ആഹാ നല്ല ലക്ഷണമൊത്ത മൾട്ടിബാഗർ സ്‌റ്റോക്ക്; ഈ ഓഹരി ഒരുവർഷം കൊണ്ട് നേടിയത് 307 ശതമാനം വളർച്ച
ഇപ്പോഴത്തെ കാലത്ത് ഒരു സാധാരണ ജോലി കൊണ്ടൊന്നും ജീവിതം മുന്നോട്ട് നീക്കാൻ കഴിയില്ലെന്ന് ചെറുപ്പക്കാർക്ക് ബോധ്യമായി കഴിഞ്ഞതിന്റെ സൂചനയാണ് ഓഹരി വിപണിയിലേക്കുള്ള തള്ളിക്കയറ്റം. പഴയ ഹർഷദ് മെഹ്തയുടെ കഥ കേട്ട് പുളകം കൊണ്ട് വിപണിയെ കൈപ്പിടിയിലാക്കാൻ വന്നവരും കുറവല്ല. ഇനി നിങ്ങൾ എന്ത് ലക്ഷ്യമിട്ട് വിപണിയിൽ വന്നാലും അതിന്റെ ചാഞ്ചാട്ടത്തെ കുറിച്ച് ബോധവാന്മാർ അല്ലെങ്കിൽ ഉറപ്പായും പാതിവഴിയിൽ വീഴും.
അതൊരു സ്‌റ്റോക്ക് മാർക്കറ്റ് സത്യകഥയാണ്. വിപണി നിങ്ങൾക്ക് ഉദ്ദേശിക്കുന്നത് പോലെ അത്ര എളുപ്പമുള്ള ഇടമല്ല. കൂട്ടിയും കുറച്ചും ഹരിച്ചും ഗുണിച്ചുമൊക്കെ സെക്കന്റുകൾക്ക് പോലും കോടികളുടെ വിലയുള്ള ഒരിടമാണ്. അതുകൊണ്ട് തന്നെ അവിടുത്തെ നിക്ഷേപവും കരുതലോടെ വേണം. അങ്ങനെ നിങ്ങളും നിക്ഷേപത്തിന് ആഗ്രഹിക്കുന്നുവെങ്കിൽ മടിക്കാതെ ഒരു മൾട്ടിബാഗർ തിരഞ്ഞെടുക്കാൻ ശ്രമിക്കുക.

ഇന്ത്യൻ ഓഹരി വിപണിയിൽ മൾട്ടിബാഗർ സ്‌റ്റോക്കുകളുടെ സ്വീകാര്യത മറ്റൊന്നിനും ഇല്ല. അതിന്റെ കാരണം ഹ്രസ്വകാല നിക്ഷേപങ്ങൾക്ക് പോലും അവ നൽകുന്ന നേട്ടമാണ്. അത്തരത്തിൽ ഒരു മൾട്ടിബാഗർ ഓഹരിയാണ് ശെഖാവതി കമ്പനിയുടേത്. വസ്ത്രവ്യാപാര രംഗത്ത് പ്രവർത്തിക്കുന്ന ഈ കമ്പനിയുടെ ഓഹരികൾ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടാക്കിയ നേട്ടം വളരെ വലുതാണ്.
ഈ മൾട്ടിബാഗർ പെന്നി സ്‌റ്റോക്ക് ഏകദേശം 307 ശതമാനം ഉയർച്ചയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ നടത്തിയത്, 2023 മാർച്ചിലെ വിലയായ 0.65 രൂപയിൽ നിന്ന് നിലവിൽ 2.63 രൂപ വരെയാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ 4 വർഷത്തിനിടയിൽ അതായത് 2020 മാർച്ച് മുതൽ ഈ ഓഹരി നിക്ഷേപകർക്ക് നൽകിയ നേട്ടം 1215 ശതമാനമാണ്.
ശേഖാവതി പോളി-യാൺ ലിമിറ്റഡ് ഇന്ത്യയിൽ പോളിസ്‌റ്റർ ടെക്‌സ്‌ചറൈസ് ചെയ്‌ത നൂലുകളുടെയും നെയ്‌തെടുത്ത തുണിത്തരങ്ങളുടെയും നിർമ്മാണത്തിലും വിൽപ്പനയിലും ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ്. 1990ൽ സ്ഥാപിതമായ കമ്പനി വിവിധ നെയ്‌ത തുണിത്തരങ്ങൾ ആഭ്യന്തര, അന്തർദേശീയ വിപണി ലക്ഷ്യമിട്ട് നിർമ്മിക്കുന്നുണ്ട്.
നേരത്തെ 2022 ഡിസംബറിൽ അവസാനിച്ച പാദത്തിലെ 2.36 കോടി രൂപയിൽ നിന്ന് കഴിഞ്ഞ ഡിസംബർ പാദത്തിൽ ശേഖാവതി പോളി-യാണിന്റെ അറ്റാദായം 2.66 കോടി രൂപയിലേക്ക് മാറിയിരുന്നു. എന്നാൽ 2023 ഡിസംബറിൽ അവസാനിച്ച പാദത്തിലെ വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 25.53 കോടി രൂപയിൽ നിന്ന് 49 ശതമാനം ഇടിഞ്ഞ് 13.11 കോടി രൂപയായി എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എങ്കിലും അത് ഓഹരിയെ കാര്യമായി ബാധിച്ചില്ല.
(മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിർദ്ദേശമല്ല. ലഭ്യമായ വസ്‌തുതകൾ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾ മാത്രമാണ്. ഓഹരി നിക്ഷേപങ്ങൾ വിപണികളിലെ ലാഭ-നഷ്‌ട സാധ്യതകൾക്ക് വിധേയമാണ് എന്ന വസ്‌തുത എപ്പോഴും ഓർക്കുക. അതിനാൽ തന്നെ ഇത്തരം നിക്ഷേപങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം)












Click it and Unblock the Notifications