മികച്ച ക്രെഡിറ്റ് സ്‌കോർ സ്വന്തമാക്കണോ..? എങ്കിൽ ഈ ആറ് തെറ്റുകൾ പൂർണമായും ഒഴിവാക്കുക, ഫലം ഉറപ്പ്...
പലപ്പോഴും നമ്മുടെ സാമ്പത്തിക ആവശ്യങ്ങളൊക്കെ നിറവേറ്റാൻ ഒരുപക്ഷെ വായ്‌പ പോലെയുള്ള മാർഗങ്ങൾ തേടേണ്ടുന്ന സാഹചര്യം ജീവിതത്തിൽ ഉണ്ടാവാറുണ്ട്. ഇത്തരം അടിയന്തര ഘട്ടങ്ങളിൽ ക്രെഡിറ്റ് കാർഡ്, പേഴ്‌സണൽ ലോണുകൾ എന്നിവ പോലെയുള്ള സൗകര്യങ്ങൾ തീർച്ചയായും നമുക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.
എന്നാൽ അവയിലേക്കുള്ള ദൂരം അത്ര എളുപ്പമല്ലെന്ന കാര്യം മറക്കരുത്. കാരണം ഒരു ബാങ്ക് നിങ്ങൾക്ക് ഇത്തരം ഈടില്ലാ വായ്‌പകൾ വെറുതെ നൽകില്ലെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇത്തരം ഘട്ടങ്ങളിൽ ബാങ്കുകൾ ആദ്യം പരിഗണിക്കുക നിങ്ങളെ സാമ്പത്തിക ഭദ്രത, വരുമാനം, ക്രെഡിറ്റ് സ്‌കോർ എന്നിവയാണ്. ഇതിൽ ക്രെഡിറ്റ് സ്കോറിന് വായ്‌പയുടെ കാര്യത്തിൽ പ്രധാന റോളുണ്ട് എന്ന കാര്യം ഒരിക്കലും മറക്കരുത്.

എന്താണ് ക്രെഡിറ്റ് സ്‌കോർ ?
ക്രെഡിറ്റ് സ്കോർ എന്നാൽ നിങ്ങളുടെ കടമെടുപ്പിനുള്ള യോഗ്യതയാണ്. നിങ്ങളുടെ മുൻകാല ബാധ്യതകളുടെ ചരിത്രവും സാമ്പത്തിക വിവരങ്ങളുടെ കണക്കുകൂട്ടലിന്റെയും അടിസ്ഥാനത്തിലാണ്, ഈ സ്കോർ കണക്കാക്കുന്നത്. നിങ്ങളുടെ സ്കോർ ഉയർന്നതാണെങ്കിൽ ക്രെഡിറ്റ് യോഗ്യതയും മെച്ചപ്പെട്ടത് എന്നാണ് അർത്ഥം, അതുപോലെ തന്നെയാണ് തിരിച്ചും. നിങ്ങൾക്ക് കുറഞ്ഞ ക്രെഡിറ്റ് സ്‌കോർ ആണുള്ളതെങ്കിൽ വായ്‌പകൾ ലഭിക്കുക കഠിനമേറിയ കാര്യമായിരിക്കും. ഇത് മെച്ചപ്പെടുത്താനായി വഴികൾ പരീക്ഷിക്കാവുന്നതാണ്.
തിരിച്ചടവുകൾ മുടക്കാതിരിക്കുക
വൈകിയുള്ള വായ്‌പാ പേയ്മെന്റുകൾ, തിരിച്ചടവുകളിൽ വരുന്ന വീഴ്ച്ച എന്നിവയെല്ലാം ക്രെഡിറ്റ് സ്കോറിനെ കാര്യമായി ബാധിക്കുന്ന വിഷയങ്ങളാണ്. ക്രെഡിറ്റ് കാർഡ് ബിൽ, മറ്റ് വിവിധ തരം വായ്‌പകൾ തുടങ്ങിയവയെല്ലാം യഥാസമയം തിരിച്ചടവ് നടത്താൻ ശ്രമിക്കേണ്ടതാണ്, ഇത്തരത്തിൽ ചെയ്‌താൽ മാത്രമേ നിങ്ങൾക്ക് മെച്ചപ്പെട്ട ക്രെഡിറ്റ് സ്‌കോർ ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയുള്ളൂ.
