കളമറിഞ്ഞ് പണമെറിഞ്ഞാൽ അക്കൗണ്ട് നിറയും; സ്ഥിര നിക്ഷേപത്തിന് ഈ ബാങ്കുകൾ പരീക്ഷിക്കൂ, നേട്ടം ഉറപ്പ്
പൊതുവെ നമ്മുടെ നാട്ടുകാർക്ക് ഉള്ള ഒരു മിഥ്യാ ധാരണയാണ് സ്ഥിര നിക്ഷേപങ്ങൾ എല്ലാം കൊണ്ടും നഷ്‌ടമാണെന്നും, അത് ചെയ്യുന്നതിൽ പ്രത്യേകിച്ച് ഗുണങ്ങൾ ഒന്നുമില്ലെന്നും. പ്രത്യേകിച്ച് മ്യൂച്വൽ ഫണ്ട്, എസ്‌ഐപി പോലെയുള്ള കൂടുതൽ മെച്ചപ്പെട്ട നിക്ഷേപ മാർഗങ്ങൾ (പെട്ടെന്നുള്ള ലാഭത്തിന്റെ കാര്യത്തിൽ) വ്യാപകമായ ശേഷമാണ് ആളുകൾ സ്ഥിര നിക്ഷേപത്തോട് മുഖം തിരിക്കാൻ തുടങ്ങിയത് എന്നതാണ് സത്യം.
എന്നാൽ അത്തരത്തിൽ പൂർണമായും തള്ളിക്കളയേണ്ട ഒരു സംഗതിയാണോ സ്ഥിര നിക്ഷേപങ്ങൾ? അല്ല എന്നതാണ് ഉത്തരം. ഏതൊരു നിക്ഷേപ രീതിയും കൂടുതൽ മൂല്യവത്താവുന്നത് അത് നിക്ഷേപിക്കുന്ന ആളുടെ താത്പര്യം, മുൻഗണന എന്നിവ കൂടി ഉൾക്കൊണ്ടാണ്. അങ്ങനെയുള്ള സാഹചര്യത്തിൽ എസ്‌ഐപി, മ്യൂച്വൽ ഫണ്ട് പോലെയുള്ള നൂതന വിദ്യകൾക്ക് സാധികാത്ത ചില കാര്യങ്ങൾ സ്ഥിര നിക്ഷേപത്തിന് കഴിയും.

അതിൽ പ്രധാന സുരക്ഷിത്വമാണ്. വിപണിയുടെ ഏറ്റ കുറച്ചിലുകളിൽ യാതൊരു കോട്ടവും തട്ടാതെ നമ്മുടെ പണം സുരക്ഷിതമാക്കി വയ്ക്കാൻ ഇതിലൂടെ സാധിക്കും. പെട്ടെന്നുള്ള ലാഭം പ്രതീക്ഷിക്കാത്തവരെ സംബന്ധിച്ച് ഈ രീതി തന്നെയാണ് ഉത്തമം. പ്രത്യേകിച്ച് ഈ മാർച്ച് മാസം പോലും കൂടുതൽ ബാങ്കുകൾ പലിശ നിരക്ക് വർധിപ്പിച്ച സാഹചര്യത്തിൽ.
മൂന്ന് സ്‌മോൾ ഫൈനാൻസ് ബാങ്കുകളാണ് നിക്ഷേപകരെ ആകർഷിക്കാൻ ലക്ഷ്യമിട്ട് ഈ മാസം സ്ഥിര നിക്ഷേപത്തിനുള്ള പലിശ ഉയർത്തിയിരിക്കുന്നത്. 9.25 ശതമാനം വരെ പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്ന ബാങ്കുകൾ ഇക്കൂട്ടത്തിലുണ്ട്. അതിൽ പ്രധാനികളായ ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക്, സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക്, ശിവാലിക് സ്‌മോൾ ഫിനാൻസ് ബാങ്ക് എന്നീ മൂന്നെണ്ണത്തെ നമുക്ക് പരിചയപ്പെടാം.
ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക്
സാധാരണ നിക്ഷേപകർക്ക് 3.75 ശതമാനം മുതൽ 8.50 ശതമാനം വരെ പലിശ നിരക്കാണ് വാഗ്‌ദാനം ചെയ്യുന്നത്ത്. 15 മാസത്തെ സ്ഥിര നിക്ഷേപത്തിന് പരമാവധി 8.5 ശതമാനം പലിശയാണ് ഇവർ നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് വിവിധ കാലാവധികളിലെ നിക്ഷേപങ്ങൾക്ക് 0.50 ശതമാനം അധിക പലിശയും ലഭിക്കും. ഒരു വർഷത്തെ സ്ഥിര നിക്ഷേപത്തിന് 8.25 ശതമാനമാണ് പലിശ നിരക്ക് നൽകുക.
സൂര്യോദയ് ബാങ്ക്
നിക്ഷേപകർക്ക് നാല് ശതമാനം മുതൽ 9.01 ശതമാനം വരെ പലിശ വാഗ്‌ദാനം ചെയ്യുന്ന ബാങ്കുകളിൽ ഒന്നാണിത്. മുതിർന്ന പൗരന്മാർക്ക് 4.40 ശതമാനം മുതൽ 9.25 ശതമാനം വരെ പലിശ ലഭിക്കും. ബാങ്കിലെ 5 വർഷത്തെ സ്ഥിര നിക്ഷേപത്തിന് 8.25 ശതമാനം പലിശയാണ് അവർ നൽകുന്നത്.
ശിവാലിക് ബാങ്ക്
നിക്ഷേപകർക്ക് 3.50 ശതമാനം മുതൽ 8.70 ശതമാനം വരെ പലിശ വാഗ്‌ദാനം ചെയ്യുന്ന സ്‌മോൾ ഫിനാൻസ് ബാങ്കാണ് ശിവാലിക്. മുതിർന്ന പൗരന്മാർക്ക് നാല് ശതമാനം മുതൽ 9.40 ശതമാനം വരെ പലിശയും ഇവിടെ നൽകുന്നുണ്ട്. ഈ ബാങ്കിലെ ഏറ്റവും ഉയർന്ന പലിശ 12 മാസം മുതൽ 18 മാസം വരെയുള്ള നിക്ഷേപങ്ങൾക്കാണ്.












Click it and Unblock the Notifications