വിശ്വാസം അതല്ലേ എല്ലാം; ധൈര്യമായി വാങ്ങാം ഈ പൊതുമേഖലാ ഓഹരികൾ, വിപണിയിലെ അതികായർ ഇവർ
മാന്ദ്യ കാലത്തായാലും, അല്ലെങ്കിലും വിപണിയിൽ നിക്ഷേപം നടത്തുമ്പോൾ കൃത്യമായ ജാഗ്രത പാലിക്കണമെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലലോ. എങ്കിലും കുറഞ്ഞ കാലയളവിലെ വൻ ലാഭം പെട്ടെന്ന് കിട്ടാൻ വേണ്ടി സുരക്ഷിതമല്ലാത്ത, ഭാവിയിൽ വലിയ ഗുണം ചെയ്യാത്ത ഓഹരികളിൽ പോയി തലവെക്കുമ്പോൾ നമ്മൾ ഒരുപാട് പാഠങ്ങൾ പഠിക്കും. നിക്ഷേപത്തെ ഒരു ചൂതാട്ടമായി കാണാതെ മുന്നോട്ട് പോയാൽ നമ്മൾ പ്രഥമ പരിഗണന കൊടുക്കുക വിശ്വാസ്യതക്ക് തന്നെയായിരുന്നു.
അത്തരത്തിൽ ധൈര്യമായി നമുക്ക് നിക്ഷേപം നടത്താൻ കഴിയുന്ന ഒട്ടേറെ ഓഹരികൾ വിപണിയിലുണ്ട്. അവയിൽ മിക്കവയും പൊതുമേഖലാ കമ്പനികളുടെ ഓഹരികളാണ്.രാജ്യത്ത് ഇന്ന് ഏറ്റവും വിശ്വസിച്ച് നിക്ഷേപം നടത്താൻ കഴിയുന്ന അഞ്ച് പൊതുമേഖലാ ഓഹരികൾ ഏതൊക്കെയെന്ന് നമുക്ക് പരിശോധിക്കാം.

കോള്‍ ഇന്ത്യ
രാജ്യത്തെ ഒരു മഹാരത്ന കമ്പനിയാണ് കോൾ ഇന്ത്യ. ഇന്ത്യയിലെ വാണിജ്യ ഊര്‍ജ ആവശ്യകതയുടെ ഏകദേശം 40 ശതമാനവും കമ്പനി നിര്‍വഹിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ കല്‍ക്കരി ഉല്‍പ്പാദക കമ്പനി കൂടിയാണിത്. 2024-25ല്‍ 1 ബില്യണ്‍ ടണ്‍ കല്‍ക്കരി ഉല്‍പാദനമാണ് ലക്ഷ്യമിടുന്നത്. വിപണിയിലും മികച്ച പ്രകടനമാണ് ഈ ഓഹരി നടത്തുന്നത്. 2023 ഡിസംബറില്‍ കമ്പനിയുടെ അറ്റാദായത്തിൽ 2280 കോടിയുടെ ഗണ്യമായ വര്‍ദ്ധന കണ്ടു. ഡിസംബറില്‍ അറ്റാദായം 9094 കോടി രൂപയാണ്. 456.25 രൂപയാണ് ഈ ഓഹരിയുടെ ഇപ്പോഴത്തെ വിപണി വില.
എന്‍ടിപിസി
അനുബന്ധ സ്ഥാപനങ്ങള്‍ക്കൊപ്പം വൈദ്യുതി ഉല്‍പാദനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പവര്‍ കമ്പനി. എന്‍ജിനീയറിംഗ്, പ്രോജക്ട് മാനേജ്‌മെന്റ്, കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ്, പവര്‍ പ്ലാന്റുകളുടെ ഓപ്പറേഷന്‍ & മാനേജ്‌മെന്റ് എന്നിവയും പ്രധാന പ്രവർത്തന മേഖലകളിൽ ഉൾപ്പെടുന്നു. 2023 ഡിസംബറില്‍ മൊത്തം വരുമാനം അല്‍പം കുറഞ്ഞു. ഡിസംബറില്‍ വരുമാനം 42,820 കോടി രൂപയാണ്. 2023 സെപ്റ്റംബറില്‍ ഇത് 44,983 കോടി രൂപയായിരുന്നു. നിലവിൽ ഈ ഓഹരിയുടെ വില 356.15യാണ്.
