ഒരു വര്‍ഷത്തില്‍ ദാനം ചെയ്തത് 170 കോടി, നിതയോ പ്രീതി അദാനിയോ അല്ല; ഞെട്ടിച്ച് ഈ എഴുത്തുകാരി
മുംബൈ: കോടികള്‍ നമ്മള്‍ ആര്‍ക്കെങ്കിലും വെറുതെ നല്‍കുമോ? അതും സംഭാവനയായിട്ടെല്ലാം. ഒന്നുകില്‍ നമ്മള്‍ വലിയ കോടീശ്വരന്‍മാരായിരിക്കണം, അല്ലെങ്കില്‍ ബിസിനസുകാരായിരിക്കണം. ഇതൊന്നുമല്ലാതെ വെറുമൊരു എഴുത്തുകാരി രാജ്യത്തെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള സംഭാവനയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നുണ്ടെങ്കില്‍ അത് വലിയ മനുഷ്യത്വം കൊണ്ടായിരിക്കുമെന്ന് ഉറപ്പാണ്.
പറഞ്ഞുവരുന്നത് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയെ കുറിച്ചോ, ഗൗതം അദാനിയുടെ ഭാര്യ പ്രീതി അദാനിയെ കുറിച്ചോ അല്ല. ഇവരെല്ലാം നല്ല രീതിയില്‍ തന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. പക്ഷേ ഈ പറഞ്ഞുവരുന്ന സ്ത്രീ ഇവരേക്കാള്‍ എല്ലാം മുകളിലാണ്.

ഈ മഹാമനസ്സിന് ഉടമ മറ്റാരുമല്ല രോഹിണി നിലേകനിയാണ്. 2023ലെ എഡെല്‍ഗിവ് ഹുരുണ്‍ ഇന്ത്യയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്ത്രീകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് രോഹിണിയാണ്. 170 കോടിയാണ് അവര്‍ സംഭാവന ചെയ്തിരിക്കുന്നത്. ഇത്രയും തുക ആളുകളുടെ വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമായിട്ടെല്ലാം അവര്‍ക്ക് നല്‍കിയത് ആരെയും അമ്പരപ്പിക്കുന്നതാണ്.
2022ല്‍ നിന്ന് അവരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുക പിന്നെയും വര്‍ധിച്ചു എന്നതാണ് ഏറ്റവും ഞെട്ടിക്കുന്ന കാര്യം. 2022ല്‍ 120 കോടിയായിരുന്നു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി രോഹിണി ചെലവിട്ടത്. 2023ല്‍ അത് 170 കോടിയായി ഉയരുകയായിരുന്നു.
രോഹിണി നിലേകനി ഇന്‍ഫോസിസിന്റെ സഹസ്ഥാപകനായ നന്ദന്‍ നിലേകനിയുടെ ഭാര്യയാണ്. പക്ഷേ ഒരു എഴുത്തുകാരിയെന്ന നിലയിലാണ് രോഹിണി പേരെടുത്തത്. എല്‍ഫിന്‍സ്റ്റണ്‍ കോളേജില്‍ നിന്ന് ഫ്രഞ്ച് ലിറ്ററേച്ചറാണ് അവര്‍ പഠിച്ചത്. മാധ്യമപ്രവര്‍ത്തകയായിട്ടാണ് അവര്‍ കരിയര്‍ ആരംഭിച്ചത്.
ഇന്‍ഫോസിസ് സ്ഥാപിക്കപ്പെട്ട 1981ലാണ് നന്ദന്‍ നിലേകനി രോഹിണിയെ വിവാഹം ചെയ്യുന്നത്. അതിന് ശേഷമാണ് ഇന്‍ഫോസിസ് നന്ദന്‍ നിലേകനി കെട്ടിപ്പടുത്തത്. ഇന്‍ഫോസിസിന്റെ വിജയം കാര്യമാക്കാതെ മറ്റൊരു വശത്തുകൂടിയായിരുന്നു രോഹിണി കരിയറില്‍ വിജയം കൈവരിച്ചത്. അതിലൂടെ വലിയ സമ്പത്തും അവര്‍ സ്വന്തമാക്കിയിരുന്നു.
പ്രഥം ബുക്‌സിന്റെ പ്രവര്‍ത്തനങ്ങളില്‍ രോഹിണിയും പങ്കാളിയാണ്. ഇത് കുട്ടികളുടെ സാഹത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നോണ്‍പ്രോഫിറ്റ് ഫോറമാണ്. ഏക്‌സ്‌റ്റെപ്പ് പോലുള്ള വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമുകളുടെയും, ആര്‍ഗ്യാം ഫൗണ്ടേഷനെ പോലുള്ള വെള്ളം-ശുചിത്വം പോലുള്ള കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയും ഭാഗമായിരുന്നു രോഹിണി.
ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി രോഹിണി നിലേകനി ഫിലാന്ത്രഫീസിനെയാണ് അവര്‍ ഉപയോഗിക്കുന്നത്. സാമൂഹിക വിഷയങ്ങളിലാണ് രോഹിണി കൂടുതലായും ഇടപെടുന്നത്. അതുകൊണ്ട് ആ മേഖലയിലാണ് ഇവര്‍ നല്ലൊരു തുക ചെലവിടുന്നത്. രാജ്യത്തെ പ്രമുഖ ബിസിനസ് കുടുംബങ്ങളിലെ സ്ത്രീകളെയെല്ലാം ജീവകാരുണ്യ സംഭാവനകളില്‍ അവര്‍ പിന്നിലാക്കുകയും ചെയ്തു.












Click it and Unblock the Notifications