വിപണിയിലെ കറുത്ത കുതിര; 1 ലക്ഷം രൂപ നിക്ഷേപിച്ചവർക്ക് കിട്ടിയത് 3.81 കോടി, ഇതാണ് യഥാർത്ഥ മൾട്ടിബാഗർ
ഓഹരിവിപണി പലപ്പോഴും ഒരു ചൂതാട്ടം പോലെയാണ്. ചിലത് നമ്മുടെ ആഗ്രഹത്തിനും, അധ്വാനത്തിനും ഒക്കെ അനുസരിച്ചുള്ള ഫലങ്ങൾ നൽകും. ചില്ലപ്പോഴൊക്കെ കാര്യങ്ങൾ മറിച്ചായിരിക്കും. എന്നാൽ വിപണിയുടെ സ്‌പന്ദനം മനസിലാക്കി നിക്ഷേപം നടത്തുന്നവർക്ക് ഒരിക്കലും ഇത്തരത്തിൽ നഷ്‌ടത്തിന്റെ പടുകുഴിയിലേക്ക് കൂപ്പുകുത്തേണ്ടി വരാറില്ല. അവിടെയും ഭാഗ്യത്തിന്റെ സ്വാധീനം പ്രകടമാണ്.
എങ്കിലും എത്രയൊക്കെ പ്രമുഖ കമ്പനികളുടെ ഓഹരികൾ വിപണിയിൽ ഉണ്ടെന്ന് പറഞ്ഞാലും പല ഘട്ടങ്ങളിൽ നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ചില സ്‌റ്റോക്കുകൾ അവയുടെ വളർച്ച കൊണ്ട് നമ്മളെ ഞെട്ടിക്കുമെന്ന് തീർച്ചയാണ്. അത്തരത്തിൽ സ്വന്തം മൂല്യത്തേക്കാൾ എത്രയോ ഇരട്ടി വളർച്ച നേരിടുന്ന ഓഹരികളെയാണ് നാം മൾട്ടിബാഗറുകൾ എന്ന് വിളിക്കുന്നത്.

ഈ മൾട്ടിബാഗറുകൾ എക്കാലത്തും വിപണിയിൽ അത്ഭുതം സൃഷ്‌ടിക്കാൻ കെൽപുള്ള ഓഹരികൾ തന്നെയാണ്. അതിനെ സാധൂകരിക്കുന്ന വീരകഥയാണ് ഹസൂർ മൾട്ടി പ്രൊജക്‌ട് ലിമിറ്റഡ് എന്ന ഓഹരിക്കും പറയാനുള്ളത്. കേവലം അഞ്ച് വർഷങ്ങൾ കൊണ്ട് ഈ ഓഹരി നിക്ഷേപകർക്ക് ഉണ്ടാക്കി കൊടുത്ത വളർച്ച നമുക്ക് സ്വപ്‌നം കാണാൻ പറ്റുന്നതിനും അപ്പുറമാണ്.
1 രൂപ മാത്രം വിലയുണ്ടായിരുന്ന ഈ പെന്നി ഓഹരി അഞ്ച് വർഷത്തിനകം 381.60 രൂപയിലേക്കാണ് കുതിച്ചു കയറിയതെന്നതാണ് ഏറ്റവും വലിയ കാര്യം. 38000 ശതമാനം മൾട്ടിബാഗർ നേട്ടമാണിത് എന്നാണ് വിലയിരുത്തപ്പെടുന്നത്. അതായത് 5 വർഷങ്ങൾക്ക് മുമ്പ് നിക്ഷേപിച്ച ഒരാൾ 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ ഇന്ന് അത് 3.81 കോടി രൂപയായി മാറും എന്നതാണ് ഇത് കൊണ്ട് അർത്ഥമാക്കുന്നത്.
ബിഎസ്ഇയിൽ ലിസ്‌റ്റ് ചെയ്‌ത ഒരു സ്‌മാൾക്യാപ് ഓഹരിയാണിത്. റിയൽ എസ്‌റ്റേറ്റ്, ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് മേഖലകളിൽ ബിസിനസ് നടത്തുന്ന കമ്പനിയാണ് ഹസൂർ ലിമിറ്റഡ്. 2019 മാർച്ച് 29ന് ഈ കമ്പനിയുടെ ഓഹരിയുടെ വില 1 രൂപയായിരുന്നു. 5 വർഷങ്ങൾക്കിപ്പുറം 2024 ഫെബ്രുവരി 16ന് ഇത് 381.60 രൂപയായി ഉയർന്നിരിക്കുന്നു.
ഈ ഓഹരി കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഓഹരിവില അപ്പർ സർക്യൂട്ട് നിലവാരത്തിൽ എത്തിയിരുന്നു. കഴിഞ്ഞ 6 മാസത്തിൽ 190 ശതമാനം നേട്ടവും കഴിഞ്ഞ 1 വർഷത്തിൽ 271.39 ശതമാനത്തോളം മൾട്ടിബാഗർ ലാഭവും ഈ ഓഹരി നിക്ഷേപകർക്ക് ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. കഴിഞ്ഞ 1 വർഷത്തിൽ 99.60 രൂപയിൽ നിന്നാണ് ഇപ്പോഴത്തെ നിലയിലേക്ക് ഓഹരിവില വർധിച്ചത്.
കമ്പനിയുടെ മാർക്കറ്റ് ക്യാപ് 578 കോടി രൂപയാണ്. 2023 സെപ്റ്റംബർ പാദവുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ ഡിസംബർ പാദത്തിൽ കമ്പനിയുടെ വരുമാനം, അറ്റാദായം എന്നിവയിൽ കുറവുണ്ട്. എങ്കിലും ഈ ഓഹരിയുടെ വളർച്ച അഭൂതപൂർവമാണ്.












Click it and Unblock the Notifications