ഷാരൂഖ് ഖാൻ, നിഖിൽ കാമത്ത് എന്നിവരുമായി കൈകോർത്ത് റാഡിക്കോ; പുതിയ സംരംഭത്തിൽ 40 കോടി നിക്ഷേപിക്കും
രാജ്യത്തെ പ്രമുഖ മദ്യനിർമ്മാണ കമ്പനിയായ റാഡിക്കോ ഖൈത്താൻ, ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ, ആര്യൻ ഖാൻ, സെറോധാ സഹസ്ഥാപകൻ നിഖിൽ കാത്ത് എന്നിവർക്ക് ഒപ്പം ചേർന്ന് പുതിയ സംരംഭം പ്രഖ്യാപിച്ചു. "ഡി'യാവോൾ സ്‌പിരിറ്റ്സ്" എന്ന പേരിലാണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഡി'യാവോൾ ബിവി, ഡി'യാവോൾ ഇന്ത്യ എന്നിവയിൽ 47.5 ശതമാനം ഓഹരി പങ്കാളിത്തം നേടുന്നതിനായി റാഡിക്കോ ഖൈത്താൻ 40 കോടി രൂപ നിക്ഷേപിക്കും.
ഇതോടെ ഈ സംരംഭത്തിലെ ഏറ്റവും വലിയ ഓഹരിയുടമ റാഡിക്കോ ആയിരിക്കും. ആഢംബര ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന ബ്രാൻഡാണ് ഡി'യാവോൾ. ഈ പുതിയ സംരംഭത്തിലൂടെ ഡി'യാവോൾ ടീമിന്റെ സർഗാത്മകതയും റാഡിക്കോയുടെ വിതരണ ശൃംഖലയും ഉപയോഗപ്പെടുത്തി ഒരു പ്രീമിയം ടെക്വില ഉടൻ പുറത്തിറക്കാൻ ലക്ഷ്യമിടുന്നു എന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.

ഷാരൂഖ് ഖാനും മകൻ ആര്യനും ചേർന്നാണ് ഡി'യാവോൾ എന്ന ആഡംബര ബ്രാൻഡിന് തുടക്കമിട്ടത്. ലക്സ്വറി സ്‌പിരിറ്റ്സ് വിഭാഗത്തിലെ കമ്പനിയുടെ ദീർഘകാല നിക്ഷേപമാണ് ഈ പുതിയ സംരംഭമെന്ന് റാഡിക്കോ ഖൈത്താന്റെ മാനേജിംഗ് ഡയറക്‌ടർ അഭിഷേക് ഖൈത്താൻ അറിയിച്ചു. ഈ പങ്കാളിത്തം 'ധീരവും, പ്രസക്തവും, ഭാവിയെ ഉറ്റുനോക്കുന്നതുമായ' ഒരു സംരംഭം കെട്ടിപ്പടുക്കാൻ ശ്രമിക്കുകയാണെന്ന് ഷാരൂഖ് ഖാൻ അറിയിച്ചു.
'സംസ്‌കാരത്തിൽ ജീവിക്കുന്ന' ഒരു ബ്രാൻഡ് കെട്ടിപ്പടുക്കാനാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആര്യൻ ഖാൻ കൂട്ടിച്ചേർത്തു. ലോകത്ത് എവിടെയും മത്സരിക്കാൻ തങ്ങളുടെ ബ്രാൻഡ് ഉദ്ദേശിക്കുന്നുവെന്ന് നിഖിൽ കാമത്തും വ്യക്തമാക്കി. പ്രീമിയം മദ്യം ഇനി ഭൂമിശാസ്ത്രപരമായ അതിരുകൾക്ക് അതീതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലഹരിപാനീയങ്ങളുടെ നിർമ്മാണം, വിതരണം, വിപണനം എന്നിവയിൽ വൈദഗ്ധ്യം നേടിയ ഒരു പ്രമുഖ ഇന്ത്യൻ കമ്പനിയാണ് റാഡിക്കോ ഖൈത്താൻ ലിമിറ്റഡ് (ആർകെഎൽ). 1943 ൽ റാംപൂർ ഡിസ്‌റ്റിലറി എന്ന പേരിൽ ആരംഭിച്ച ഇത്, ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ (ഐഎംഎഫ്‌എൽ) ഉൽപാദകരിൽ ഒന്നാണ്.
ലഹരിപാനീയങ്ങൾക്ക് പുറമേ കമ്പനി ഫ്ലേവേർഡ് വാട്ടർ, സോഡ പോലുള്ള ലഹരിയില്ലാത്ത പാനീയങ്ങൾ, എനർജി ഡ്രിങ്കുകൾ, പഴച്ചാറുകൾ എന്നിവയും നിർമ്മിക്കുന്നുണ്ട്. ഷാരൂഖ് ഖാനും മകൻ ആര്യൻ ഖാനും ചേർന്ന് നടത്തുന്ന കമ്പനിയുമായി ചേർന്നുള്ള അവരുടെ പ്രവർത്തനം രാജ്യത്തെ പ്രീമിയം വിപണി കൂടി ലക്ഷ്യമിട്ടുള്ളതായിരിക്കും.












Click it and Unblock the Notifications