വീട്ടിൽ പണം സൂക്ഷിച്ചിട്ടുണ്ടോ ? പേടിക്കേണ്ടത് കള്ളൻമാരെയല്ല, ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പിഴയടച്ച് മുടിയും...
നമ്മൾ എല്ലാവരും ബാങ്ക് സേവനം പ്രയോജനപ്പെടുത്തുന്ന ആളുകളാണ്. പണം നിക്ഷേപിക്കാനും, വായ്‌പകൾ എടുക്കാനും, മറ്റൊരാൾക്ക് വലിയ തുക കൈമാറാനും ബാങ്കുകളുടെ സഹായം നാം തേടാറുണ്ട്. എന്നാൽ എല്ലായ്‌പ്പോഴും ബാങ്കിനെ തന്നെ നമ്മൾ ആശ്രയിക്കണമെന്നുമില്ല. അതിന് പല കാരണങ്ങളുമുണ്ട്. ചിലപ്പോഴൊക്കെ ബാങ്കിലെ നൂലാമാലകൾ നമ്മളെ പണം വീട്ടിൽ സൂക്ഷിക്കാൻ പ്രേരിപ്പിക്കും. കാരണം ബാങ്കിൽ പൂർത്തിയാക്കേണ്ട നടപടിക്രമങ്ങൾ നമ്മളെ പിന്നോട്ട് വലിക്കും.
എന്നാൽ വീട്ടിൽ പണം സൂക്ഷിക്കുന്നത് എത്രത്തോളം സുരക്ഷിതമാണെന്ന് നാം എപ്പോഴെങ്കിലും ചിന്തിക്കാറുണ്ടോ. മോഷ്‌ടാക്കൾ കവർച്ച നടത്താനുള്ള സാധ്യത എപ്പോഴും ഉണ്ട്. അതിന് വീട്ടിൽ പണം തന്നെ സൂക്ഷിക്കണം എന്നുമില്ല, സ്വർണമായാലും മറ്റ് വാസ്‌തുക്കളായാലും കള്ളന്മാരെ ആകർഷിക്കാൻ കഴിയുന്നതാണ്.

എന്നാൽ വീട്ടിൽ പണം സൂക്ഷിക്കുമ്പോഴുള്ള ശരിയായ വെല്ലുവിളി നമ്മൾ കരുതുന്നത് പോലെ മോഷണം മാത്രമല്ല.നമ്മുടെ കൈവശമുള്ള പണം ഏത് രീതിയിൽ ഉണ്ടാക്കി എടുത്തതാണെങ്കിലും അത് എപ്പോഴും ഭരണകൂടത്തിന്റെ നിരീക്ഷണത്തിലായിരിക്കും എന്ന കാര്യം ഓർക്കണം. നിങ്ങളൊരു വലിയ തുക വീട്ടിൽ സൂക്ഷിക്കുകയാണെങ്കിൽ വിവിധ തരത്തിലുള്ള വെല്ലുവിളികളാണ് കാത്തിരിക്കുന്നത്.
രാജ്യത്തെ ആദായ നികുതി നിയമം അനുസരിച്ച് വീട്ടിൽ സൂക്ഷിക്കാവുന്ന പണത്തിന് പ്രത്യേക നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല എന്നതാണ് വാസ്‌തവം. എന്നാൽ ഇതിന് മറ്റൊരു വശം കൂടിയുണ്ട്. നിങ്ങളുടെ വീട്ടിലോ ഓഫീസിലോ ഒരു ആദായനികുതി പരിശോധന നടന്നാൽ പിടിച്ചെടുക്കുന്ന പണത്തിന്റെ ഉറവിടം തെളിയിക്കേണ്ടത് നിർബന്ധമാണ്.
അങ്ങനെയുള്ളപ്പോൾ കണക്കിൽപ്പെടാത്ത പണത്തിന് പിഴ ഈടാക്കാം. കൃത്യമായി വിശദീകരണവും, സ്രോതസും തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഈ പണം പിടിച്ചെടുക്കാൻ ആദായനികുതി ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. തുടർന്ന് പിടിച്ചെടുത്ത മൊത്തം തുകയുടെ 137 ശതമാനം വരെ നിങ്ങൾക്ക് മേൽ പിഴ ചുമത്താനും വകുപ്പുണ്ട്.
ഇത് കൂടാതെ 50,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകൾക്ക് പാൻ നമ്പറുകൾ നിർബന്ധമാക്കിയിട്ടുണ്ട്. അതായത് സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സേഷൻ അനുസരിച്ച്, വ്യക്തികൾ ഒരു സമയം 50,000 രൂപയിൽ കൂടുതലുള്ള നിക്ഷേപവും പിൻവലിക്കലും നടത്തുകയാണെങ്കിൽ നിർബന്ധമായും പാൻ നമ്പർ നൽകണം.
നിങ്ങൾ 30 ലക്ഷം രൂപയിൽ കൂടുതലുള്ള ആസ്‌തികൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ അന്വേഷണ ഏജൻസികളുടെ റഡാറിൽ പെടുമെന്ന് ഓർക്കുക. ഒരു വർഷം ബാങ്കിൽ നിന്ന് ഒരു കോടി രൂപയിൽ കൂടുതൽ പിൻവലിക്കുന്ന വ്യക്തികൾക്ക് 2 ശതമാനം ടിഡിഎസ് നൽകേണ്ടി വരും. ബന്ധുക്കളിൽ നിന്നാണെങ്കിൽ പോലും രണ്ട് ലക്ഷം രൂപയിൽ അധികം നൽകുകയോ സ്വീകരിക്കുകയോ ചെയ്യുന്നതിന് നിയന്ത്രണങ്ങളുണ്ട്.












Click it and Unblock the Notifications