിലും കണക്കാക്കുന്നു, നിക്ഷേപ തീയതി മുതൽ മാർച്ച് 31, ജൂൺ 30, സെപ്റ്റംബർ 30 അല്ലെങ്കിൽ ഡിസംബർ 31 വരെ ആയിരിക്കും ഇത് കണകാക്കുക. ഈ അക്കൗണ്ടിങ് ലോക്ക് ഇൻ പിരിയഡ് ഒന്നും തന്നെയില്ല. അതിനർത്ഥം നിങ്ങൾക്ക് എപ്പോൾ വേണമെങ്കിൽ ഈ അക്കൗണ്ട് ക്ലോസ് ചെയ്യാൻ കഴിയും എന്നതാണ്. എന്നാൽ നിബന്ധനകൾക്ക് വിധേയമായി മാത്രമേ ഇത് സാധിക്കുകയുള്ളൂ.


Click it and Unblock the Notifications