ബജറ്റിൽ കോളടിച്ചത് രത്തൻ ടാറ്റയ്ക്ക്; ഈ കമ്പനി ഒറ്റ ദിവസം കൊണ്ട് ഉണ്ടാക്കിയത് 19,000 കോടി രൂപ..!
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചു കുലുക്കിയപ്പോഴും അതിൽ നേട്ടമുണ്ടാക്കിയ ചിലർ കൂടിയുണ്ട്. അക്കൂട്ടത്തിൽ ആരും പ്രതീക്ഷിക്കാത്ത ലാഭമുണ്ടാക്കിയവരാണ് രത്തൻ ടാറ്റയുടെ ടൈറ്റൻ കമ്പനി. ബജറ്റ് പ്രഖ്യാപനത്തിന് ശേഷം കമ്പനിയുടെ ഒറ്റ ദിവസത്തെ നേട്ടം ഏകദേശം 19,000 കോടി രൂപയോളമാണ്.
സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി നികുതി 6 ശതമാനം കുറച്ചതോടെ ടൈറ്റന്റെ ഓഹരികൾ ഏകദേശം 7 ശതമാനം ഉയർന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ടാറ്റയുടെ കുടക്കീഴിലുള്ള ജ്വല്ലറി ബ്രാൻഡായ ടൈറ്റൻ, തനിഷ്‌ക് എന്ന ബ്രാൻഡ് കാരണം തങ്ങളുടെ ഓഹരി മൂല്യത്തിൽ വലിയ വർധനവിനാണ് സാക്ഷ്യം വഹിച്ചത്.

കണക്കുകൾ പ്രകാരം ടൈറ്റന്റെ ഓഹരികൾ 6.63 ശതമാനം ഉയർന്ന് 3,468.15 രൂപയിലാണ് ക്ലോസ് ചെയ്‌തത് ട്രേഡിംഗ് സെഷനിൽ, ഓഹരികൾ 7.30 ശതമാനം വരെ വർധനവ് രേഖപ്പെടുത്തി, ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മൂല്യമായ 3,490 രൂപ വരെ എത്തി. വരും ദിവസങ്ങളിലും കമ്പനിയുടെ ഓഹരികൾ കുതിച്ചുയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്‌ധർ പങ്കുവയ്ക്കുന്ന അഭിപ്രായം.
നേരത്തെ 2,88,757.16 കോടി രൂപയായിരുന്ന ടൈറ്റന്റെ വിപണി മൂലധനം ചൊവ്വാഴ്‌ച 3,07,897.56 കോടിയായി ഉയർന്നു. അതായത് കമ്പനിയുടെ മൂല്യത്തിൽ 19,140.4 കോടി രൂപയുടെ വർധനയുണ്ടായി എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇതൊരു ചെറിയ മുന്നേറ്റമല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒറ്റ ദിവസം കൊണ്ട് ഉണ്ടാക്കിയ നേട്ടം ഇനിയും കമ്പനി തുടരുമോ എന്നാണ് കണ്ടറിയേണ്ടത്.
ഓഹരി വിപണിയിലെ പ്രകടനത്തിന്റെ കാര്യത്തിൽ, കമ്പനിക്ക് കഴിഞ്ഞ കാലങ്ങളിൽ സമ്മിശ്ര ഫലങ്ങൾ നേരിടേണ്ടി വന്നിരുന്നു. കഴിഞ്ഞ മാസം സ്‌റ്റോക്ക് 1.61 ശതമാനംപോസിറ്റീവ് റിട്ടേൺ ഉറപ്പാക്കിയിരുന്നു. എന്നാൽ, അതിന് വിപരീതമായി, കഴിഞ്ഞ ആറ് മാസങ്ങൾ കൂടുതൽ വെല്ലുവിളി നിറഞ്ഞതായിരുന്നു, 7.59 ശതമാനം നെഗറ്റീവ് റിട്ടേൺ ആയിരുന്നു ഇക്കാലയളവിൽ കമ്പനിക്ക് ഉണ്ടായിരുന്നത്.
എന്നാൽ ബജറ്റ് പ്രഖ്യാപനവും അതിലെ ചില തീരുമാനങ്ങളും ടൈറ്റന് നൽകിയ ഊർജം ചെറുതല്ല. ടൈറ്റൻ മാത്രമല്ല കല്യാൺ ജ്വല്ലേഴ്‌സ് അടക്കമുള്ളവയുടെ ഓഹരികളും മുന്നേറ്റം പ്രകടമാക്കിയിട്ടുണ്ട്. ഇന്നലെ അവതരിപ്പിച്ച ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ സ്വർണത്തിന്റെയും വെള്ളിയുടെയും അടിസ്ഥാന കസ്‌റ്റംസ് തീരുവ 6 ശതമാനമായും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനമായും കുറയ്ക്കാൻ തീരുമാനിച്ചിരുന്നു.
ഈ തീരുമാനത്തെത്തുടർന്ന്, രാജ്യത്തെ ഫ്യൂച്ചർ മാർക്കറ്റിൽ സ്വർണ വില 5 ശതമാനത്തിൽ അധികം ഇടിഞ്ഞു, അതേസമയം ട്രേഡിംഗ് സെഷനിൽ വെള്ളിക്ക് 5000 രൂപയിലധികം ഇടിവ് രേഖപ്പെടുത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ തീരുമാനം പൊതുജനങ്ങൾക്ക് കാര്യമായ ആശ്വാസം പകരുമെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.












Click it and Unblock the Notifications