ചെന്നൈയിലെ വെള്ളപ്പൊക്കത്തില്‍ കുടുങ്ങി ആമിര്‍ ഖാന്‍; വെള്ളവും വൈദ്യുതിയുമില്ല, രക്ഷപ്പെടുത്തി!!
ചെന്നൈ: അതിശക്തമായ മഴയെ തുടര്‍ന്ന് ചെന്നൈയില്‍ എല്ലായിടത്തും വെള്ളം കയറിയിരിക്കുകയാണ്. ഇതിനോടകം വലിയ വിമര്‍ശനങ്ങളും ചെന്നൈയിലെ കോര്‍പ്പറേഷനെതിരെ ഉയര്‍ന്നിരിക്കുകയാണ്. കനത്ത മഴയെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളൊന്നും നഗരത്തില്‍ ഇല്ലെന്നാണ് വിമര്‍ശനം. അതേസമയം നഗരത്തിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നടന്‍ ആമിര്‍ ഖാനും കുടുങ്ങിയിരിക്കുകയാണ്.
അതിശക്തമായ മഴയില്‍ പുറത്തിറങ്ങാനാവാത്ത വിധമാണ് താരം താമസസ്ഥലത്ത് കുടുങ്ങിപോയത്. വെള്ളമോ, വൈദ്യുതിയോ ഇല്ലാത്ത അവസ്ഥയിലായിരുന്നു ആമിര്‍. താരത്തിന്റെ താമസ സ്ഥലത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് ഫോണില്‍ സിഗ്നലുമില്ലായിരുന്നു. അതേസമയം ആമിറിനെ അഗ്നിശമന സേനാ പ്രവര്‍ത്തകരാണ് രക്ഷപ്പെടുത്തി. 24 മണിക്കൂറോളം താരം കാരപ്പക്കം മേഖലയിലായിരുന്നു കുടുങ്ങി കിടന്നിരുന്നത്.

തമിഴിലെ പ്രമുഖ നടന്‍ വിഷ്ണു വിശാല്‍ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. തന്നെയും ആമിറിനെയും രക്ഷാപ്രവര്‍ത്തകര്‍ സഹായിച്ചുവെന്നും ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് വിഷ്ണു വിശാല്‍ അറിയിച്ചു. അവരോട് നന്ദിയുണ്ട്. കാരപ്പക്കം മേഖലയില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മൂന്ന് ബോട്ടുകള്‍ ഇവിടെ രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിയിട്ടുണ്ട്.
പരീക്ഷണഘട്ടത്തില്‍ ഒപ്പം നിന്ന തമിഴ്‌നാട് സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. എല്ലാ രക്ഷാപ്രവര്‍ത്തകര്‍ക്കും നന്ദിയെന്നും വിശ്ണു വിശാല്‍ ട്വീറ്റ് ചെയ്തു. ആമിര്‍ ഖാന്‍ അമ്മയുടെ ചികിത്സയുടെ ഭാഗമായിട്ടാണ് തമിഴ്‌നാട്ടിലെത്തിയത്. ഇവിടെയാണ് താരം കുറച്ച് നാളായിട്ടുള്ളത്. വിഷ്ണു വിശാലിന്റെ കാരപ്പക്കത്തുള്ള വീട്ടിലാണ് ആമിര്‍ ഉള്ളത്. അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്താണ് താരം അമ്മയുടെ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് താമസം മാറ്റിയത്.
നേരത്തെ തന്നെ കാരപ്പക്കത്തെ അവസ്ഥ മോശമായി വരുന്നതായി വിഷ്ണു വിശാല്‍ ട്വീറ്റ് ചെയ്തിരുന്നു. തന്റെ വീട്ടില്‍ വെള്ളം കയറുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. സഹായത്തിനായി രക്ഷാപ്രവര്‍ത്തകരെ വിളിച്ചിട്ടുണ്ടെന്നും, വൈദ്യുതിയോ വൈഫൈയോ, ഫോണ്‍ സിഗ്നലോ, ഇല്ലെന്നും വിഷ്ണു പറഞ്ഞു. വീട്ടിന്റെ ടെറസില്‍ നിന്നപ്പോഴാണ് തനിക്ക് ഫോണില്‍ ചെറിയ തോതില്‍ സിഗ്നല്‍ ലഭിച്ചതെന്നും വിഷ്ണു കുറിച്ചു.
ചിത്രത്തില്‍ ആമിര്‍ ഖാന്‍, വിഷ്ണു വിശാല്‍, ജ്വാല ഗുട്ട തുടങ്ങിയവരെ രക്ഷാപ്രവര്‍ത്തകര്‍ ബോട്ടില്‍ കയറ്റി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത് കാണാം. അതേസമയം അമ്മയുടെ ചികിത്സ പൂര്‍ണമായും കഴിഞ്ഞതിന് ശേഷമേ ആമിര്‍ മുംബൈയിലേക്ക് മടങ്ങൂവെന്നാണ് റിപ്പോര്‍ട്ട്. ലാല്‍ സിംഗ് ഛദ്ദ പരാജയപ്പെട്ടതോടെയാണ് കരിയറില്‍ ബ്രേക്ക് എടുക്കാന്‍ താരം തീരുമാനിച്ചത്.
സിതാരെ സമീന്‍ പര്‍ എന്ന ചിത്രം ആമിര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളും താരം ആരംഭിച്ചിട്ടുണ്ട്. താരെ സമീന്‍ പറുമായി സമാനതകളുള്ള കഥയാണ് ഈ ചിത്രത്തിന്റേതെന്നും ആമിര്‍ വെളിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications