ലോകത്തിലെ മികച്ച കമ്പനികളുടെ പട്ടികയിൽ അദാനിയും റിലയൻസും; ഇന്ത്യയിലെ ഒന്നാമൻ മറ്റൊരാൾ, ആരാണത്?
ഇന്ത്യൻ ശത കോടീശ്വരന്മാരായ അംബാനിയും അദാനിയും ഒക്കെ പരസ്‌പരം മത്സരിക്കുകയാണ്. വ്യക്തിഗത സാമ്പത്തിലുപരി കമ്പനികൾ എന്ന നിലയിൽ നോക്കുമ്പോൾ ഇവരുടെ കമ്പനികളും മാനംമുട്ടെ വളരുകയാണ്. അദാനി ഗ്രൂപ്പും റിലയൻസും തമ്മിലുള്ള വൻകിട യുദ്ധത്തിൽ പൊതുവെ നമ്മൾ ചെറു കമ്പനികളെ കുറിച്ച് ഓർക്കാറേയില്ല എന്നതാണ് നിലവിലെ സ്ഥിതി. എന്നാൽ ഈ ചിന്താഗതി മാറ്റുന്ന ഒരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച കമ്പനികളാണോ റിലയൻസും അദാനി ഗ്രൂപ്പുമെല്ലാം എന്ന് ചോദിച്ചാൽ പെട്ടന്നൊരു ഉത്തരം പറയുക പ്രയാസമായിരിക്കും. എന്നാൽ ടൈം മാഗസിൻ ഇത് സംബന്ധിച്ച് ഏറ്റവും പുതിയ റിപ്പോർട്ട് പുറത്തുവിട്ടതോടെയാണ് ഞെട്ടിക്കുന്ന കാര്യം പുറത്തുവന്നിരിക്കുന്നത്. ആഗോള തലത്തിൽ തന്നെ ഏറെ സ്വീകാര്യതയുള്ള ടൈം മാഗസിൻ ലോകത്തിലെ ഏറ്റവും മികച്ച കമ്പനികളുടെ പട്ടികയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

സ്വാഭാവികമായും നമ്മൾ ഇന്ത്യക്കാർ ചോദിക്കുന്ന ചോദ്യം അതിൽ അംബാനിയും അദാനിയും ഒന്നുമില്ലേ എന്നായിരിക്കും. തീർച്ചയായും അവർ പുറത്തുവിട്ട പട്ടികയിൽ മുകേഷ് അംബാനിയുടെ റിലയൻസും ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പും ഒക്കെ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ അവർ ഇന്ത്യയിലെ ഏറ്റവും മുൻപിൽ നിൽക്കുന്ന കമ്പനികൾ അല്ലെന്ന് മാത്രം.
റിലയൻസും അദാനി ഗ്രൂപ്പും പട്ടികയിൽ എവിടെ?
നിലവിൽ രാജ്യത്തെ ഏറ്റവും വലിയ കമ്പനികളാണ് രണ്ടും. അതിൽ തന്നെ ടൈം മാഗസിന്റെ പട്ടികയിൽ മുന്നിലുള്ളത് അംബാനിയുടെ റിലയൻസ് ആണ്. ലോകത്തിലെ ഏറ്റവും മികച്ച കമ്പനികളുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് 646ആം സ്ഥാനത്താണ് നിലവിലുള്ളത്. അവരുടെ പോയിന്റ് ആവട്ടെ 84.87 ആണ്. ആയിരം കമ്പനികളുടെ പട്ടികയാണ് മാഗസിൻ പുറത്തുവിട്ടിരിക്കുന്നത്.
എന്നാൽ അംബാനിയുടെ പ്രധാന എതിരാളിയായ ഗൗതം അദാനിയുടെ സ്വന്തം അദാനി ഗ്രൂപ്പ് റിലയൻസിനും താഴെയാണ്. ഇന്ത്യയിലെ മുൻനിര കമ്പനികളിൽ ഒന്നായാണ് വിലയിരുത്തുന്നതെങ്കിലും ആഗോള തലത്തിൽ അവർ ഇപ്പോൾ 736ആം സ്ഥാനത്താണ് നിലകൊള്ളുന്നത്, പോയിന്റ് 83.72 ആണ്. ഇരു കമ്പനികളും തമ്മിൽ വളരെ നേരിയ പോയിന്റ് വ്യത്യാസം മാത്രമാണ് ഉള്ളത്.
ഇന്ത്യയിൽ നിന്ന് മുൻപിൽ ഏതൊക്കെ കമ്പനികൾ?
എന്നാൽ ഞെട്ടിക്കുന്ന കാര്യം എന്തെന്നാൽ ഇന്ത്യയിൽ നിന്ന് ഇവരൊന്നുമല്ല മുൻപിലുള്ളത്. ടൈം മാഗസിന്റെ ഏറ്റവും മികച്ച കമ്പനികളുടെ പട്ടികയിൽ മുൻപിലുള്ള ഇന്ത്യൻ കമ്പനി എച്ച്സിഎൽ ടെക് ആണ്. പട്ടികയിൽ 112ആം സ്ഥാനത്താണ് അവർക്കുള്ളത്, 91.75 പോയിന്റാണുള്ളത്. രണ്ടാമത് 119ആം സ്ഥാനത്തുള്ള വിപ്രോയാണ്. 134ആം സ്ഥാനത്തുള്ള വിപ്രോയും 187ആം സ്ഥാനത്തുള്ള മഹീന്ദ്രയും മാത്രമാണ് ആദ്യ ഇരുന്നൂറിൽ ഇടം നേടിയത്.
എന്താണ് ഈ പട്ടികയുടെ മാനദണ്ഡം?
പ്രത്യക്ഷവും പരോക്ഷവുമായ ശുപാർശകൾ, തൊഴിൽ സാഹചര്യങ്ങൾ, ശമ്പളം, തുല്യത, മൊത്തത്തിലുള്ള കമ്പനി പ്രതിച്ഛായ എന്നിവയെ അടിസ്ഥാനമാക്കി 170,000ത്തോളം പേർ പങ്കെടുത്ത കമ്പനികളുടെ വിലയിരുത്തൽ 50ലധികം രാജ്യങ്ങളിൽ സർവേ നടത്തിയാണ് പൂർത്തിയാക്കിയത്.
2023-ൽ 100 മില്യൺ യുഎസ് ഡോളറിലധികം വരുമാനമുള്ളതും 2021 മുതൽ 2023 വരെയുള്ള കാലയളവിൽ വളർച്ച പ്രകടമാക്കുന്നതുമായ കമ്പനികളെ മാത്രമാണ് വിലയിരുത്തിയത്. അതുകൊണ്ട് തന്നെ ഏറെ പ്രാധാന്യം കൽപിക്കുന്ന പട്ടികയാണ് ഇത്.












Click it and Unblock the Notifications