പരസ്യമില്ല, വിലക്കിഴിവും നൽകാറില്ല; എന്നിട്ടും രത്തൻ ടാറ്റയുടെ ഈ കമ്പനിക്ക് 7000 കോടി വരുമാനം, ഇതെങ്ങനെ?
ഇന്ത്യയിൽ സമ്പന്നത കൊണ്ട് മാത്രം അടയാളപ്പെടുത്തുന്ന പേരല്ല ടാറ്റ ഗ്രൂപ്പിന്റേത്. രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയിൽ തന്നെ ഉണ്ടെങ്കിലും ടാറ്റ ഗ്രൂപ്പിന്റെ അധിപനായ രത്തൻ ടാറ്റ മറ്റുള്ളവരിൽ നിന്ന് ഏറെ വ്യത്യസ്‌തനാണ്. അത് പലപ്പോഴും അദ്ദേഹത്തിന്റെ ബിസിനസ് ആശയങ്ങളിൽ പോലും പ്രകടമാവുകയും ചെയ്‌തിട്ടുണ്ട്. ടാറ്റയുടെ നാനോ കാർ പോലെയുള്ള സംരംഭങ്ങൾ തന്നെ അതിന് ഉദാഹരണം.
എന്നാൽ അതൊക്കെയും കഴിഞ്ഞകാല കഥകളാണ് എന്ന് കരുതിയവർക്ക് തെറ്റി. ബിസിനസിൽ വ്യത്യസ്‌തത പരീക്ഷിക്കുന്ന ടാറ്റ ഗ്രൂപ്പിന്റെ ശീലം എവിടെയും കൈമോശം വന്നിട്ടില്ല. അത് അടയാളപ്പെടുത്തി കൊണ്ടാണ് അവരുടെ പ്രമുഖ ക്ലോത്തിംഗ് ബ്രാൻഡായ സുഡിയോ ആരെയും ഞെട്ടിക്കുന്ന നേട്ടവുമായി വിപണിയിൽ തലയുയർത്തി നിൽക്കുന്നത്.

കുറഞ്ഞ കാലയളവിൽ തന്നെ ഇന്ത്യക്കാരുടെ ഇഷ്‌ട ബ്രാൻഡുകളുടെ പട്ടികയിൽ ഇടം നേടിയ ഒന്നാണ് സുഡിയോ. ഇന്ത്യയ്ക്ക് പുറത്തേക്കും അവർ തങ്ങളുടെ ബിസിനസ് ആശയങ്ങൾ വ്യാപിപ്പിച്ചു തുടങ്ങി എന്നതും ശ്രദ്ധേയമായ ഒരു കാര്യമാണ്. ഈ വിപ്ലവത്തിന് ഇടയിലാണ് കമ്പനിയുടെ വരുമാന കണക്കുകൾ ഉൾപ്പെടെയുള്ളവ പുറത്തുവന്നിരിക്കുന്നത്.
ഒരു ടാറ്റ സുഡിയോ മാതൃക
പരസ്യങ്ങൾക്കായി അധിക പണം ചിലവഴിക്കുകയോ എന്തെങ്കിലും തരത്തിലുള്ള കിഴിവുകൾ വാഗ്‌ദാനം ചെയ്യുകയോ ചെയ്‌തിട്ടില്ലെങ്കിലും, ഏകദേശം 7000 കോടി രൂപയുടെ വരുമാനവുമായി സുഡിയോ ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചത്. പരമ്പരാഗത മാർക്കറ്റിംഗ് തന്ത്രങ്ങൾക്ക് പകരമായി ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി അവർ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിലും താങ്ങാനാവുന്ന വിലയിലും ശ്രദ്ധ കേന്ദ്രീകരിച്ചു എന്നതാണ് പ്രത്യേകത.
മധ്യ വർഗത്തെ ലക്ഷ്യമിട്ടാണ് ടാറ്റ ഗ്രൂപ്പിന്റെ ഈ വമ്പൻ പ്രവർത്തിക്കുന്നത്. എന്നാൽ ഈ ചിലവ് ചുരുക്കൽ നടപടികൾ ഒരിക്കലും സുഡിയോയെ മോശമായി ബാധിക്കുകയല്ല ചെയ്‌തത് മറിച്ച് നല്ല നേട്ടമുണ്ടാക്കുകയാണ് ചെയ്‌തത്. എങ്ങനെയെന്നാൽ കൃത്യമായ വില നിർണയം നടത്തുകയും അത് കുറയ്ക്കാൻ തയ്യാറാവുകയും ചെയ്‌തതോടെ അതിന്റെ ലാഭം നല്ല രീതിയിൽ വർധിപ്പിക്കാൻ കമ്പനിക്ക് കഴിഞ്ഞു.
ഗുണനിലവാരത്തിൽ വിട്ടുവീഴ്‌ച ചെയ്യാതെ തന്നെ താങ്ങാനാവുന്ന വിലയിൽ ഉത്പന്നങ്ങൾ അവതരിപ്പിക്കാൻ ബ്രാൻഡിന് കഴിഞ്ഞു എന്നതാണ് വളരെ പ്രധാനപ്പെട്ട ഒരു കാര്യം. ഇത്തരത്തിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ വലിയൊരു ശ്രേണി തന്നെ അവർ ഒരുക്കിയിട്ടുണ്ട്. വിവിധ നഗരങ്ങളിൽ ഇന്ന് സുഡിയോ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട് എന്നതാണ് യാഥാർഥ്യം.
പരസ്യങ്ങളുടെയോ മറ്റെന്തെങ്കിലും തരത്തിലുള്ള മാർക്കറ്റിങ് രീതികളെയോ ആശ്രയിക്കാതെ എങ്ങനെ ഒരു കമ്പനിയെ മുന്നോട്ട് നയിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് സുഡിയോ. നിലവിലെ 7000 കോടിയുടെ വരുമാനം എന്നത് വരും വർഷങ്ങളിൽ കൂടുതൽ വർധിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സുഡിയോ ഇപ്പോഴുള്ളത്.












Click it and Unblock the Notifications