വെറും 15 മിനിറ്റിൽ ഒരു ലക്ഷം രൂപ വരെ വായ്‌പ; ചെറുകിട സംരംഭങ്ങൾ നേട്ടം, പദ്ധതിയുമായി എസ്ബിഐ
രാജ്യത്തെ ചെറുകിട സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ധാരാളം പദ്ധതികൾ സർക്കാർ നടപ്പിലാക്കി വരുന്നുണ്ട്. അതിൽ വായ്‌പ പദ്ധതികളും അല്ലാതെയുള്ളവയും ഒക്കെ ഉൾപ്പെടുന്നു. പൊതുമേഖലാ ബാങ്കുകളും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ആയ എസ്ബിഐയാണ് ഇപ്പോൾ ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുമായി രംഗത്ത് വന്നിരിക്കുന്നത്.
വെബ് അധിഷ്ഠിത ഡിജിറ്റല്‍ ബിസിനസ് വായ്‌പയായ എംഎസ്എംഇ സഹജ് പദ്ധതിയാണ് അവർ അവതരിപ്പിച്ചത്. സംരംഭങ്ങളുടെ വിവരങ്ങള്‍ വിലയിരുത്തി 15 മിനിറ്റിനുള്ളില്‍ ഇന്‍വോയ്‌സ് ഫിനാന്‍സിംഗ് ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഇതിലൂടെ ചെറുകിട സംരംഭങ്ങളുടെ ആവശ്യങ്ങൾ ഒരുപരിധി വരെ നിറവേറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ.

സാധാരണ വായ്‌പകളിൽ നിന്ന് ഒട്ടേറെ പ്രത്യേകതകളാണ് ഇതിനുള്ളത്. വായ്‌പകളുടെ അപേക്ഷ, ഡോക്യുമെന്റേഷന്‍, വായ്‌പ അനുവദിക്കല്‍, വിതരണം തുടങ്ങിയവയെല്ലാം ഡിജിറ്റലായാണ് ഈ പദ്ധതിയിലൂടെ നടത്താറുള്ളത്. വായ്‌പ അവസാനിപ്പിക്കുന്നതും ഓട്ടോമേറ്റഡ് രീതിയിലാണ് എന്നതിനാൽ ഒട്ടും ടെൻഷൻ വേണ്ട. വായ്‌പ വാങ്ങാനായി നിങ്ങൾ നേരിട്ട് ബാങ്കില്‍ എത്തേണ്ട ആവശ്യമില്ല എന്ന് ചുരുക്കം.
ജിഎസ്‌ടി ഇന്‍വോയ്‌സിന്റെ അടിസ്ഥാനത്തില്‍ ബാങ്കിന്റെ ഉപയോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപ വരെയാണ് വായ്‌പാ തുകയായി ലഭിക്കുക. നൂതന സാങ്കേതിക വിദ്യയായ മെഷീന്‍ ലേണിംഗ് അടിസ്ഥാനമാക്കിയുള്ള ഈ പുതിയ പദ്ധതി വഴി ജിഎസ്‌ടിഐഎൻ ഉപഭോക്താവിന്റെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്, സിഐസി ഡേറ്റബേസ് തുടങ്ങിയവ വിലയിരുത്തിയാണ് വായ്‌പ അനുവദിക്കുക.
ജിഎസ്‌ടി വകുപ്പിന് കീഴിൽ രജിസ്‌റ്റർ ചെയ്‌ത സൂക്ഷ്‌മ, ചെറുകിട സംരംഭങ്ങള്‍ക്ക് ഹ്രസ്വകാലത്തേക്ക് മൂലധനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളിൽ പ്രധാനപ്പെട്ട ഒന്നാണ് എംഎസ്എംഇ സഹജ്. നിലവിലുള്ള എസ്ബിഐ ഉപയോക്താക്കള്‍ക്ക് യോനോ ആപ്പ് വഴിയും ഈ സേവനം ലഭ്യമാകുമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.
എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങൾ?
വേഗത്തിലുള്ള നടപടി ക്രമങ്ങൾ തന്നെയാണ് ഇതിന്റെ പ്രധാന ഗുണം. പരമ്പരാഗത വായ്‌പയിൽ നടപടിക്രമങ്ങൾ മന്ദഗതിയിലുള്ളതും അൽപ്പം ബുദ്ധിമുട്ടേറിയതുമാണ്. എന്നാൽ പദ്ധതിയിലൂടെ ചെറുകിട സംരംഭങ്ങൾക്ക് ലഭിക്കേണ്ട പണമൊഴുക്ക് ഗണ്യമായി മെച്ചപ്പെടും. കൂടാതെ എസ്ബിഐക്ക് പുറത്തുള്ള ഉപഭോക്താക്കളെ കൂടി ബാങ്കിനോട് അടുപ്പിക്കാനും ഇത് വഴി സാധിക്കും.
ഏറ്റവും വലിയ മറ്റൊരു ഗുണം പരിമിതമായ ക്രെഡിറ്റ് ഹിസ്‌റ്ററി കാരണം പരമ്പരാഗത വായ്‌പകൾ ലഭിക്കുന്നതിന് വെല്ലുവിളികൾ നേരിടുന്ന ചെറുകിട ബിസിനസുകളുടെ തലവര തന്നെ മാറ്റാൻ ഈ സ്‌കീമിന് കഴിവുണ്ട് എന്നതാണ്. ഇതോടെ മറ്റ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇതിന്റെ ചുവടു പിടിച്ച് കൂടുതൽ പദ്ധതികൾ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കാം.












Click it and Unblock the Notifications