ഏഷ്യയിലെ ശത കോടീശ്വരൻമാരുടെ തലസ്ഥാനമായി മുംബൈ; ബീജിംഗിനെ വെട്ടി, ധനികരുടെ എണ്ണത്തിൽ മൂന്നാമത്
മുംബൈ: ലോകത്തിലെ അതിസമ്പന്നരുടെ എണ്ണത്തിൽ മുന്നേറ്റവുമായി ഇന്ത്യ. പുതിയ ആഗോള പട്ടിക പ്രകാരം 271 ശതകോടീശ്വരന്മാരുമായി ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. മുകേഷ് അംബാനി ലോക സമ്പന്നരുടെ പട്ടികയിൽ നിർണായക സ്ഥാനത്ത് ഇടം നേടുകയും ചെയ്‌തിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം എന്തെന്നാൽ മുംബൈ നഗരം ഏഷ്യയിലെ ശതകോടീശ്വരന്മാരുടെ കാര്യത്തിൽ ബീജിംഗിനെ മറികടന്നു എന്നതാണ്.
ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്‌റ്റ് 2024 പ്രകാരം, ലോകത്ത് നിലവിൽ 3279 ശതകോടീശ്വരന്മാരുണ്ടെന്ന് കണ്ടെത്തി, ഇതിൽ 167 പേർ പുതുതായി എത്തിയവരാണ്. ചൈനയിലാണ് ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ളത് (814), യുഎസിൽ (800) തൊട്ടുപിന്നിൽ ഇന്ത്യയുമാണ്. അതേസമയം, മുൻവർഷത്തെ അപേക്ഷിച്ച് യുഎസും ഇന്ത്യയും യഥാക്രമം 109 ഉം 84ഉം ശതകോടീശ്വരന്മാരെ ചേർത്തപ്പോൾ, ചൈനയിൽ 155 പേർ പട്ടികയിൽ നിന്ന് പുറത്തായി.

കഴിഞ്ഞ വർഷം ഇന്ത്യയെ സംബന്ധിച്ചടത്തോളം ശക്തമായ പ്രകടനം നടത്തിയ ഒന്നായിരുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. നൂറിലധികം ശത കോടീശ്വരന്മാരെയാണ് ഇന്ത്യ ഒരു വർഷത്തിനിടെ പട്ടികയിലേക്ക് ചേർത്തത്. ഏഷ്യയുടെ ശതകോടീശ്വര തലസ്ഥാനമായി മുംബൈ നഗരം മാറുന്നതിനും കഴിഞ്ഞ വർഷം സാക്ഷ്യം വഹിച്ചുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. മുംബൈയിൽ നിന്നുള്ള മുകേഷ് അംബാനി സമ്പന്ന പട്ടികയിൽ പത്താം സ്ഥാനത്താണ് ലോകത്തിൽ.
ഇന്ത്യയുടെ ദേശീയ തലസ്ഥാനമായ ന്യൂഡൽഹിയും ആദ്യമായി ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ആദ്യ 10 നഗരങ്ങളിൽ ഇടം നേടിയെന്ന പ്രത്യേകതയുമുണ്ട്. ടെസ്‌ലയുടെ സ്‌റ്റോക്കിലെ കുതിച്ചുചാട്ടം മൂലം ഇലോൺ മസ്‌ക് വീണ്ടും ലോകത്തിലെ ഏറ്റവും ധനികനായി മാറിയെന്നതാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മാർക്ക് സക്കർബർഗും ലാറി പേജും ഈ വർഷം ആദ്യ പത്തിൽ ഇടം നേടിയതും നിർണായക മാറ്റമാണ്.
ബെർട്രാൻഡ് പ്യൂച്ചിന്റെയും ഫ്രാങ്കോയിസ് ബെറ്റൻകോർട്ട് മേയേഴ്‌സിന്റെയും പിന്നോട്ട് പോവലാണ് ഇവർക്ക് തടസമായത്. പ്രശസ്‌ത സംഗീതജ്ഞ ടെയ്‌ലർ സ്വിഫ്റ്റ് ഈ പട്ടികയിൽ ഇടം നേടിയതെന്നതാണ് ഇക്കുറി പട്ടികയിൽ ഉണ്ടായിരിക്കുന്ന മറ്റൊരു നിർണായക കൂട്ടിച്ചേർക്കൽ.
ചൈന, അമേരിക്ക, ഇന്ത്യ, യുണൈറ്റഡ് കിംഗ്ഡം, ജർമ്മനി, സ്വിറ്റ്സർലൻഡ്, റഷ്യ, ഇറ്റലി, ഫ്രാൻസ്, ബ്രസീൽ എന്നീ രാജ്യങ്ങളാണ് യഥാക്രമം ഒന്ന് മുതൽ പത്ത് വരെ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ഉള്ളത്. ന്യൂയോർക്ക് (യുഎസ്), ലണ്ടൻ (യുകെ) എന്നീ നഗരങ്ങളാണ് ആഗോള തലത്തിൽ ഏറ്റവും കൂടുതൽ സമ്പന്നരെ വഹിക്കുന്ന നഗരങ്ങൾ, മൂന്നാമത് ഇതിൽ മുംബൈ.












Click it and Unblock the Notifications