വെറും 20,000 രൂപയിൽ ബിസിനസ് തുടങ്ങി; ഇന്ന് 6500 കോടിയുടെ ആസ്‌തി..! നരേന്ദ്ര ബൻസാൽ ഒരു പുലി തന്നെ...
പ്രതിസന്ധി ഘട്ടങ്ങളിൽ തളരാതെ മുന്നോട്ട് പോവുന്നവർക്ക് മാത്രമാണ് ജീവിതത്തിൽ വിജയിക്കാൻ കഴിയുകയുള്ളൂ. അത്തരത്തിൽ ഉള്ളവർ ഏത് നിലവാരത്തിൽ നിന്നും ഫീനിക്‌സ് പക്ഷിയെ പോലെ ഉയർന്നുവരാൻ കെൽപുള്ള ആളുകളായിരിക്കും. അങ്ങനെയുള്ള ഒരാളെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഒന്നുമില്ലായ്‌മയിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ ആസ്‌തിയുള്ള ബിസിനസ് സാമ്രാജ്യത്തിന് ഉടമയായി മാറിയ നരേന്ദ്ര ബൻസാൽ ശരിക്കും ഒരു അത്ഭുതം തന്നെയാണ്.
നമ്മളിൽ പലർക്കും അദ്ദേഹത്തെ അറിയില്ല എന്നതാണ് വാസ്‌തവം. എങ്കിലും ഇൻടെക്‌സ് എന്ന ബ്രാൻഡ് ഭൂരിഭാഗം പേർക്കും അറിയാൻ ഇടയുണ്ട്. ഈ കമ്പനിയുടെ ഉടമയാണ് ബൻസാൽ. ഒരിക്കലും വിജയിക്കില്ലെന്ന് പലരും വിധിയെഴുതിയെങ്കിലും തന്റെ നിശ്ചയദാർഢ്യവും, മനക്കരുത്തും, കഠിനാധ്വാനവും കൊണ്ടാണ് അദ്ദേഹം ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്.

ഇന്ത്യയിലെ മൊബൈൽ, ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ മുൻനിര നിർമ്മാതാക്കളിൽ ഒന്നാണ് ഇൻടെക്‌സ്. വെറും 20,000 രൂപയ്ക്ക് ബിസിനസ് ആരംഭിച്ച ബൻസാൽ ഇന്ന് വൻ സാമ്രാജ്യത്തിന്റെ ഉടമയായി മാറിയത് പെട്ടെന്നൊരു ദിവസത്തെ മായാജാലം കൊണ്ടല്ല. ഇന്ന് ബന്സാലിന്റെ ഇൻകെട്‌സ് ടെക്‌നോളജീസിന്റെ മൂല്യം 6,500 കോടി രൂപയാണ്. ഇന്ത്യയിലെ ഏറ്റവും അധികം വിറ്റുപോകുന്ന ഹോം മൊബൈൽ ബ്രാൻഡുകളിൽ രണ്ടാംസ്ഥാനത്താണ് ഈ കമ്പനി.
ഡൽഹിയിലെ ബിർള മന്ദിറിൽ ആളുകളുടെ ഫോട്ടോ എടുത്തുനടന്നിരുന്ന ഒരു സാധാരണ ചെറുപ്പക്കാരനായിരുന്നു നരേന്ദ്ര ബൻസാൽ. 1963-ൽ രാജസ്ഥാനിലെ ഹനുമാൻഗഡ് എന്ന കൊച്ചു ഗ്രാമത്തിലാണ് ബൻസാൽ ജനിച്ചത്. അവിടെ തന്നെ പ്രാഥമിക വിദ്യാഭ്യാസം നേടി. വിശ്വനികേതൻ ഹൈസ്‌കൂളിൽ നിന്നാണ് സെക്കണ്ടറി വിദ്യാഭ്യാസം അദ്ദേഹം പൂർത്തിയാക്കിയത്.
തുടർന്ന് ഡൽഹി സർവകലാശാലയിലെ സ്വാമി ശ്രദ്ധാനന്ദ് കോളജിൽ നിന്ന് അദ്ദേഹം ബിസിനസിൽ ബിരുദ പഠനം പൂർത്തിയാക്കി.1980കളിലാണ് ബൻസാലിന്റെ കുടുംബം ഡൽഹിയിലേക്ക് താമസം മാറുന്നത്. അക്കാലത്ത് വിദ്യാഭ്യാസ ചെലവുകൾ കണ്ടെത്തുന്നതിന് ബൻസാൽ ഓഡിയോ-വീഡിയോ കാസറ്റുകൾ വിൽപന നടത്തി വന്നിരുന്നു.
ചെറു പ്രായം മുതൽ സ്വന്തമായി ഒരു കമ്പനി തുടങ്ങണമെന്ന മോഹം അദ്ദേഹത്തിനുണ്ടായിരുന്നു. ഫ്ലോപ്പി ഡിസ്‌കുകൾ പോലുള്ള കമ്പ്യൂട്ടർ ആക്‌സസറീസ് വിറ്റുകൊണ്ടായിരുന്നു തുടക്കം. പിന്നീട് ആ മോഹം വളർന്നു. വെറും 20,000 മുതൽ മുടക്കിലാണ് ബിസിനസ് ആരംഭിക്കുന്നത്. അവിടെ നിന്നാണ് ഇന്ന് കാണുന്ന 6500 കോടിയുടെ മൂല്യമുള്ള കമ്പനിയുടെ തലപ്പത്തേക്ക് അദ്ദേഹം വന്നെത്തുന്നത്.












Click it and Unblock the Notifications