റീട്ടെയിൽ പണപ്പെരുപ്പം അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ; ജനുവരിയിലെ വിലക്കുറവ് ഗുണമായോ?
ന്യൂഡൽഹി: ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ റീട്ടെയിൽ അഥവാ ചില്ലറവില പണപ്പെരുപ്പ നിരക്കിൽ കുറവ്. കഴിഞ്ഞ അഞ്ച് മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ജനുവരിയിൽ രേഖപ്പെടുത്തിയത്. മുൻ മാസങ്ങളിൽ നിന്ന് വ്യത്യസ്‌തമായി 4.31 ശതമാനത്തിലേക്കാണ് ജനുവരിയിലെ നിരക്കുകൾ താഴ്ന്നത്. കേന്ദ്ര സ്‌റ്റാറ്റിസ്‌റ്റിക്‌സ് മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്.
പച്ചക്കറികളുടെയും പയറുവർഗങ്ങളുടെയും വില കഴിഞ്ഞ മാസം കാര്യമായി കുറഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് റീട്ടെയിൽ പണപ്പെരുപ്പത്തിൽ കുറവ് രേഖപ്പെടുത്തിയത്. ഒക്ടോബറിൽ 14 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 6.21 ശതമാനത്തിലെത്തിയതിന് ശേഷം പിന്നീട് ഇത് താഴേക്ക് പോവുന്ന പ്രവണതയാണ് കണ്ടത്. ചില്ലറ പണപ്പെരുപ്പം നവംബറിൽ 5.48 ശതമാനമായും ഡിസംബറിൽ 5.22 ശതമാനമായും കുറഞ്ഞിരുന്നു.

2025 ജനുവരിയിലെ 6.02 ശതമാനമായ ഭക്ഷ്യവിലപ്പെരുപ്പം 2024 ഓഗസ്‌റ്റിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്. പച്ചക്കറികൾ, മുട്ട, പയറുവർഗ്ഗങ്ങൾ, ധാന്യങ്ങൾ എന്നിവയുടെയും വിദ്യാഭ്യാസം, വസ്ത്രം, ആരോഗ്യം എന്നീ മേഖലകളിലെയും വിലയിലെ ഇടിവാണ് ജനുവരി മാസത്തിലെ പ്രധാന പണപ്പെരുപ്പത്തിലും ഭക്ഷ്യവിലപ്പെരുപ്പത്തിലും ഗണ്യമായ കുറവിന് കാരണമായതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ജനുവരിയിൽ രാജ്യത്തെമ്പാടും ഏറ്റവും ഉയർന്ന പണപ്പെരുപ്പം കാണിക്കുന്ന ആദ്യ അഞ്ച് ഇനങ്ങൾ വെളിച്ചെണ്ണ (54.20 ശതമാനം), ഉരുളക്കിഴങ്ങ് (49.61 ശതമാനം), തേങ്ങ (38.71 ശതമാനം), വെളുത്തുള്ളി (30.65 ശതമാനം), കടല [പച്ചക്കറികൾ] (30.17 ശതമാനം) എന്നിവയാണെന്ന് മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വെളിപ്പെടുത്തുന്നു.
സീറ (-32.25 ശതമാനം), ഇഞ്ചി (-30.92 ശതമാനം), ഉണക്കമുളക് (-11.27 ശതമാനം), വഴുതന (-9.94 ശതമാനം), എൽപിജി (ഗതാഗതം ഒഴികെ) (-9.29 ശതമാനം) എന്നിവയാണ് 2025 ജനുവരിയിലെ ഏറ്റവും കുറഞ്ഞ വാർഷിക പണപ്പെരുപ്പം പ്രകടമാക്കിയ ഇനങ്ങൾ. ജനുവരി മാസത്തെ ഇന്ധന പണപ്പെരുപ്പ നിരക്ക്,1.38 ശതമാനമാണ്.
അതിനിടെ കഴിഞ്ഞ ദിവസം, ആഗോള അനിശ്ചിതത്വങ്ങൾക്കിടയിൽ വളർച്ച ത്വരിതപ്പെടുത്തുന്നതിനായി ധനനയ അവലോകനത്തിൽ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പോളിസി നിരക്കിൽ 6.5 ശതമാനത്തിൽ നിന്ന് 6.25 ശതമാനമായി 25 അടിസ്ഥാന കുറവ് പ്രഖ്യാപിച്ചിരുന്നു. പണപ്പെരുപ്പം കുറഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
മന്ദഗതിയിലായ സമ്പദ്‌വ്യവസ്ഥയിൽ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും വളർച്ചാ നിരക്ക് ഉയർത്തുന്നതിനും ഇടയിലെ സന്തുലിതാവസ്ഥ നിലനിർത്താൻ ലക്ഷ്യമിട്ടാണ് ധനനയ അവലോകനത്തിൽ ഈ കുറവ് പ്രഖ്യാപിച്ചതെന്നാണ് വിലയിരുത്തൽ. ഇതോടെ ബാങ്കുകൾ വായ്‌പകൾക്ക് ഉൾപ്പെടെ നിരക്കുകൾ കുറച്ചേക്കുമെന്നാണ് വിവരം.












Click it and Unblock the Notifications