ഷാരൂഖും ആര്യനും ചേർന്ന് നടത്തുന്ന മദ്യകച്ചവടം പൊടിപൊടിക്കുന്നു; ഈ നേട്ടം സ്വന്തമാക്കി ബ്രാൻഡ്, പേര് അറിയണ്ടേ?
ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ താരങ്ങളിൽ ഒരാളാണ് ഷാരൂഖ് ഖാൻ. ആഗോള തലത്തിൽ തന്നെ ഏറ്റവും ആരാധകർ സ്വന്തമായുള്ള താരത്തിന് സിനിമാ പ്രേമികൾക്ക് ഇടയിൽ വലിയ സ്ഥാനമാണുള്ളത്. ബോളിവുഡിന്റെ ബാദ്ഷാ എന്നറിയപ്പെടുന്ന ഷാരൂഖ് അഭിനയത്തിന് പുറത്തും തന്റേതായ ലോകം സൃഷ്‌ടിച്ചെടുക്കാനും അതിൽ വിജയിക്കാനും സാധിച്ചിട്ടുള്ള ചുരുക്കം ചില സെലിബ്രിറ്റികളിൽ ഒരാളാണ്.
സിനിമാ നിർമ്മാണം, വിഎഫ്എക്‌സ്, ഐപിഎൽ എന്നിങ്ങനെ ഒട്ടേറെ മേഖലകളിൽ ഷാരൂഖിന്റെ കമ്പനികൾ പ്രവർത്തിക്കുന്നത് നമ്മളിൽ പലർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ഷാരൂഖിന്റെ അധികമാരും അറിയാത്ത ബിസിനസ് കാര്യങ്ങളിൽ ഒന്നാണ് മദ്യകച്ചവടം. ഈ ബിസിനസിൽ അദ്ദേഹം ഒറ്റയ്ക്കല്ല എന്നത് എല്ലാവരും അറിയേണ്ട കാര്യമാണ്.

മകൻ ആര്യൻ ഖാനുമായി ചേർന്നാണ് ഷാരൂഖ് ഈ ബിസിനസ് സംരംഭം പടുത്തുയർത്തിയിരിക്കുന്നത്. കോടികൾ മുടക്കി ഉണ്ടാക്കിയെടുത്ത ഈ ബ്രാൻഡ് ഇന്ന് ലോകത്തിലെ തന്നെ എണ്ണംപറഞ്ഞ വിസ്‌കി ബ്രാൻഡുകളിൽ ഒന്നായി മാറി കഴിഞ്ഞുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. രണ്ട് വർഷം മുൻപ് മാത്രമാണ് ബ്രാൻഡ് ആരംഭിച്ചതെങ്കിലും ഷാരൂഖിന്റെ പതിറ്റാണ്ടുകൾ നീണ്ട അനുഭവ സമ്പത്ത് ഈ ബ്രാൻഡിന് ഗുണമായി എന്ന് വേണം പറയാൻ.
അച്ഛനും മകനും ചേർന്ന് ഡിയാവോൾ ഇൻസെപ്‌ഷൻ എന്ന വിസ്‌കി ബ്രാൻഡാണ് നടത്തുന്നത്. പേരുപോലെ തന്നെ ഇതൊരു പ്രീമിയം വിസ്‌കി ബ്രാൻഡാണ് എന്ന കാര്യം പ്രത്യേകം ഓർമ്മയിൽ വയ്ക്കണം. കേവലം രണ്ട് വർഷങ്ങൾ കൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും മികച്ച ബ്രാൻഡുകളിൽ ഒന്നാക്കി മാറ്റാൻ ഷാരൂഖിനും മകനും കഴിഞ്ഞുവെന്നതാണ് ഏറ്റവും വലിയ നേട്ടം.
കൈവച്ച ബിസിനസ് മേഖലകളിൽ എല്ലാം തന്നെ വിജയം സ്വന്തമാക്കിയ ചരിത്രമാണ് ഷാരൂഖിനുള്ളത്. അതുകൊണ്ട് തന്നെ വിസ്‌കി ബ്രാൻഡിന്റെ കാര്യത്തിലും ഈ മുന്നേറ്റം തന്നെയാണ് സംഭവിച്ചതെന്ന് വേണമെങ്കിൽ പറയാം. 2024 ന്യൂയോർക്ക് വേൾഡ് സ്‌പിരിറ്റ്സ് മത്സരത്തിൽ ഏറ്റവും മികച്ച വിസ്‌കി എന്ന നേട്ടമാണ് ഷാരൂഖിന്റെ ബ്രാൻഡ് നേടിയെടുത്തത്.
മികച്ച സ്കോച്ച്, മികച്ച ക്ലാസ്, മികച്ച ബ്ലെൻഡഡ് മാൾട്ട് സ്കോച്ച് വിസ്‌കി എന്നീ ബഹുമതികളാണ് ബ്രാൻഡിനെ തേടി എത്തിയത്. ഇതോടെ ഷാരുഖിന്റെയും മകന്റെയും ബിസിനസ് സംരഭം കൂടുതൽ ഉയരങ്ങൾ കീഴടക്കുകയാണ്. ബോളിവുഡിലെ മറ്റൊരു പ്രമുഖ നടനായ സഞ്ജയ് ദത്ത് നേതൃത്വം നൽകുന്ന ഗ്ലെൻവാക്ക് ഈ സാമ്പത്തിക വർഷം ഏഴ് മാസം കൊണ്ട് 6 ലക്ഷം ബോട്ടിലുകൾ വിൽപ്പന നടത്തി ചരിത്രം സൃഷ്‌ടിച്ച വേളയിലാണ് എസ്ആർകെയുടെ ബ്രാൻഡിനെ തേടി പുരസ്‌കാരം എത്തുന്നത്.
നേരത്തെയും ഷാരൂഖിന്റെ ബ്രാൻഡ് വിവിധ മത്സരങ്ങളിൽ അവാർഡുകൾ നേടിയിട്ടുണ്ട്. എന്നാൽ പലർക്കും അറിയാത്തതും അറിയാൻ ആഗ്രഹിക്കുന്നതുമായ കാര്യം ഈ ബ്രാൻഡിന്റെ വില എത്രയാണ് എന്നതാണ്. ഡിയാവോൾ ഇൻസെപ്‌ഷൻ (750ml) ബോട്ടിലിന് നിലവിൽ മഹാരാഷ്ട്രയിൽ 9,800 രൂപയും ഗോവയിൽ 9,000 രൂപയും കർണാടകയിൽ 9,500 രൂപയുമാണ് വില. കൂടുതൽ വിപണികളിലേക്ക് വൈകാതെ ബ്രാൻഡ് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. മുകളിൽ നൽകിയിരിക്കുന്നത് ഒരിക്കലും മദ്യപാനത്തെയോ മദ്യ വിൽപ്പനയെയോ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതല്ല.)












Click it and Unblock the Notifications