റുപേ ക്രെഡിറ്റ് കാർഡ് കൈവശമുണ്ടോ? ഇനി റിവാർഡുകളും അധിക ആനുകൂല്യങ്ങളും കിട്ടും, യുപിഐ ഉപയോഗിക്കൂ
ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗവും വിതരണവും ആവശ്യക്കാരുടെ എണ്ണവും ഒക്കെ കുതിച്ചുയരുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോവുന്നത്. പലരും അവശ്യ ഘട്ടങ്ങളിൽ ഇത്തരം സംവിധാനങ്ങളെ പ്രയോജനപ്പെടുത്താൻ തുടങ്ങിയതോടെ ക്രെഡിറ്റ് കാർഡ് ഉപയോഗം കുത്തനെ കുതിച്ചുയരുന്നുമുണ്ട്. യഥാർത്ഥത്തിൽ ഇവയുടെ ഗുണ ദോഷങ്ങളെ കുറിച്ച് ഒട്ടേറെ കാര്യങ്ങൾ പറയാറുണ്ടെങ്കിലും അത് പല അത്യാവശ്യ സമയത്തും ഉപകരിക്കുന്ന ഒന്ന് തന്നെയാണ്.
എന്നാൽ ഇതുവരെ പണം പിൻവലിക്കുന്നതിന് ഉൾപ്പെടെ അമിതമായ ചാർജ് ആയിരുന്നു അവർ ഈടാക്കിയിരുന്നത്. അതുകൊണ്ട് തന്നെ നേരിട്ടുള്ള പണം പിൻവലിക്കൽ വലിയ ബാധ്യതയായി തന്നെ തുടർന്നിരുന്നു. കൂടാതെ സ്വൈപ്പ് ചെയ്യാൻ കഴിയുന്ന മർച്ചന്റ് സംവിധാനമുള്ള കടകളിൽ നിന്ന് മാത്രമാണ് സാധനങ്ങൾ വാങ്ങാനും കഴിഞ്ഞിരുന്നത്. എന്നാൽ അതിനെയെല്ലാം മാറ്റി മറിച്ചുകൊണ്ടാണ് ക്രെഡിറ്റ് കാർഡിൽ യുപിഐ സംവിധാനം കൂടി റുപേ അവതരിപ്പിച്ചത്.

ഇപ്പോഴിതാ അതിനൊപ്പം മറ്റൊരു ഗുണകരമായ മാറ്റം കൂടി ഈ രംഗത്ത് വരികയാണ്. അത് മറ്റൊന്നുമല്ല ക്രെഡിറ്റ് കാർഡിലെ യുപിഐ ഇടപാടുകൾക്ക് റിവാർഡ് പോയിന്റുകളും അധിക ആനുകൂല്യങ്ങളും ലഭ്യമാക്കുക എന്നതാണ്. സെപ്റ്റംബർ ഒന്നാം തീയതി മുതൽ ഇത്തരം ഇടപാടുകൾക്ക് റിവാർഡ് പോയിന്റുകൾ ഉറപ്പാക്കണം എന്നാണ് കമ്പനികളോട് അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്.
എന്താണ് ക്രെഡിറ്റ് കാർഡ് യുപിഐ റിവാർഡ്?
ഇതിന്റെ ആദ്യപടി എന്നത് നിങ്ങളുടെ റുപേ ക്രെഡിറ്റ് കാർഡ് യുപിഐയുമായി ലിങ്ക് ചെയ്യുക എന്നതാണ്. കൃത്യമായി ലിങ്കിങ് നടത്തിയ ഇത് ഉപയോഗിക്കുന്ന ആളുകൾക്ക് റിവാർഡ് പോയിന്റുകൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഉറപ്പാക്കണമെന്ന് റുപേ ക്രെഡിറ്റ് കാർഡുകൾ ഇഷ്യൂ ചെയ്യുന്ന എല്ലാ ബാങ്കുകളോടും എൻപിഎസിഐ നിർദ്ദേശം നൽകിയിരുന്നു. ഇതാണ് സെപ്റ്റംബർ ഒന്ൻ മുതൽ നടപ്പാവുന്നത്.
റുപേ ക്രെഡിറ്റ് കാർഡുകൾക്കുള്ള റിവാർഡ് പോയിന്റുകളും ആനുകൂല്യങ്ങളും ഒന്നും യുപിഐ ഇടപാട് നടത്തുമ്പോൾ കിട്ടുന്നില്ല എന്ന കാര്യം ശ്രദ്ധയിൽപെട്ടതിന് പിന്നാലെയാണ് എൻപിസിഐ ഇത് സംബന്ധിച്ച നിർദ്ദേശം ബാങ്കുകൾക്ക് നൽകിയത്. ആഗസ്‌റ്റ് അഞ്ചിനാണ് ഇത് സംബന്ധിച്ച നിർദ്ദേശം ബാങ്കുകൾക്ക് എൻപിസിഐ നൽകിയത്.
എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങൾ, ആരൊക്കെ നടപ്പാക്കുന്നു?
പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, കാനറ ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങി പതിനാറോളം ബാങ്കുകൾ ഈ സേവനം നിലവിൽ നൽകുന്നുണ്ട്. ഭീം, ഫോൺപേ,ഗൂഗിൾ പേ, പേടിഎം, മൊബിക്വിക്ക്, ഗ്രോ, ജിോ ഫിനാൻസ് തുടങ്ങിയവയുടെ ഉപഭോക്താക്കൾക്ക് എല്ലാം റുപേ ക്രെഡിറ്റ് കാർഡ് യുപിഐയുമായി ലിങ്ക് ചെയ്‌ത ശേഷം ഇഷ്ട്ടം പോലെ ഇടപാടുകൾ നടത്താം.
ഒരുപാട് ഗുണങ്ങൾ ഈ സംവിധാനത്തിനുണ്ട്. മുൻപ് നിങ്ങൾക്ക് വലിയ കടകളിൽ നിന്ന് മാത്രമാണ് ക്രെഡിറ്റ് കാർഡ് വച്ച് ഇടപാടുകൾ നടത്താൻ കഴിഞ്ഞിരുന്നത്. എന്നാൽ ഇനി മുതൽ ചെറിയ കടകളിലെ ഇടപാടുകൾക്ക് പോലും ക്രെഡിറ്റ് കാർഡിനെ കാര്യക്ഷമായി ഉപയോഗപ്പെടുത്താൻ കഴിയും. പണത്തിന് ബുദ്ധിമുട്ട് നേരിടുന്ന സമയത്തെ പർച്ചേസിനെ ഉറപ്പായും ഇനി ക്രെഡിറ്റ് കാർഡ് വലിയ ഗുണമാവും.
എന്നാൽ നിലവിൽ റുപേ മാത്രമാണ് ഈ സംവിധാനം നൽകുന്നത് എന്ന് കൂടി ഓർക്കണം. മറ്റ് മുൻനിര കമ്പനികളായ വിസ, മാസ്‌റ്റർകാർഡ് എന്നിവയുടെ ക്രെഡിറ്റ് കാർഡുകൾ നിലവിൽ യുപിഐയിൽ ലിങ്ക് ചെയ്യാൻ കഴിയില്ല. എങ്കിലും സമീപ ഭാവിയിൽ തന്നെ റുപേയുടെ പാത പിന്തുടർന്ന് ഇവയും ഈ സംവിധാനം നടപ്പാക്കും എന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications