12.8 ലക്ഷം കോടി മൂല്യമുള്ള ബാങ്കിന്റെ തലപ്പത്ത്; എച്ച്ഡിഎഫ്‌സി സിഇഒ ശശിധർ ജഗദീശന്റെ ശമ്പളം എത്ര?
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് എന്ന നിലയിലേക്ക് എച്ച്ഡിഎഫ്‌സി വളർന്നിട്ട് അധികനാളുകൾ ആയിട്ടില്ല. നേരത്തെ ഐസിഐസിഐ ബാങ്കിനായിരുന്നു ഈ വിശേഷണമെങ്കിൽ കഴിഞ്ഞ കാലത്തായി ചിട്ടയായ പ്രവർത്തനത്തിലൂടെ എച്ച്ഡിഎഫ്‌സി ബാങ്ക് അവിടേക്ക് നടന്നുകയറുകയായിരുന്നു. ഒരുപക്ഷേ പലർക്കും ഇന്ന് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വളർച്ചയെ കുറിച്ച് കൃത്യമായ ധാരണയില്ല.
നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് എന്ന പദവി എച്ച്ഡിഎഫ്‌സിയെ തേടിയെത്തിയത് അടുത്ത കാലത്താണ്. കൃത്യമായി പറഞ്ഞാൽ മാനേജ്‌മെന്റിൽ കാര്യമായ ഒരു മാറ്റം അവതരിപ്പിച്ചത് മുതൽ എന്ന് വേണമെങ്കിൽ പറയാം. നാല് വർഷം മുൻപ് ബാങ്കിന്റെ തലപ്പത്ത് എത്തിയ ഒരു വ്യക്തിയുടെ പ്രവർത്തനത്തിന്റെ കൂടി പ്രതിഫലനമാണ് എച്ച്ഡിഎഫ്‌സിയുടെ വളർച്ച എന്ന് നിസംശയം പറയാം.

ശശിധർ ജഗദീശൻ എന്ന വ്യക്തിയാണ് മേൽപറഞ്ഞ വ്യക്തി. 2020ൽ എച്ച്ഡിഎഫ്‌സിയുടെ അമരത്തേക്ക് എത്തിയ അദ്ദേഹം കഴിഞ്ഞ വർഷങ്ങളിൽ തന്റെ നേതൃത്വത്തിൽ ശക്തമായ പ്രകടനം ബാങ്ക് കാഴ്‌ച വയ്ക്കുന്നു എന്ന് ഉറപ്പാക്കിയിരുന്നു. നിലവിൽ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം ഏകദേശം 12.8 ലക്ഷം കോടി രൂപയാണ്.
എച്ച്ഡിഎഫ്‌സി ബാങ്കിന് ഇപ്പോൾ രാജ്യത്ത് 7000 ശാഖകളും 19,500 ഓളം എടിഎമ്മുകളും ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2020 ഒക്ടോബറിലാണ് അദ്ദേഹം എച്ച്ഡിഎഫ്‌സിയുടെ തലപ്പത്ത് എത്തിയത്. അദ്ദേഹത്തിന്റെ ശമ്പളം മറ്റ് പല എക്‌സിക്യൂട്ടീവുകൾക്കും വളരെ മുകളിൽ ആണെന്നതാണ് പ്രധാനപ്പെട്ട കാര്യം.
നിലവിൽ രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന സിഇഒമാരിൽ ഒരാളാണ് ശശിധർ ജഗദീശൻ. ശശിധർ ജഗദീശന് ആകെ 10.55 കോടി രൂപയുടെ ശമ്പള പാക്കേജ് ആണ് ലഭിച്ചത്. ഇതിൽ 2.82 കോടി രൂപ അടിസ്ഥാന ശമ്പളവും 3.32 കോടി രൂപ അലവൻസുകളും ഉൾപ്പെടുന്നു. പ്രൊവിഡൻ്റ് ഫണ്ടിലേക്ക് 33.92 ലക്ഷം രൂപയും പെർഫോമൻസ് ബോണസായി 3.63 കോടി രൂപയും കൈപ്പറ്റിയിട്ടുണ്ട്.
മുംബൈയിലാണ് ശശിധർ ജഗദീശൻ ജനിച്ചത്. അദ്ദേഹത്തിന് 30 വർഷത്തിലേറെ പരിചയമുണ്ട്. 1996-ൽ ധനകാര്യ വകുപ്പിൽ മാനേജരായാണ് ജഗദീശൻ എച്ച്‌ഡിഎഫ്‌സി ബാങ്കിൽ ജോലിയിൽ പ്രവേശിച്ചത്. അതിന് മുൻപ് ഡച്ച് ബാങ്കിലും അദ്ദേഹം സേവനം അനുഷ്‌ഠിച്ചിരുന്നു. മുംബൈ യൂണിവേഴ്‌സിയിൽ നിന്നാണ് അദ്ദേഹം പഠനം പൂർത്തിയാക്കിയത്.
നിലവിൽ ബാങ്കിംഗ് മേഖലയിൽ ശക്തമായ മുന്നേറ്റമാണ് എച്ച്ഡിഎഫ്‌സി നടത്തി കൊണ്ടിരിക്കുന്നത്. ഹോം ലോണുകൾ, വാഹന, സ്വർണ പണയം എന്നിവയിൽ ഉൾപ്പെടെ നിരവധി ഉപഭോക്താക്കളെ ആകർഷിക്കാൻ എച്ച്ഡിഎഫ്‌ഡിക്ക് കഴിഞ്ഞുവെന്നതാണ് പ്രത്യേകത. ശശിധർ ജഗദീശന്റെ നേതൃത്വവും ഇതിൽ വലിയ പങ്കുവഹിച്ചുവെന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications