വാഹന വിപണിയിൽ വിപ്ലവമാകുമോ എഥനോൾ? കുറഞ്ഞ മലിനീകരണവും ചുരുങ്ങിയ വിലയും, സാധ്യതകൾ ഇങ്ങനെ
കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ഇന്ത്യൻ വാഹന വിപണിയിൽ നിരന്തരം നാം കേട്ട് കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് എഥനോളിനെ കുറിച്ചുള്ള ചർച്ചകൾ. പെട്രോളും ഡീസലും ഉൾപ്പെടെയുള്ള പരമ്പരാഗത ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ചില പ്രത്യേകതകൾ ഉള്ളതുകൊണ്ടാണല്ലോ എഥനോൾ പലയിടത്തും മുൻനിരയിൽ സ്ഥാനം പിടിക്കുന്നതെന്ന് ഉറപ്പാണല്ലോ.
എന്നാൽ ഇതിന്റെ ശരിക്കുമുള്ള ഗുണങ്ങളും, ആർക്കൊക്കെ ഉപയോഗിക്കാം എന്നീ കാര്യങ്ങൾ പലർക്കും ഇന്നും അജ്ഞാതമാണ്. എന്തൊക്കെയാണ് എഥനോൾ ഇന്ധനമായി ഉപയോഗിക്കുമ്പോൾ ഉണ്ടാവുന്ന ലാഭമെന്നും, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്നും അതിലുപരി എങ്ങനെയാണു ഇത് പ്രവർത്തിക്കുന്നതെന്നും നമുക്ക് പരിശോധിക്കാം.

കേന്ദ്ര സർക്കാരിന്റെ നയത്തിന്റെ ഭാഗമായി അടുത്തിടെ എഥനോൾ 100 എന്ന ഇന്ധനവും പുറത്തിറക്കിയിരുന്നു. പുതിയ തീരുമാനത്തിന്റെ ഭാഗമായി എഥനോൾ ചേർത്ത പെട്രോൾ രാജ്യത്തെ പമ്പുകളിൽ വ്യാപകമാക്കാൻ ഒരുങ്ങുകയാണ് കേന്ദ്രം. നേരത്തെ ഇന്ത്യൻ ഓയിൽ 100 ശതമാനം എഥനോൾ തന്നെ ഇന്ധനമായി പുറത്തിറക്കുകയും ചെയ്‌തിരുന്നു.
എന്താണ് എഥനോൾ 100?
പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനൊപ്പം മെച്ചപ്പെട്ട കാര്യക്ഷമതയും പവർ ഔട്ട്പുട്ടും ഉറപ്പാക്കിക്കൊണ്ട് ഉയർന്ന പ്രകടനമുള്ള എഞ്ചിനുകൾക്ക് തെളിയിച്ച ഇന്ധനമാണ് എഥനോൾ 100. കൂടാതെ ഗ്യാസോലിൻ, എഥനോൾ അല്ലെങ്കിൽ ഇവയുടെ ഏതെങ്കിലും മിശ്രിതത്തിൽ പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഫ്ലെക്‌സ്-ഫ്യുവൽ വെഹിക്കിളുകളിലാണ് സാധാരണയായി ഇത് ഉപയോഗിക്കാൻ കഴിയുക.
ശരിയായ അടിസ്ഥാന സൗകര്യങ്ങളുള്ള ഒരു മുഖ്യധാരാ ഇന്ധന ഓപ്ഷനായി മാറാനുള്ള എല്ലാ സാധ്യതയും ഇതിനുണ്ട് എന്നതാണ് വാസ്‌തവം. കാർബൺ ബഹിർഗമനം കുറയ്ക്കാനുള്ള സർക്കാർ നടപടികളുടെ ഭാഗമായി എഥനോൾ ഇന്ധനങ്ങൾ കൂടുതലായി പ്രോത്സാഹിപ്പിക്കപ്പെടും എന്നുറപ്പാണ്.
എഥനോൾ 100ൽ 93-93.5 ശതമാനം എഥനോളും 5 ശതമാനം പെട്രോളും 1.5 ശതമാനം കോ-സോൾവെന്റും ആണുണ്ടാവുക.
ഏതൊക്കെ വാഹനങ്ങളിൽ ഉപയോഗിക്കാം
2025-ഓടെ രാജ്യത്തെ എല്ലാ പമ്പുകളിലും 20 ശതമാനം എഥനോൾ ചേർത്ത പെട്രോൾ വിൽപ്പനയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. എഥനോൾ ഉപയോഗിക്കാനാകുന്ന വാഹനങ്ങളിൽ മാത്രമേ ഇവ ഉപയോഗിക്കാൻ പാടുള്ളൂ. അത്തരം വാഹനങ്ങളെയാണ് നാം ഫ്ലെക്സ് എഞ്ചിൻ വാഹനങ്ങൾ എന്ന് വിളിക്കുന്നത്. ഉയർന്ന അളവിലുള്ള എഥനോൾ ഈ വാഹനങ്ങളിൽ മാത്രമേ ഉപയോഗിക്കാവൂ.
എഥനോൾ 100 അവതരിപ്പിക്കുന്നതിന് മുൻപ് രാജ്യത്ത് വന്ന മറ്റൊരു വകഭേദമാണ് എഥനോൾ 20. ഇത് ഉപയോഗിക്കുന്നത് വാഹനങ്ങളുടെ കാര്യക്ഷമത കൂട്ടുമെന്ന് പല റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. എഥൈൽ ആൽക്കഹോൾ അല്ലെങ്കിൽ എഥനോൾ പഞ്ചസാര പുളിപ്പിച്ച് സ്വാഭാവികമായി നിർമ്മിക്കുന്ന ഒരു ജൈവ ഇന്ധനമാണ്. കരിമ്പിൽ നിന്ന് പഞ്ചസാര വേർതിരിച്ചെടുത്താണ് ഇത് ഉണ്ടാക്കുന്നത്. അത് തന്നെയാണ് ഇതിന്റെ പ്രത്യേകതയും.












Click it and Unblock the Notifications