ജോയിന്റ് ലോണുകൾ കരുതലോടെ എടുക്കുക
വായ്‌പയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മറ്റൊരാളുടെ ഒപ്പം ചേരുന്നത് കരുതലോടെയായിരിക്കണം. ഇത് മറ്റൊരു വ്യക്തിക്ക് സഹായകമാകാമെങ്കിലും, നിങ്ങളെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടേക്കാം. വായ്‌പയെടുക്കുന്ന വ്യക്തിക്ക് തുല്യമായ ബാധ്യത കൂടെ ചേർന്ന നിങ്ങൾക്കുമുണ്ടായിരിക്കും. മാത്രമല്ല ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്ന് മറക്കരുത്.
ക്രെഡിറ്റ് കാർഡ് ഉപയോഗം
ക്രെഡിറ്റ് കാർഡുകൾ അത്യാവശ്യ പർച്ചേസുകൾ, ഷോപ്പിങ് എന്നിവ ഉൾപ്പെടെ ഉള്ള ഓൺലൈൻ ഇടപാടുകൾക്ക് മാത്രമായി പരിമിതപ്പെടുത്തുക. അമിതമായ ഉപയോഗം ക്രെഡിറ്റ് സ്കോറിനെ സാരമായി ബാധിക്കും. നിങ്ങളുടെ ക്രെഡിറ്റ് ലിമിറ്റിൽ നിന്ന് ഉപയോഗത്തിന് കൃത്യമായ അകലം നിശ്ചയിക്കണം.
ലോൺ ക്ലോസ് ചെയ്യൽ
പഴയ ലോൺ അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്നത്, പുറമെ നിന്ന് നോക്കുമ്പോൾ നല്ല കാര്യമാണെങ്കിലും ഇത് ക്രെഡിറ്റ് സ്കോറിന് ദോഷകരമാണ്. ക്രെഡിറ്റ് സ്കോർ കണക്കു കൂട്ടുന്നതിൽ ക്രെഡിറ്റ് ചരിത്രത്തിന്റെ കാലദൈർഘ്യം പ്രധാനമാണ് എന്നതാണ് ഇതിന്റെ പ്രധാന കാരണം. ഈ സാഹചര്യത്തിൽ പെട്ടെന്നുള്ള ക്ലോസിങ് ഈ കാലദൈർഘ്യത്തെ ബാധിക്കും, ഇത് വഴി ക്രെഡിറ്റ് സ്‌കോറിനെയും.
ക്രെഡിറ്റ് റിപ്പോർട്ട് വിലയിരുത്തൽ
പലർക്കും ക്രെഡിറ്റ് റിപ്പോർട്ടുകളുടെ അവലോകനത്തിന് പ്രാധാന്യം ഇപ്പോഴും മനസിലായിട്ടില്ല എന്നതാണ് സത്യം. നിങ്ങളുടെ ക്രെഡിറ്റ് സ്കോറിലും ഭാവിയിൽ എടുക്കേണ്ട വായ്‌പകളിൽ നിങ്ങൾക്ക് ലഭിക്കാവുന്ന ഇളവുകളും, പരിധിയുമൊക്കെ ഈ റിപ്പോർട്ടിനെ കേന്ദ്രീകരിച്ചാണ്. അതിനാൽ ക്രെഡിറ്റ് റിപ്പോർട്ടും പൂർണമായും പഠിക്കേണ്ടത് ആവശ്യമാണ്.












Click it and Unblock the Notifications