മുതിർന്ന പൗരന്മാരുടെ നിക്ഷേപത്തിന് അധിക പലിശ..; ഈ എസ്ബിഐ പദ്ധതിയെ കുറിച്ചറിയാം
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണ് എസ്ബിഐ. സാധാരണക്കാർക്ക് വിശ്വസിച്ച് ആശ്രയിക്കാവുന്ന ബാങ്കുകളിലൊന്ന്. ദേശസാൽകൃത ബാങ്ക് ആയതിനാൽ തന്നെ എസ്ബിഐയുടെ പദ്ധതികളും പൗരന്മാരുടെ ക്ഷേമം കൂടി മുന്നിൽ കണ്ടുള്ളതാണെന്ന് എടുത്ത് പറയേണ്ടതില്ലലോ. അത്തരത്തിൽ എസ്ബിഐ നിരവധി സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്.
അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള നിക്ഷേപ പദ്ധതി. വി-കെയർ എന്ന് പേരിട്ടിരിക്കുന്ന ഈ നിക്ഷേപ പദ്ധതി വളരെ ജനകീയമാണ്. പദ്ധതിക്ക് കീഴിൽ അഞ്ച് വർഷം മുതൽ 10 വർഷം വരെയുള്ള നിക്ഷേപത്തിന് ഉയർന്ന പലിശ നിരക്ക് ഉപഭോക്താക്കൾക്ക് ലഭിക്കും. എന്നാൽ മുതിർന്ന പൗരന്മാർക്ക് മാത്രമാണ് ഇതിൽ അധിക പലിശ ലഭിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.

60 വയസിന് മുകളിൽ പ്രായമുള്ളവരുടെ വരുമാനം സംരക്ഷിക്കുന്നതിന് വേണ്ടി എസ്ബിഐ നടപ്പാക്കുന്ന വി-കെയർ സ്ഥിര നിക്ഷേപത്തെ കുറിച്ച് കൂടുതലറിയാം. നിലവിൽ 7.5 ശതമാനമാണ് പരമാവധി പലിശ നിരക്ക്. പദ്ധതിക്ക് കീഴിൽ നിക്ഷേപം നടത്താൻ ആകുന്ന കാലാവധി എസ്ബിഐ ഓരോ തവണയും നീട്ടി നൽകാറുണ്ട്. ഏറ്റവും ഒടുവിൽ 2024 മാർച്ച് 31 ആണ് അവസാന കാലാവധിയായി എസ്ബിഐ നിശ്ചയിച്ചിരിക്കുന്നത്.
2020 മെയ് മാസത്തിൽ സമാരംഭിച്ച ഈ പദ്ധതിയ്ക്ക് ആ വർഷം സെപ്റ്റംബർ വരെയായിരുന്നു കാലാവധി നിശ്ചയിച്ചത്. എന്നാൽ പിന്നീട് പല തവണയായി ഇത് നീട്ടി നൽകുകയായിരുന്നു. ചുരുക്കത്തിൽ, മുതിർന്ന പൗരന്മാർക്ക് അവരുടെ പെൻഷൻ ഫണ്ടുകൾ വി-കെയർ സ്ഥിര നിക്ഷേപ പദ്ധതിയിൽ നിക്ഷേപിക്കാവുന്നതാണ്.
കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പണം പിന്വലിക്കുകയാണെങ്കിൽ അവയ്ക്ക് അധിക പലിശ നിരക്കുകൾ ബാധകമല്ലെന്ന് ഓർക്കണം. അവസാന രജിസ്ട്രേഷൻ തീയതിക്കുള്ളിൽ ഈ സ്‌കീമിന് കീഴിൽ രജിസ്‌റ്റർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് മാത്രമേ മേൽപറഞ്ഞ ആനുകൂല്യങ്ങൾ ലഭ്യമാകൂ എന്നതും മറക്കാൻ പാടില്ല.
ആക്‌സിസ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ പോസ്‌റ്റ് ഓഫീസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളും സമാനമായ രീതിയിൽ യർന്ന പലിശ നിരക്കിൽ മുതിർന്ന പൗരന്മാർക്കായി സ്ഥിര നിക്ഷേപ പദ്ധതികൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്.












Click it and Unblock the Notifications