ഒഎന്‍ജിസി
ഇന്ത്യയിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍- പ്രകൃതി വാതക കമ്പനിയാണ് ഒഎൻജിസി. ഇന്ത്യയുടെ ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഏകദേശം 71 ശതമാനം സംഭാവന ചെയ്യുന്നത് ഇവരാണ്. 2023 ഡിസംബർ പ്രകാരം വാർഷികാടിസ്ഥാനത്തിൽ, മൊത്തം വരുമാനം 18,695 കോടി രൂപ വർദ്ധിച്ചു. പ്രവർത്തന ലാഭം 8,231 കോടി കുറഞ്ഞെങ്കിലും അറ്റാദായം 1,145 കോടി വർദ്ധിച്ചു. നിലവിൽ ഈ പൊതുമേഖലാ ഓഹരിയുടെ വില 278.60 രൂപയാണ്.
പവര്‍ ഗ്രിഡ്
രാജ്യത്തെ മറ്റൊരു മഹാരത്‌ന സ്ഥാപനം. ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് പവര്‍ ട്രാന്‍സ്മിഷന്‍ കമ്പനിയാണ് ഇത്. സര്‍ക്കാരിന് 51.34 ശതമാനം പങ്കാളിത്തമാണ് ഇതിലുള്ളത്. ഉയര്‍ന്ന വോള്‍ട്ടേജ് ആള്‍ട്ടര്‍നേറ്റിംഗ് കറന്റ് & ഹൈ-വോള്‍ട്ടേജ് ഡയറക്ട് കറന്റ് ട്രാന്‍സ്മിഷന്‍ ലൈനുകള്‍ സ്ഥാപിക്കുന്നതില്‍ പ്രാവീണ്യം നേടിയ കമ്പനിയാണിത്. 2023 ഡിസംബറില്‍ അറ്റാദായം 4,028 കോടി രൂപയാണ്. 2023 സെപ്റ്റംബറില്‍ ഇത് 3,781 കോടി രൂപയായിരുന്നു. 292.50 രൂപയാണ് ഈ ഓഹരിയുടെ ഇപ്പോഴത്തെ വില.
ആർഇസി
ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ആര്‍ഇസി. ഒരു സമ്പൂര്‍ണ ഊര്‍ജ കമ്പനിയാണ് ഇതെന്ന് വേണമെങ്കിൽ പറയാം. ഉത്പാദനം മുതല്‍ വിതരണം വരെയുള്ള മേഖലയിലെ മൂല്യ ശൃംഖലയിലെ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിലാണ് ഇവർ മുഖ്യമായും ഏർപ്പെട്ടിരിക്കുന്നത്. കമ്പനിയുടെ ആകെ വരുമാനം 34,571 കോടി (വാര്‍ഷികാടിസ്ഥാനത്തില്‍ 1 ശതമാനം വർധനവ്) ആണ്. നിലവിൽ ഈ ഓഹരിയുടെ വില 467.25 രൂപയാണ്.
അറ്റാദായം 10,003 കോടി.
(മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിർദ്ദേശമല്ല. ലഭ്യമായ വസ്‌തുതകൾ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾ മാത്രമാണ്. ഓഹരി നിക്ഷേപങ്ങൾ വിപണികളിലെ ലാഭ-നഷ്‌ട സാധ്യതകൾക്ക് വിധേയമാണ് എന്ന വസ്‌തുത എപ്പോഴും ഓർക്കുക. അതിനാൽ തന്നെ ഇത്തരം നിക്ഷേപങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം)












Click it and Unblock the Notifications