പിഎഫിൽ നിന്ന് പണം പിൻവലിക്കൽ ഇനി വളരെ എളുപ്പം; നിർണായക മാറ്റങ്ങളുമായി ഇപിഎഫ്ഒ, അറിയാം
പലപ്പോഴും സാധാരണക്കാർക്കും ഇടത്തരക്കാർക്കും ഒരുപോലെ ഗുണമാവുന്ന ഒരു പദ്ധതിയാണ് പ്രൊവിഡന്റ് ഫണ്ട്. പല പ്രതിസന്ധി ഘട്ടങ്ങളിലും നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഏറ്റവും അധികം സഹായിക്കുന്ന പിഎഫ് തുക വലിയ ആശ്വാസമാണ്. എങ്കിലും അതിന്റെ ഗുണങ്ങളും അത് എങ്ങനെ കൃത്യമായി ഉപയോഗപ്പെടുത്തണമെന്നും അറിയാത്ത ഒട്ടേറെ പേർ ഇപ്പോഴും ഉണ്ട്.
അതിനായി സർക്കാർ ഉമാംഗ് പോലെയുള്ള ആപ്പുകളും ഇപിഎഫ്ഒ വെബ്‌സൈറ്റും സദാസമയം നിങ്ങളെ സഹായിക്കാനായി ഒരുക്കി വച്ചിട്ടുണ്ട്. എന്നിട്ടും അത് കൃത്യമായി ഉപയോഗിക്കാത്തവരും ഉണ്ട്. പിഎഫിന്റെ ഗുണങ്ങൾ ഒട്ടേറെ ഉണ്ടെന്ന് നമുക്ക് എല്ലാവർക്കും അറിയാം. എന്നാൽ ഇപ്പോഴിതാ പിഎഫിനെ കൂടുതൽ ജനകീയമാക്കുന്ന പ്രഖ്യാപനങ്ങളാണ് ഇപിഎഫ്ഒ നടത്തിയിരിക്കുന്നത്.

ഈ മെയ് മാസം മുതലാണ് പല നിർണായക മാറ്റങ്ങളും ഇപിഎഫ്ഒ നടപ്പാക്കിയത്. ഇപിഎഫ് അംഗങ്ങളുടെ നിക്ഷേപം പിൻവലിക്കുന്നതിനുള്ള നിയന്ത്രണങ്ങളിൽ ചില ഇളവുകൾ നിർണായക ഇളവുകളാണ് വരുത്തിയിരിക്കുന്നത്. ഓട്ടോ സെറ്റിൽമെന്റ്, മൾട്ടി-ലൊക്കേഷൻ ക്ലെയിം സെറ്റിൽമെന്റ്, മരണാനന്തരം വേഗത്തിലുള്ള ക്ലെയിം തീർപ്പാക്കൽ എന്നിവ പുതിയ മാറ്റങ്ങളിൽ ഉൾപ്പെടുന്നുണ്ട്.
ചികിത്സാ ആവശ്യങ്ങൾക്കുള്ള തുകയിൽ ഗണ്യമായ മാറ്റവും ഇപിഎഫ്ഒ വരുത്തിയിട്ടുണ്ട്. ഇതുൾപ്പെടെയുള്ള മാറ്റങ്ങൾ മെയ് മുതൽ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. എന്നാൽ ഭൂരിഭാഗം പേരും ഈ മാറ്റങ്ങളെ കുറിച്ചൊന്നും അറിയുകയോ അതിനെ കുറിച്ച് ബോധവാന്മാരോ അല്ലെന്നതാണ് സത്യാവസ്ഥ. അതിനാൽ തന്നെ നിങ്ങൾ അറിയേണ്ട സുപ്രധാന മാറ്റങ്ങൾ ഇവയൊക്കെയാണ്.
ഇനി ചെക്ക് ലീഫും പാസ്‌ബുക്കും വേണ്ട
പിഎഫിൽ നിന്ന് പണം പിൻവലിക്കാൻ ഓൺലൈനായി അപേക്ഷ നൽകുമ്പോൾ കാൻസൽ ചെയ്‌ത ചെക്കും അറ്റസ്റ്റ് ചെയ്‌ത പാസ്ബുക്കിൻെറ മുൻപേജും നൽകണമെന്ന നിബന്ധന ഉണ്ടായിരുന്നു ഇതുവരെ. എന്നാൽ ഇപ്പോൾ ഇത് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ക്യാൻസൽ ചെയ്‌ത ചെക്ക് ഇല്ലാത്തതിനാൽ ഇനി ക്ലെയിം നിരസിക്കാൻ കഴിയില്ല.
ഓട്ടോ സെറ്റിൽമെന്റ്
2024 മെയ് 13-ലെ നിയമ ഭേദഗതി പ്രകാരം ഭവന നിർമ്മാണത്തിനും വിദ്യാഭ്യാസാവശ്യത്തിനും വിവാഹത്തിനും വേണ്ടി പിഎഫ് തുക പിൻവലിക്കാൻ കഴിയും. 2024 ഏപ്രിൽ 16-ലെ ഒരു സർക്കുലർ അനുസരിച്ച് മെഡിക്കൽ ആവശ്യങ്ങൾക്കുള്ള അഡ്വാൻസ് തുകയും വർധിപ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ ഒരു ലക്ഷം രൂപ വരെയുള്ള ക്ലെയിമുകൾ വേഗത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.
മരണാനന്തര ക്ലെയിം
ഇപിഎഫ് അംഗം മരണമടഞ്ഞാൽ ആധാർ ബന്ധിപ്പിച്ചിട്ടില്ലാത്ത വ്യക്തി ആണെങ്കിലും ക്ലെയിമുകൾ പ്രൊസസ് ചെയ്യാൻ ഇനി മുതൽ ബന്ധപ്പെട്ട അധികാരിക്കൾക്കാകും. . മരിച്ചയാളുടെ ഇപിഎഫ് അംഗത്വവും അവകാശികളുടെ വിശദാംശങ്ങളും പരിശോധിച്ച് സെറ്റിൽമെൻറ് അനുവദിക്കാനാണ് നിർദ്ദേശം. ഇതോടെ ആധാർ മൂലമുള്ള കാലതാമസം ഒഴിവാകും എന്നാണ് കണക്ക് കൂട്ടൽ.


Click it and Unblock the Notifications