മൾട്ടിബാഗറുകളിലെ താരോദയം; 10000 രൂപ 14 ലക്ഷമാക്കിയ ചെപ്പടിവിദ്യ, ആരും കൊതിക്കും ഈ ഓഹരി
മൾട്ടിബാഗറുകളിലെ നിക്ഷേപം ഒരു ഫാഷനായി മാറുന്ന കാലഘട്ടത്തിലൂടെയാണ് നാം ഇപ്പോൾ കടന്നുപോവുന്നത്. മറ്റേത് വിഭാഗം ഓഹരികളേക്കാളും കൂടുതൽ ആളുകൾ ആഗ്രഹിക്കുന്നത് ഈ ഓഹരികളെ തന്നെയാണ്. പെട്ടെന്നുണ്ടാവുന്ന വളർച്ചയും ലാഭവും തന്നെയാണ് കൂടുതൽ പേരെയും ഇതിലേക്ക് ആകർഷിക്കുന്നത്.
പക്ഷേ വിപണിയുടെ ചാഞ്ചാട്ടത്തിന് അനുസരിച്ച് വളരെയധികം റിസ്‌ക് കൂടിയുള്ള ഓഹരികളാണ് ഇവയെന്ന കാര്യവും മറക്കരുത്. എന്തെന്നാൽ വിപണിയുടെ മോശം സമയത്ത് ഇടിവ് നേരിട്ട് ബാധിക്കുക ഇത്തരം ഓഹരികളെയാണ്. എങ്കിലും മൾട്ടിബാഗറുകൾ വലിയ നേട്ടം നൽകുമെന്ന കാര്യത്തിൽ തർക്കമില്ല.

ലാമിനേറ്റ് ശ്രേണി ഉൾപ്പെടെയുള്ള ഇന്റീരിയർ, എക്സ്റ്റീരിയർ ഡിസൈനിംഗ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന പ്രമുഖ കമ്പനിയായ സ്‌റ്റൈലാം ഇൻഡസ്ട്രീസ്, കഴിഞ്ഞ 10 വർഷ കാലയളവിനുള്ളിൽ 14,000 ശതമാനം വരെ ഉയർച്ചയാണ് പ്രകടമാക്കിയത്. ഒരു നിക്ഷേപകൻ നാല് വർഷം മുമ്പ് 10,000 രൂപ ഈ ഓഹരിയിൽ നിക്ഷേപിച്ചുവെന്ന് കരുതുക അതിൽ തുടരുകയാണെങ്കിൽ നിക്ഷേപം 14 ലക്ഷമായി ഉയരുമായിരുന്നു.
കൺസ്ട്രക്ഷൻ & എൻജിനീയറിങ് മേഖലയിലാണ് ഈ സ്‌മോൾക്യാപ് കമ്പനി പ്രധാനമായും പ്രവർത്തിക്കുന്നത്. ഉയർന്ന നിലവാരത്തിലുള്ള ഡെക്കറേറ്റീവ് ലാമിനേറ്റ്സ്, അനുബന്ധ ഘടകങ്ങൾ തുടങ്ങിയവ നിർമിക്കുകയാണ് ഇവരുടെ പ്രധാന ജോലി. വളരെയധികം വൈവിധ്യമാർന്ന ഉത്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനി മൂന്ന് പതിറ്റാണ്ടിലേറെയായി വിപണിയിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
കമ്പനിയുടെ വിപണി മൂല്യം ഏകദേശം 2605 കോടി രൂപയാണ്. കഴിഞ്ഞ സെപ്റ്റംബറിൽ ഓഹരിവില 1970 രൂപ വരെ ഉയർന്നിരുന്നു. എന്നാൽ പിന്നീട് ആ മുന്നേറ്റം തുടരാനായില്ല. നിലവിൽ കറക്ഷൻ ആണെങ്കിലും ഈ ഓഹരി തിരിച്ചുവരാനുള്ള സാധ്യതയാണ് കൽപിക്കപ്പെടുന്നത്. നിലവിൽ 1,534.55 രൂപ വിലയിലാണ് ഈ ഓഹരി വ്യാപാരം നടത്തുന്നത്.
ലഭ്യമായ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം പ്രമോട്ടർ 54.61 ശതമാനം ഓഹരികൾ ഹോൾഡ് ചെയ്യുന്നു. പബ്ലിക്കിന്റെ കൈവശം 29.56 ശതമാനം ഓഹരികളാണുള്ളത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 3.8 ശതമാനവും മ്യൂച്വൽ ഫണ്ടുകൾ 4.13 ശതമാനവും, മറ്റുള്ളവർ 7.9 ശതമാനവും ഓഹരി പങ്കാളിത്തമാണ് ഇതിലുള്ളത്.
(മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിർദ്ദേശമല്ല. ലഭ്യമായ വസ്‌തുതകൾ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾ മാത്രമാണ്. ഓഹരി നിക്ഷേപങ്ങൾ വിപണികളിലെ ലാഭ-നഷ്‌ട സാധ്യതകൾക്ക് വിധേയമാണ് എന്ന വസ്‌തുത എപ്പോഴും ഓർക്കുക. അതിനാൽ തന്നെ ഇത്തരം നിക്ഷേപങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം)












Click it and Unblock the Notifications