ഒറ്റ ദിവസം കിട്ടുന്നത് 127 കോടി, 50 കോടിയുടെ വീട്, ഈ സംരംഭക ആസ്തിയില്‍ ആരെയും ഞെട്ടിക്കും
മുംബൈ: ബിസിനസ് ലോകത്ത് കരുത്തറിയിച്ച നിരവധി സ്ത്രീകള്‍ നമ്മുടെ രാജ്യത്തുണ്ട്. നിത അംബാനിയെ പോലുള്ളവര്‍ അതിന് ഉദാഹരണങ്ങളാണ്. എന്നാല്‍ ഒറ്റദിവസം കൊണ്ട് കോടികള്‍ സ്വന്തമാക്കാന്‍ പോകുന്ന ഒരു സംരംഭകയെ നിങ്ങള്‍ ഉറപ്പായും കണ്ടിട്ടുണ്ടാവില്ല. പറഞ്ഞുവരുന്നത് അത്തരമൊരു സംരംഭകയെ കുറിച്ചാണ്. എംക്യുവര്‍ ഫാര്‍മസ്യൂട്ടിക്കലിന്റെ ഉടമയായ നമിത ഥാപ്പറിനെ കുറിച്ചാണ്.
നമിത ആളൊരു പുലിയാണെന്ന് പറഞ്ഞാല്‍ സമ്മതിച്ച് കൊടുക്കേണ്ടി വരും. ഷാര്‍ക്ക് ടാങ്ക് ഇന്ത്യയിലെ നിക്ഷേപക കൂടിയാണ് നമിത. ഒരൊറ്റ ദിവസം കൊണ്ട് നമിത സമ്പാദിക്കാന്‍ പോകുന്നത് 127 കോടി രൂപയാണ്. തീര്‍ച്ചയായും ആരെയും ഞെട്ടിക്കുന്ന കണക്കാണിത്. എങ്ങനെയാണ് ഈ നേട്ടം വരുന്നതെന്ന് പറഞ്ഞ് തരാം.

നമിതയുടെ കമ്പനിയുടെ വരാനിരിക്കുന്ന ഐപിഒയാണ് ഇതിനാണ് കാരണം. പൊതുനിക്ഷേപകരില്‍ നിന്ന് ഇക്വിറ്റി മൂലധനം സ്വരൂപിക്കുന്നതിനായി സ്വകാര്യ കമ്പനികള്‍ അവരുടെ ഓഹരികള്‍ പൊതുജനങ്ങള്‍ക്ക് വില്‍ക്കുന്ന പ്രക്രിയയാണ് ഐപിഒ. ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് എന്നാണ് ഇത് അറിയപ്പെടുന്നത്.
ഇതിലൂടെ ഒരു സ്വകാര്യ കമ്പനി പൊതു കമ്പനിയായി മാറും. എന്തായാലും ഈ ഓഹരിവില്‍ക്കല്‍ പ്രക്രിയ ഇന്ന് ആരംഭിച്ച് കഴിഞ്ഞു. ഇതിലൂടെ നമിത തന്റെ 2.68 ലക്ഷം ഓഹരികളാണ് വിറ്റഴിക്കുന്നത്. ഓഫര്‍ ഫോര്‍ സെയില്‍ വഴിയാണ് ഇവയുടെ വില്‍പ്പന. ഇതിലൂടെ 127 കോടി നമിതയുടെ കൈവശം എത്തും. ഇത്തരത്തില്‍ ഇന്ത്യയിലെ ഒരു സംരംഭകയും നേട്ടം സ്വന്തമാക്കിയിട്ടുണ്ടാവില്ല.
ഐപിഒയിലൂടെ നമിതയുടെ ഓഹരികള്‍ 298 മടങ്ങായി തിരികെ ലഭിക്കും. എംക്യുവര്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയായ നമിതയ്ക്ക് ഒരു ഓഹരിക്ക് ശരാശരി 3.44 രൂപ എന്ന നിരക്കിലാണ് ലഭിക്കുക. ഈ ഐപിഒയില്‍ ഒരു ഓഹരിക്കുള്ള ഏറ്റവും ഉയര്‍ന്ന വില 1008 രൂപയാണ്. ഇതെല്ലാം പരിഗണിക്കുമ്പോഴാണ് നമിത ഥാപ്പറിന് 127 കോടിയില്‍ കൂടുതല്‍ തുക ലഭിക്കുക.
അതേസമയം നമിത നേരത്തെ തന്നെ വലിയ സമ്പന്നയാണ്. ഷാര്‍ക്ക് ടാങ്കിലൂടെ അവര്‍ എല്ലാവര്‍ക്കും ചിരപരിചിതയാണ്. അതുപോലെ ഫാഷന്‍ ലോകത്തും അവര്‍ തിളങ്ങാറുണ്ട്. അതേസമയം 600 കോടിയില്‍ അധികമാണ് നമിതയുടെ ആസ്തി. എംക്യുവര്‍ ഫാര്‍മസ്യൂട്ടിക്കല്‍സില്‍ നിന്നാണ് അവര്‍ക്ക് വരുമാനം കൂടുതലായി ലഭിക്കുന്നത്.
നേരത്തെ നമിതയെ കമ്പനിയുടെ ഡയറക്ടറായി അഞ്ച് വര്‍ഷത്തേക്ക് കൂടി നിയമിച്ചിരുന്നു. ജൂലായ് 28 മുതലാണ് ഇത് ആരംഭിക്കുക. എംബിഎയുമായിട്ടാണ് അവര്‍ ബിസിനസ് ലോകത്തേക്ക് എത്തിയത്. പഠനം പൂര്‍ത്തിയാക്കിയ ശേഷം യുഎസ്സിലേക്കായിരുന്നു മടക്കം.
ഗൈഡന്റ് കോര്‍പ്പറേഷനിലാണ് അവര്‍ ജോലി ചെയ്തിരുന്നത്. ഇതൊരു മെഡിക്കല്‍ ഉപകരണ കമ്പനിയാണ്. ഈ കമ്പനിയില്‍ ബിസിനസ് ഫിനാന്‍സ് ഹെഡ്ഡായിരുന്നു അവര്‍. അതിന് ശേഷമാണ് എംക്യുവര്‍ ഫാര്‍മസ്യൂട്ടിക്കല്‍സില്‍ സിഎഫ്ഒയായി ചേര്‍ന്നത്.
വൈകാതെ തന്നെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായി. ഈ കമ്പനി നമിതയുടെ പിതാവ് സതീഷ് മേത്തയാണ് ആരംഭിച്ചത്. നിലവില്‍ കമ്പനിയുടെ സിഇഒയാണ് അദ്ദേഹം. ഷാര്‍ക്ക് ടാങ്ക് ഇന്ത്യയില്‍ ഒരു എപ്പിസോഡിന് എട്ട് ലക്ഷമാണ് നമിത പ്രതിഫലമായി വാങ്ങുന്നത്. പൂനെയില്‍ 50 കോടിയുടെ വീട് നമിതയ്ക്കുണ്ട്. രണ്ട് കോടിയുടെ ബിഎംഡബ്യു എക്‌സ് 7, മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍ഇ, ഓഡി ക്യു 7 എന്നിവ നമിതയുടെ കാര്‍ ശേഖരത്തിലുണ്ട്.












Click it and Unblock the Notifications