വെറും പ്യൂണിൽ നിന്ന് 1,39,000 കോടി ആസ്‌തിയുള്ള ബിസിനസ് ഉടമയിലേക്ക്; അതാണ് ഫെവികോൾ മാൻ ഓഫ് ഇന്ത്യ
ഇന്ത്യയുടെ വാണിജ്യ ലോകത്തിന് ഉയർത്തി കാണിക്കാൻ വലിയ ഉദാഹരണങ്ങൾ ഏറെയുണ്ട്. കഷ്‌ടപ്പാടിൽ നിന്ന് ഉയർന്നു വന്ന ലോകം വെട്ടിപ്പിടിച്ച അനേകരുടെ കഥകൾ കാലങ്ങളായി നാം കേട്ടു കൊണ്ടിരിക്കുന്നു. എന്നാൽ അത്ര പരിചിതമല്ലാത്ത പേരാണ് ബൽവന്ത് പരേഖിന്റെത്. എന്നാൽ അദ്ദേഹത്തിന്റെ കമ്പനിയുടെ ഒരു ഉത്പന്നത്തിന്റെ പേര് കേട്ടാൽ ഒരുപക്ഷേ നിങ്ങൾക്ക് അദ്ദേഹത്തെ തിരിച്ചറിയാൻ കഴിയും.
ഫെവികോൾ എന്നാണ് ആ ഉത്പന്നത്തിന്റെ പേര്. കോടിക്കണക്കിന് ഇന്ത്യക്കാരുടെ മനസിൽ പശ എന്നതിന്റെ പര്യമായി തന്നെ മാറിയ പേരാണ് ഫെവികോൾ. ഇതിന്റെ പിന്നിലെ കമ്പനിയാണ് പിഡിലൈറ്റ് ഇൻഡസ്ട്രീസ്, ആ മഹാസാമ്രാജ്യത്തിന്റെ സ്ഥാപകൻ ബൽവന്ത് പരേഖ് ആണ്. ഗുജറാത്തിലെ മഹുവയിൽ രണ്ട് സ്‌കൂളുകളും, ഒരു കോളേജും, ഒരു ആശുപത്രിയും കൂടി സ്ഥാപിച്ചയാളാണ് ബൽവന്ത് പരേഖ്.

ഇത്രയധികം സമ്പന്നതയുടെ കൊടുമുടി കയറിയ ബൽവന്ത് പരേഖ് എന്ന മനുഷ്യൻ ഒരു പ്യൂൺ ആയിരുന്നു എന്ന് പറഞ്ഞാൽ നിങ്ങളിൽ എത്ര പേർ വിശ്വസിക്കും. എന്നാൽ അതായിരുന്നു സത്യം. അദ്ദേഹത്തെ ഒരു നിയമ ബിരുദധാരിയായും, ഒരു പുസ്‌തക പ്രേമിയായും, സ്വാതന്ത്ര്യ സമര സേനാനിയായും ഒക്കെയാണ് പലരും കാണുന്നത്. എന്നാൽ ഇന്നത്തെ ഫെവികോൾ മാൻ ഓഫ് ഇന്ത്യ എന്ന വിളിപ്പേരിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര അത്യധികം കഠിനമായിരിക്കും.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും മികച്ച സംരംഭകരുടെ പട്ടികയിൽ മുൻപന്തിയിലാണ് ബൽവന്തിന്റെ സ്ഥാനം. ഗുജറാത്തിലെ മഹുവയിലാണ് ബൽവന്തിന്റെ ജനനം. നിയമ പഠനത്തിനു മുമ്പ് പരേഖ് സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ പങ്കെടുത്തിരുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തെങ്കിലും വീട്ടുകാരുടെ സമ്മർദ്ദത്തിന് വഴങ്ങി നിയമപഠനത്തിന്റെ വഴിയേ തന്നെ മടങ്ങുകയായിരുന്നു.
ഭാര്യയോടൊപ്പം ഫാക്‌ടറിയുടെ ബേസ്മെന്റിൽ താമസിക്കുകയും, പ്യൂണായി ജോലി ചെയ്യുകയും ചെയ്‌തിട്ടുണ്ട് അദ്ദേഹം. ഇതിനിടയിൽ ജർമനിയിലേക്ക് നടത്തിയ യാത്രയാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. ഈ യാത്ര അദ്ദേഹത്തിന്റെ ബിസിനസ് ജീവിതത്തിന് പുതിയ മാനങ്ങൾ നൽകി. ജർമനിയിൽ നിന്ന് തിരച്ചെത്തിയ ബൽവന്ത്, സഹോദരനൊപ്പം മുംബൈയിൽ ഡൈചെം ഇൻഡസ്ട്രീസ് സ്ഥാപിച്ചു.
മരപ്പണിക്കാർക്കായി പ്രത്യേകം രൂപകൽപന ചെയ്‌ത പശ എന്ന നിലയിലാണ് ഫെവികോൾ ജനപ്രിയമായത്. എന്നാൽ പിന്നീട് ഹൃദയത്തിലേക്ക് അത് കടന്നുകയറി. അങ്ങനെ പിഡിലൈറ്റ് ഇൻഡസ്ട്രീസ് ഒരു ചെറിയ കടയായി ആരംഭിച്ചു. നിലവിൽ കമ്പനിയുടെ വിപണി മൂല്യം ഏകദേശം 1,39,000 കോടി രൂപയാണ്. പല സംരംഭകർക്കും ഒരു പ്രചോദനമാണ് ബൽവന്ത് പരേഖ്.












Click it and Unblock the Notifications