സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് ഉയർത്തി; നിക്ഷേപം മക്കളുടെ ഭാവിക്ക് വേണ്ടി, ഗുണങ്ങൾ ഇങ്ങനെ
കേന്ദ്ര സർക്കാരിന്റെ ജനപ്രിയ നിക്ഷേപ പദ്ധതികളിലൊന്നായ സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് 0.2 ശതമാനവും മൂന്ന് വര്‍ഷ ടേം ഡിപ്പോസിറ്റ് പലിശ നിരക്ക് 0.1 ശതമാനവും ഉയര്‍ത്തിയിരിക്കുകയാണ് ഇപ്പോൾ. 2024 ജനുവരി-മാര്‍ച്ച് പാദത്തിലേക്കുള്ള പലിശ നിരക്കാണ് പരിഷ്‌കരിച്ചത്.
എന്താണ് സുകന്യ സമൃദ്ധി യോജന ?
പെണ്‍കുട്ടികളുടെ ഭാവിക്കായി നിരവധി ക്ഷേമപദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്നുണ്ട്. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന വളരെ കുറച്ച് പദ്ധതികളെ ഉള്ളൂ എന്നതാണ് യാഥാർഥ്യം. അതില്‍ വളരെ സവിശേഷമായ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന.

2015ല്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതി ആരംഭിച്ചത്. 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കേന്ദ്രം ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഇതോടെ സുകന്യ സമൃദ്ധി യോജനയും കൂടുതല്‍ ആകര്‍ഷകമായി. ഇതിന് പിന്നാലെ ഈ വർഷം അവസാനം വീണ്ടും നിരക്ക് വർധന ഉണ്ടായിരിക്കുന്നത്.
പത്ത് വയസിന് താഴെയുള്ള പെണ്‍കുട്ടിയുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് സുകന്യ സമൃദ്ധി യോജന പദ്ധതി ആരംഭിക്കാവുന്നതാണ്. ഒരു പെണ്‍കുട്ടിയുടെ പേരില്‍ ഒരൊറ്റ അക്കൗണ്ട് മാത്രമേ അനുവദിക്കൂ. അതുപോലെ ഒരു രക്ഷിതാവിന് അവരുടെ രണ്ട് പെണ്‍കുട്ടികള്‍ക്ക് മാത്രമേ അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കൂ.
പെണ്‍കുട്ടിക്ക് 18 വയസാകുമ്പോള്‍ മെച്യൂരിറ്റി തുകയുടെ 50 ശതമാനവും ബാക്കിയുള്ള തുക പെണ്‍കുട്ടിക്ക് 21 വയസാകുമ്പോളും പിന്‍വലിക്കാവുന്നതാണ്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപിക്കാവുന്നതാണ്. 18 വയസ് പൂര്‍ത്തിയായാല്‍ പെണ്‍കുട്ടിക്ക് അക്കൗണ്ടിന്റെ ഉടമസ്ഥാവകാശം നേടാവുന്നതുമാണ്.
അതേസമയം, മറ്റ് ചെറുകിട സമ്പാദ്യ പദ്ധതികളുടെ നിരക്കുകളിൽ മാറ്റമില്ലെന്നും കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. ഇതോടെ സുകന്യ സമൃദ്ധി പദ്ധതിക്ക് കീഴിലുള്ള നിക്ഷേപത്തിന്റെ പലിശ നിരക്ക് 8 ശതമാനത്തിൽ നിന്ന് 8.2 ശതമാനമായി ഉയരുമെന്നതാണ് പ്രത്യേകത.
കൂടാതെ മൂന്ന് വര്‍ഷ ടേം ഡിപ്പോസിറ്റിന്റെ പലിശ, നിലവിലെ 7 ശതമാനത്തിൽ നിന്ന് 7.1 ശതമാനമായി ഉയർത്തുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെയും, സേവിംഗ്സ് നിക്ഷേപങ്ങളുടെയും പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല.
അതോടൊപ്പം കിസാൻ വികാസ് പത്രയുടെ പലിശ നിരക്ക് 7.5 ശതമാനമായി തുടരും. ഈ നിക്ഷേപങ്ങൾ 115 മാസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്നവയാണ്. 2024 ജനുവരി 1 മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റിന്റെ (എൻഎസ്‌സി) പലിശ നിരക്കും 7.7 ശതമാനത്തിൽ മാറ്റമില്ലാതെ തുടരുമെന്നാണ് കേന്ദ്രം അറിയിച്ചത്.












Click it and Unblock the Notifications