ഇത് കൂകിപ്പായും റെയിൽവേ ഓഹരി; ഈ നവരത്ന കമ്പനി ഉണ്ടാക്കിയ നേട്ടം 80 ശതമാനം, ഒരു കൈ നോക്കിയാലോ?
ഓഹരി നിക്ഷേപം ചില്ലറ കാര്യമല്ലെന്ന് എല്ലാവർക്കും അറിയാമല്ലോ. എങ്കിലും അതിനെ ലഘുവായി കാണുന്ന ഒട്ടേറെ പേരുണ്ട് നമുക്ക് ചുറ്റും. അങ്ങനെ ചെയ്‌താൽ വലിയ സാമ്പത്തിക നഷ്‌ടമാവും നമ്മളെ തേടിയെത്തുക. അതുകൊണ്ടാണ് കൂടുതൽ പേരും സുരക്ഷിതമായ പൊതുമേഖലാ കമ്പനികളുടെ ഉൾപ്പടെ ഓഹരികൾക്ക് പിന്നാലെ പായുന്നത്. അതിന്റെ കാരണം അവയുടെ സ്ഥിരത തന്നെയാണ്. പിന്നെ സമീപകാല വളർച്ചയും അതിലൊരു പ്രധാന ഘടകമാണ്.
അത്തരത്തിൽ നിങ്ങളും ഒരു നിക്ഷേപത്തിന് ഒരുങ്ങുകയാണെങ്കിൽ ധാരാളം അവസരങ്ങളും സാധ്യതകളും നിങ്ങൾക്ക് മുൻപിൽ തുറന്നുകിടപ്പുണ്ട്. അതിൽ പ്രധാനമായും റെയിൽവേ ഓഹരികളുടെ നീണ്ട നിരയാണ് കൂടുതൽ പേരെ ആകർഷിക്കുന്ന വിഭാഗം. റെയിൽവേ മൾട്ടിബാഗർ ഓഹരികളുടെ ജനപ്രീതി തന്നെ ഏറ്റവും വലിയ ഉദാഹരണം.

അതുപോലെ ഒരു ഓഹരി തപ്പി നടക്കുന്ന ആളുകൾക്ക് ഏറെ ഗുണകരമാവുന്ന ഓഹരിയാണ് റൈറ്റ്സ് ലിമിറ്റഡ്. റെയിൽവെ മന്ത്രാലയത്തിന് കീഴിലുള്ള നവരത്ന കമ്പനികളിൽ ഒന്നാണ് റൈറ്റ്സ് ലിമിറ്റഡ്. എൻജിനീയറിങ് & കൺസൾട്ടൻസി മേഖലയിലാണ് കമ്പനിയുടെ പ്രധാന പ്രവർത്തനങ്ങൾ നടക്കുന്നത്. ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ കൺസൾട്ടൻസി, എഞ്ചിനീയറിങ്, പ്രൊജക്‌ട് മാനേജ്മെന്റ് സേവനങ്ങൾ തുടങ്ങിയവയും ഇവർ നൽകുന്നുണ്ട്.
സ്‌മോൾ ക്യാപ് വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്ന കമ്പനിയായ റൈറ്റ്സ് കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം മികച്ച വളർച്ചയാണ് നേടിയെടുത്തത്. കഴിഞ്ഞ ദിവസം 67.50 കോടി രൂപയുടെ കരാർ കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ചതോടെ അവരുടെ കുതിപ്പ് വീണ്ടും തുടരുകയാണ്. ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് 80 ശതമാനം നേട്ടമാണ് ഈ ഓഹരി ഉണ്ടാക്കി കൊടുത്തത്. 621 രൂപയാണ് ഈ ഓഹരിയുടെ ഇപ്പോഴത്തെ വില.
ഈ പൊതുമേഖലാ കമ്പനിയുടെ വിപണി മൂല്യം ഏകദേശം 15008 കോടി രൂപയാണ്. ഏറ്റവും ഒടുവിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം കമ്പനിയുടെ പ്രമോട്ടർ 72.20 ശതമാനം ഓഹരികൾ ഹോൾഡ് ചെയ്യുന്നുണ്ട്. പബ്ലിക്കിന്റെ കൈവശമാകട്ടെ 12.31 ശതമാനം ഓഹരികളുണ്ട്. എന്നാൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 3.22 ശതമാനവും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 12.27 ശതമാനവും ഓഹരി പങ്കാളിത്തം പുലർത്തുന്ന സ്‌റ്റോക്ക് ആണിത്.
(മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിർദ്ദേശമല്ല. ലഭ്യമായ വസ്‌തുതകൾ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾ മാത്രമാണ്. ഓഹരി നിക്ഷേപങ്ങൾ വിപണികളിലെ ലാഭ-നഷ്‌ട സാധ്യതകൾക്ക് വിധേയമാണ് എന്ന വസ്‌തുത എപ്പോഴും ഓർക്കുക. അതിനാൽ തന്നെ ഇത്തരം നിക്ഷേപങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം)












Click it and Unblock the Notifications