വ്യക്തിഗത ഇൻഷുറൻസോ ഫാമിലി ഇൻഷുറൻസോ ? ഇനിയും ആശങ്ക വേണ്ട, ഇത് തന്നെ മികച്ചത്...
അടുത്ത കാലത്തായി മലയാളിയുടെ ആരോഗ്യ ശീലങ്ങളിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. ജീവിത രീതിയല്ല ഉദ്ദേശിച്ചത്, ഹെൽത്ത് ഇൻഷുറൻസ് പോലെയുള്ളവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകാൻ നമ്മളും തയ്യാറായി തുടങ്ങിയിരിക്കുന്നു. കോവിഡ് മഹാമാരി കാലത്ത് നാമൊക്കെ അതിന്റെ പലവിധ ദൂഷ്യഫലങ്ങൾ അനുഭവിച്ചതാണ്. അതിൽ ഏറ്റവും വലിയൊരു പ്രതിസന്ധി ആയിരുന്നു ചികിത്സാ ചെലവുകൾ.
കോവിഡ് വെറുമൊരു ഉദാഹരണം മാത്രം, എന്തെങ്കിലും തരത്തിലുള്ള ജീവിത ശൈലി രോഗങ്ങളാവട്ടെ, ക്യാൻസർ പോലെയുള്ള ചിലവേറിയ ചികിത്സകൾ ആവശ്യമായ രോഗങ്ങളും ആയിക്കൊള്ളട്ടെ, അതിനൊക്കെയും വലിയ രീതിയിൽ പണം ചിലവാകും എന്നതാണ് യാഥാർഥ്യം. ഈ സത്യം പതുക്കെയാണെങ്കിലും മലയാളിയും തിരിച്ചറിഞ്ഞിടത്താണ് ഹെൽത്ത് ഇൻഷുറൻസുകളുടെ പ്രാധാന്യം.

ഹെൽത്ത് ഇൻഷുറൻസുകൾ പലതരത്തിലുണ്ട്. ഒരു വ്യക്തിക്ക് അയാളെ മാത്രം പരിരക്ഷയിൽ ഉൾപ്പെടുത്തി ചെയ്യാവുന്ന വ്യക്തിഗത പ്ലാനുകൾ മുതൽ, ഒരു കുടുംബത്തെ മുഴുവൻ ഉൾക്കൊള്ളിച്ചുകൊണ്ട് ചേർക്കാവുന്ന പ്ലാനുകൾ വരെയുണ്ട്. അതിൽ നമുക്ക് ഏറ്റവും ഗുണകരമായ ഒന്നാണ് ഫാമിലി ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ.
ഫാമിലി ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ
ഫാമിലി ഫ്ലോട്ടർ ഹെൽത്ത് ഇൻഷുറൻസ് ഒരു പോളിസിക്ക് കീഴിൽ മുഴുവൻ കുടുംബത്തെയും ഉൾക്കൊള്ളാൻ കഴിയുന്ന സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ രീതിയാണ്. ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ അംഗങ്ങൾക്കും ഇത് സമഗ്രമായ മെഡിക്കൽ കവറേജ് നൽകുന്നു എന്ന് മാത്രമല്ല ഓരോ കുടുംബാംഗത്തിനും വ്യക്തിഗത പോളിസികൾ എടുക്കേണ്ട എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.
ഈ പദ്ധതി സാധാരണ കുടുംബങ്ങൾക്ക് വലിയൊരു അനുഗ്രഹമായിരിക്കും. സർക്കാർ ആശുപത്രികൾ ധാരാളം ഉണ്ടെങ്കിലും നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ആശ്രയിക്കപ്പെടുന്നത് സ്വകാര്യ ആശുപത്രികളെയാണ്. അതിനാൽ തന്നെ ഒരു കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെ തന്നെ തകർക്കാൻ കെൽപുള്ള ഭീമമായ ആശുപത്രി ചെലവുകൾ വഹിക്കാൻ ഈ പദ്ധതി നിങ്ങളെ സഹായിക്കും.
ഒരു ഫാമിലി ഹെൽത്ത് ഇൻഷുറൻസ് പദ്ധതി തിരഞ്ഞെടുക്കുക വഴി നിങ്ങൾക്ക് ഒരുപാട് നേട്ടങ്ങൾ ഉണ്ടാവും. അതിലൊന്നാണ് കുടുംബത്തിലെ ഓരോ അംഗത്തിനും പ്രത്യേകം ഇൻഷുറൻസ് ഏർപ്പെടുത്തുമ്പോൾ ഉണ്ടായേക്കാവുന്ന സമയ നഷ്ട്ടവും, അതിന്റെ ദീർഘമായ നടപടി ക്രമങ്ങളും ഒഴിവാക്കാം എന്നത് ഒരു പ്രധാന ഗുണമാണ്.
ഒരൊറ്റ ഇൻഷുറൻസിലേക്ക് മാറ്റുമ്പോൾ നിങ്ങൾക്കത് മോണിറ്റർ ചെയ്യാൻ അൽപം കൂടി എളുപ്പമാവും. ഇതിന് പുറമെ വ്യക്തിഗത പ്ലാനുകൾ എടുക്കുന്നതിലും ലാഭകരം ആയിരിക്കും ഇത്തരം ഇൻഷുറൻസുകൾ എന്നതും മറ്റൊരു വസ്‌തുതയാണ്. അതിനാൽ തന്നെ കഴിവതും ഫാമിലി ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ എടുക്കുന്നതാവും ഉത്തമം.












Click it and Unblock the Notifications