ഇന്ത്യയിലെ പ്രായം കുറഞ്ഞ ശതകോടീശ്വരൻ; പേൾ കപൂർ നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല, ആസ്‌തി കേട്ടാൽ ഞെട്ടും
ഇന്ത്യയിലെ സമ്പന്നരുടെ പട്ടിക എടുത്താൽ മുൻപന്തിയിലുള്ള ആളുകളാണ് മുകേഷ് അംബാനിയും ഗൗതം അദാനിയും രത്തൻ ടാറ്റയും ഒക്കെ. അളവറ്റ സമ്പാദ്യവും ഇട്ടുമൂടാനുള്ള പണവുമായി ഇവർ ഓരോ നിമിഷവും സമ്പന്നതയുടെ കൊടുമുടി കയറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ആരായിരിക്കും ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻ എന്ന ചോദ്യം നിങ്ങളുടെ മനസിൽ ഉയർന്നെങ്കിൽ അതിനുള്ള ഉത്തരം ഒരു ഇരുപത്തിയേഴുകാരന്റെ പേരാണ്, അദ്ദേഹമാണ് പേൾ കപൂർ.
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻ എന്ന നേട്ടമാണ് പേൾ സ്വന്തമാക്കിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്കിടയിൽ സ്വാധീനം ചെലുത്തുന്ന വ്യക്തിത്വങ്ങളിൽ ഒന്നായി പേൾ കപൂറിന്റെ പേരും മാറിയിരിക്കുകയാണ്. ഈ ചെറുപ്രായത്തിലും തന്റെ പ്രവർത്തന മേഖലയിൽ അദ്ദേഹം കർമ്മനിരതനാണ് എന്നതാണ് പ്രത്യേകത.

ആഗോള തലത്തിൽ തന്നെ പടർന്നു പന്തലിച്ച ഒരു റിയൽ എസ്‌റ്റേറ്റ് സ്ഥാപനത്തിന്റെ മേധവിയാണ് ഇന്ന് പേൾ കപൂർ. കൂടാതെ ബ്ലോക്ക്‌ചെയിൻ ടെക്‌നോളജിയിലും സൈബർ സുരക്ഷയിലും പ്രവർത്തിക്കുന്ന മുൻനിര കമ്പനിയായ സൈബർ 365 ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ പേൾ കപൂർ 1.1 ബില്യൺ ഡോളറിന്റെ ആസ്‌തിയോട് കൂടിയാണ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായി മാറിയത്.
ഒരു സാധാരണ ഇടത്തരം കുടുംബത്തിൽ ജനിച്ച പേൾ കപൂർ ഇന്ന് കാണുന്ന നേട്ടങ്ങൾ എല്ലാം കെട്ടിപ്പടുത്തത് സ്വന്തം പ്രയത്നം കൊണ്ടാണ്. ലണ്ടനിലെ പ്രമുഖ സർവകലാശാലയിൽ നിന്ന് എംഎസ്‌സി നേടിയിട്ടുള്ള പേൾ കപൂർ എക്കാലവും തന്റെ മനസിൽ ബിസിനസ് മോഹങ്ങൾ കൊണ്ട് നടന്ന വ്യക്തി കൂടിയാണ്. സാങ്കേതിക വിദ്യയുടെ വളർച്ചയിൽ എപ്പോഴും കണ്ണ് വച്ച ആൾ കൂടിയായിരുന്നു പേൾ കപൂർ.
അതാണ് അദ്ദേഹത്തെ ഈ നിലയിലേക്ക് വളർത്തിയതെന്ന് പറയാം. ലണ്ടനിൽ ഒരു ഇൻവെസ്‌റ്റ്മെന്റ് ബാങ്കറായി കരിയർ തുടങ്ങിയ പേൾ കപൂർ ഇന്ന് പലരുടെയും ആരാധനാപാത്രമാണ്. നിലവിൽ മൊണാക്കോയിലാണ് പേൾ കപൂർ കഴിയുന്നത്. തന്റെ സ്‌റ്റാർട്ടപ്പുകളിൽ നേടിയ മികച്ച വിജയമാണ് പേലിനെ മുന്നോട്ട് നയിച്ചതെന്ന് ഉറപ്പാണ്.
എന്നാൽ ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം എന്തെന്നാൽ പേൾ കപൂർ എന്ന ശതകോടീശ്വരൻ ഇതുവരെയും ആഡംബരത്തിന് പുറകെ അനാവശ്യമായി പോവാൻ താൽപര്യപ്പെടുന്നില്ല എന്നതാണ്. ലളിതജീവിതം നയിക്കുന്ന ചുരുക്കം ചില ശതകോടീശ്വരന്മാരിൽ ഒരാളാണ് അദ്ദേഹവും. അതുകൊണ്ട് തന്നെയാണ് രാജ്യത്തെ ഒട്ടേറെ ചെറുപ്പക്കാർക്ക് അദ്ദേഹമൊരു പ്രചോദനമായി നിലകൊള്ളുന്നത്.
ഇത്രയൊക്കെ ആണെങ്കിലും ചില സൂപ്പർ കാറുകളോട് അദ്ദേഹത്തിന് കാര്യമായ ഭ്രമമുണ്ട്. ബുഗാട്ടി സെന്റോഡീസി, കൊയിനിഗ്സെഗ് തുടങ്ങിയ സൂപ്പർകാറുകളാണ് അദ്ദേഹത്തിന് ഫേവറൈറ്റ് ലിസ്‌റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടാതെ ടേബിൾ ടെന്നീസ്, ക്രിക്കറ്റ് തുടങ്ങിയ കായിക വിനോദങ്ങൾക്കും അദ്ദേഹം സമയം കണ്ടെത്താറുണ്ട്.












Click it and Unblock the Notifications