ഉപയോഗിക്കാത്ത ബാങ്ക് അക്കൗണ്ടുകളുണ്ടോ? ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പണം പോവുന്ന വഴിയറിയില്ല
നമ്മളെല്ലാവരും വിവിധ ആവശ്യങ്ങൾക്ക് ബാങ്കുകളെ സമീപിക്കുന്നവരാണ്. വിവിധ തരം വായ്‌പകളായാലും, നിക്ഷേപങ്ങളായാലും അതത് ബാങ്കുകളിൽ അക്കൗണ്ടുകളും എടുത്തിട്ടുണ്ടാവും. ഇങ്ങനെ ഭവന വായ്‌പ, വാഹന വായ്‌പ, സ്വർണ പണയം, മറ്റ് ആവശ്യങ്ങൾ ഒക്കെ പരിഗണിച്ച് ഒന്നിലധികം അക്കൗണ്ടുകളും നമുക്ക് സ്വന്തമായുണ്ടാവും.
ഇത്തരത്തിലുള്ള അക്കൗണ്ടുകളിൽ ഉപയോഗ ശൂന്യമായവ ഏതൊക്കെയാണെന്ന് ചിലപ്പോൾ നമുക്ക് തന്നെ കൃത്യമായി നിശ്ചയമുണ്ടാവില്ല. എന്നാൽ ഇത് മൂലമുണ്ടാവുന്ന സാമ്പത്തിക നഷ്‌ടങ്ങൾ ചില്ലറയല്ല.

നിങ്ങളൊരു അക്കൗണ്ട് എന്തെങ്കിലും ആവശ്യത്തിന് എടുത്തെങ്കിൽ അതിന്റെ ഉപയോഗം കഴിഞ്ഞുവെന്നും, അത് കൊണ്ട് ഇനി ഭാവിയിൽ മറ്റ് ഗുണങ്ങൾ ഇല്ലെന്നും മനസിലാക്കിയാൽ ഉടൻ തന്നെ അത് ക്ലോസ് ചെയ്യുന്നതാണ് നല്ലത്.
എല്ലാ അക്കൗണ്ടുകളും സീറോ ബാലൻസ് അക്കൗണ്ടുകൾ അല്ലെന്ന കാര്യം കൂടി ഓർക്കണം. നിങ്ങൾ ഏത് കാരണത്തിനാണ് ഈ അക്കൗണ്ട് എടുത്തത് എന്നതിന് അനുസരിച്ചിരിക്കും അവയുടെ സ്വഭവവും. സാധാരണ അക്കൗണ്ടുകൾക്ക് പുറമെ എസ്ബി അക്കൗണ്ടുകളും, മറ്റ് പ്രീമിയം സേവനങ്ങൾ ലഭ്യമാകുന്ന അക്കൗണ്ടുകളും പ്രവർത്തിക്കുന്നില്ലെങ്കിലും മിനിമം ബാലൻസ് ഇല്ലെങ്കിൽ അവ പിഴ ചുമത്തും.
അത് വളരെയേറെ കാലം കഴിഞ്ഞാൽ വലിയൊരു തുകയായി മാറുമ്പോഴായിരിക്കും ചിലപ്പോൾ നമ്മൾ അറിയുന്നത്. നിലവിൽ ചില ബാങ്കുകൾ അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോൾ ചെറിയ രീതിയിൽ പണം ഈടാക്കുന്നുണ്ട്. എങ്കിലും എല്ലാ ബാങ്കുകളിലും ഇങ്ങനെയില്ല. എത്രയും പെട്ടെന്ന് അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കിൽ പിഴത്തുക ലാഭിക്കാം എന്നതാണ് ഇതിലെ ഒരേയൊരു നേട്ടം.
അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ
നിങ്ങളൊരു സേവിംഗ്‌സ് അക്കൗണ്ട് ഉടമയാണെങ്കിൽ, ഏതാണോ നിങ്ങളുടെ ബ്രാഞ്ച് അവിടുത്തെ മാനേജർക്ക് നിങ്ങളുടെ ആവശ്യം ചൂണ്ടിക്കാട്ടി ഒരു അപേക്ഷ സമർപ്പിക്കണം. ഇതിനൊപ്പം അക്കൗണ്ടുമായി ബന്ധപ്പെട്ട പാസ്ബുക്ക്, ചെക്ക് ബുക്ക്, എടിഎം തുടങ്ങിയ വസ്‌തുക്കൾ തിരികെ നൽകേണ്ടതുമുണ്ട്.
ബാങ്കിൽ നിന്നും നിങ്ങൾക്ക് അക്കൗണ്ട് ക്ലോഷർ ഫോം ലഭിക്കുന്നതാണ്. അതിൽ കൃത്യമായി കാരണം രേഖപ്പെടുത്തിയ ശേഷം ബ്രാഞ്ചിൽ ഏൽപ്പിക്കുക. എന്തായാലും നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് നേരിട്ട് ഹാജരാകേണ്ടത് ആവശ്യമാണ്. മറ്റൊരാൾ മുഖേന അത് നടത്തുക പ്രയാസമായിരിക്കും.
നിങ്ങളുടെ അക്കൗണ്ടിൽ പണമുണ്ടെങ്കിൽ അത് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാവുന്നതാണ്. അതിനായി ബാങ്കിൽ നിന്നും അപേക്ഷ ഫോം ലഭ്യമാവും. ബന്ധപ്പെട്ട അക്കൗണ്ട് നമ്പർ രേഖപ്പെടുത്തിയാൽ അതിനുള്ള സംവിധാനങ്ങൾ ബാങ്ക് ഒരുക്കി തരും.












Click it and Unblock the Notifications