എന്താണ് പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന? വെറും 20 രൂപ അടച്ചാൽ രണ്ട് ലക്ഷത്തിന്റെ ഇൻഷുറൻസ്..! കൂടുതലറിയാം
ഇന്നത്തെ കാലത്ത് ഒരു കുടുംബത്തിനെ സംബന്ധിച്ച് മറ്റെന്തിനേക്കാളും കൂടുതൽ ചിലവ് വരിക ചികിത്സയ്ക്കാണ്. കാലം വളരുന്തോറും ചികിത്സാ ചെലവുകളും കുതിച്ചുയരുകയാണ്. അതിന്റെ ചുവട് പിടിച്ചാണ് ഇൻഷുറൻസ് വിപണിയും വളരുന്നത്. സാധാരണക്കാർക്ക് ഇടയിലും ഇപ്പോൾ ഇൻഷുറൻസ് എന്ന ആശയം കൂടുതലായി സ്വാധീനം ചെലുത്തി കഴിഞ്ഞു.
എന്നാൽ പൊതുമേഖലയിലെ ധാരാളം ഇൻഷുറൻസ് പദ്ധതികൾ കഴിഞ്ഞ കാലങ്ങളിൽ സ്ഥാപനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. അവയ്‌ക്കെല്ലാം വളരെ വലിയ സ്വീകാര്യത തന്നെ ഉയർന്നു വരുന്നുമുണ്ട്. ഇനി ഹെൽത്ത് ഇൻഷുറൻസ് സ്‌കീമുകളുടെ കാര്യം വിട്ടേക്കാം. ലൈഫ് ഇൻഷുറൻസ് ആണെങ്കിലും അങ്ങനെ തന്നെയാണ്.

അത്തരത്തിൽ രാജ്യത്ത് ഇന്ന് ഏറ്റവും കൂടുതൽ പേർ അംഗങ്ങളായ ഒരു ഇൻഷുറൻസ് പദ്ധതികളിൽ ഒന്നാണ് പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന. രാജ്യത്തെ ബാങ്ക് അകൗണ്ടുള്ള 18 മുതൽ 70 വയസുവരെയുള്ള ആളുകൾക്ക് ഈ സ്‌കീം ലഭ്യമാണ്. ബാങ്ക് അക്കൗണ്ടിന്റെ പ്രാഥമിക കെവൈസി ആധാർ ആയിരിക്കും. അപകട മരണത്തിനും പൂർണ്ണ അംഗവൈകല്യത്തിനും 2 ലക്ഷം രൂപയാണ് പദ്ധതിക്ക് കീഴിലുള്ള അപകട പരിരക്ഷ. ഭാഗിക വൈകല്യത്തിന് ഒരു ലക്ഷം രൂപയും ലഭിക്കും.
20 രൂപ മാത്രമാണ് ഈ ഇൻഷുറൻസിന്റെ വാർഷിക പ്രീമിയം. ഒരു ഗഡുവായി 'ഓട്ടോ-ഡെബിറ്റ്' സൗകര്യം വഴി അക്കൗണ്ട് ഉടമയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പ്രതിവർഷം 20 പിടിക്കുന്നതാണ് രീതി. അതായത് കേവലം 20 രൂപ മാത്രം മുടക്കിയാൽ നിങ്ങൾക്ക് സർക്കാരിന്റെ സുരക്ഷിതത്വത്തോടെ ഉള്ള മികച്ചൊരു ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതായിരിക്കും.
എന്നാൽ ഈ പദ്ധതി മുഖേന സ്വാഭാവിക മരണത്തിന് പരിരക്ഷ ലഭിക്കില്ല എന്നത് പ്രത്യേകം ഓർക്കേണ്ടതുണ്ട്. ബാങ്ക് അക്കൗണ്ടില്‍ നിന്ന് പ്രീമിയത്തിന് ഓട്ടോ ഡെബിറ്റ് സംവിധാനം വഴി പണമടക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പിന്നീട് പ്രീമിയം അടയ്ക്കുന്നതിനെ ചൊല്ലിയുള്ള ടെൻഷൻ ആവശ്യമില്ല.
ഇതിൽ ചേരേണ്ടത് എങ്ങനെ ?
ഒന്നാം ഘട്ടം: പിഎംഎസ്ബിവൈ ഓഫ്‌ലൈനിൽ എൻറോൾ ചെയ്യുന്നതിന്, നിങ്ങൾക്ക് സേവിംഗ്സ് അക്കൗണ്ട് ഉള്ള ബാങ്ക് ശാഖ സന്ദർശിക്കാവുന്നതാണ്. അല്ലെങ്കിൽ പദ്ധതിയുടെ ഔദ്യോഗിക സൈറ്റ് സന്ദർശിക്കാവുന്നതാണ്: https://jansuraksha.gov.in/Forms-PMSBY.aspx എന്ന വിലാസത്തിൽ ഇത് ലഭ്യമാവും.
രണ്ടാം ഘട്ടം: അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്‌ത ശേഷം, പോളിസി ഹോൾഡർ എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം ബാങ്കിൽ സമർപ്പിക്കണം.
മൂന്നാം ഘട്ടം: ഇത് വിജയകരമായി സമർപ്പിച്ചുകഴിഞ്ഞാൽ, ഇൻഷുറൻസിന്റെ ഒരു അക്നോളജ്മെന്റ് സ്ലിപ്പ് കം സർട്ടിഫിക്കറ്റ് വരിക്കാരന് ലഭിക്കും.












Click it and Unblock the Notifications