സ്‌റ്റോക്ക് മാർക്കറ്റിലും രാഹുൽ പുലി തന്നെ; ഈ അഞ്ച് മ്യൂച്വൽ ഫണ്ടുകളിലായി നിക്ഷേപിച്ചത് 3.81 കോടി രൂപ
ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ വയനാട് മണ്ഡലത്തിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വയനാട്ടിൽ അദ്ദേഹത്തിന് ഇത് രണ്ടാമൂഴമാണ്. കഴിഞ്ഞ ദിവസമാണ് രാഹുൽ ഗാന്ധി തന്റെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. അതിൽ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സ്വത്തു വിവരങ്ങളും പരസ്യപ്പെടുത്തിയിരുന്നു എന്നത് ശ്രദ്ധേയമാണ്.
അതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം രാഹുൽ ഗാന്ധിയിലെ നിക്ഷേപകനെ അടയാളപ്പെടുത്തുന്ന ഭാഗമാണ്. ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി താൻ എത്ര വലിയൊരു നിക്ഷേപകൻ ആണെന്ന് രാഹുൽ തെളിയിച്ചിരിക്കുകയാണ്. അതിനുള്ള ഉത്തരം പറയുക ഈ കണക്കുകളാണ്. ചെറിയ നിക്ഷേപം ഒന്നുമല്ല രാഹുലിന് ഓഹരി വിപണിയിലും മ്യൂച്വൽ ഫണ്ടുകളിലുമായി ഉള്ളതെന്ന് ഓർക്കണം.

തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂല പ്രകാരം 4.3 കോടി രൂപയുടെ ഓഹരി വിപണി നിക്ഷേപവും 3.81 കോടി രൂപയുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപവുമാണ് രാഹുലിന് നിലവിലുള്ളത്. ഏതാണ്ട് എട്ട് കോടിയിലധികം രൂപയുടെ ആകെ നിക്ഷേപം ഉണ്ടെന്ന് ചുരുക്കം. 15.21 ലക്ഷം രൂപ വിപണി മൂല്യമുള്ള സോവറിൻ ഗോൾഡ് ബോണ്ടുകളും രാഹുൽ കൈവശമുണ്ട്.
രാഹുൽ നിക്ഷേപം നടത്തിയ ഓഹരികൾ ഇവയൊക്കെ:
പിഡിലൈറ്റ് ഇൻഡസ്ട്രീസ് ലിമിറ്റഡ്: 42.27 ലക്ഷം മൂല്യം-1474 ഓഹരികൾ, ബജാജ് ഫിനാൻസ് ലിമിറ്റഡ്: 35.89 ലക്ഷം മൂല്യം-551 ഓഹരികൾ, നെസ്‌ലെ ഇന്ത്യ ലിമിറ്റഡ്: 35.67 ലക്ഷം മൂല്യം-1370 ഓഹരികൾ, ഏഷ്യൻ പെയിന്റ്സ് ലിമിറ്റഡ്: 35.29 ലക്ഷം മൂല്യം- 1231 ഓഹരികൾ, ടൈറ്റൻ കമ്പനി ലിമിറ്റഡ്: 32.59 ലക്ഷം മൂല്യം-897 ഓഹരികൾ, ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ്: 27.02 ലക്ഷം മൂല്യം-1161 ഓഹരികൾ, ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്: 24.83 ലക്ഷം മൂല്യം- 2299 ഓഹരികൾ, ദിവിസ് ലബോറട്ടറീസ് ലിമിറ്റഡ്: 19.7 ലക്ഷം മൂല്യം- 567 ഓഹരികൾ, സുപ്രജിത് എഞ്ചിനീയറിംഗ് ലിമിറ്റഡ്: 16.65 ലക്ഷം മൂല്യം- 4068 ഓഹരികൾ, ഗാർവെയർ ടെക്‌നിക്കൽ ഫൈബേഴ്‌സ് ലിമിറ്റഡ്: 16.43 ലക്ഷം മൂല്യം- 508 ഓഹരികൾ. എന്നിങ്ങനെയാണ് അദ്ദേഹം വിപണിയിൽ നടത്തിയ ഓഹരി നിക്ഷേപങ്ങൾ.
രാഹുൽ നിക്ഷേപം നടത്തിയ മ്യൂച്വൽ ഫണ്ടുകൾ:
1. എച്ച്ഡിഎഫ്‌സി സ്മോൾ ക്യാപ് Reg-G: 1.23 കോടിയുടെ നിക്ഷേപം.
2. ഐസിഐസിഐ പ്രുഡൻഷ്യൽ റെഗ് സേവിംഗ്സ്-ജി: 1.02 കോടിയുടെ നിക്ഷേപം
3. പിപിഎഫ്എഎസ് എഫ്‌സിഎഫ് ഡി വളർച്ച: 19.76 ലക്ഷം
4. എച്ച്ഡിഎഫ്‌സി എംകോപ് ഡിപി: 19.58 ലക്ഷം
5. ഐസിഐസിഐ ഇക്യൂ ആൻഡ് ഡിഎഫ്: 19.03 ലക്ഷം
രാഹുലിന്റെ ആകെ ആസ്‌തി വിവരം
വയനാട്ടിൽ രണ്ടാം വട്ടവും ജനവിധി തേടുന്ന രാഹുൽ ഗാന്ധിക്ക് ആകെയുള്ളത് 20.4 കോടി രൂപയുടെ സ്വത്തുക്കളാണെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. 55,000 രൂപയാണ് പണമായി രാഹുലിന്റെ കൈവശമുള്ളത്. മേലെ പറഞ്ഞ ഓഹരി, മ്യൂച്വൽ ഫണ്ട്, സ്വർണ ബോണ്ട് എന്നിവയ്ക്ക് പുറമെ 61,52,426 രൂപയുടെ പോസ്‌റ്റൽ സേവിങ്സ്, 168.800 ഗ്രാമിന്റെ സ്വർണമടക്കം ആഭരണങ്ങൾ എന്നിവയുമുണ്ട്. എന്നാൽ രാഹുലിന് സ്വന്തമായി കാറില്ല എന്നതാണ് കൗതുകകരമായ കാര്യം.












Click it and Unblock the Notifications