കാസര്‍കോട് യുവതിയെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ മുഖ്യപ്രതി കുറ്റം നിഷേധിച്ചു
കാസര്‍കോട്: വിവാഹം ചെയ്യണമെന്ന് വാശി പിടിച്ച യുവതിയെ കൊലപ്പെടുത്തിയ ശേഷം തെങ്ങിന്‍ തോപ്പില്‍ കുഴിച്ചുമൂടിയ കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതിയില്‍ ആരംഭിച്ചു.തൃക്കരിപ്പൂര്‍ ഒളവറ ഒളിയം കാവിലങ്ങാട് കോളനിയിലെ കണ്ണന്റെ മകള്‍ സി. രജനി (34) കൊല്ലപ്പെട്ട കേസിലാണ് വിചാരണ. നീലേശ്വരം കൊട്രച്ചാല്‍ സ്വദേശിയായ സതീഷ് (30), ചെറുവത്തൂര്‍ മദര്‍തെരേസ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ട് വടകരയിലെ ബെന്നി (40) എന്നിവരാണ് കേസിലെ പ്രതികള്‍. 2014 സെപ്തംബര്‍ 12നാണ് കേസിനാസ്പദമായ സംഭവം.

ഭാര്യയും രണ്ട് മക്കളുമുള്ള സതീഷിനൊപ്പം രജനി ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരികയായിരുന്നു. ഇതിനിടെ തന്നെ വിവാഹം ചെയ്യണമെന്ന് രജനി സതീഷിനോട് ആവശ്യപ്പെട്ടു. എന്നാല്‍ തനിക്കതില്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് സതീഷ് ഒഴിഞ്ഞുമാറി. രജനി വിവാഹകാര്യത്തില്‍ നിര്‍ബന്ധം തുടര്‍ന്നതോടെ സതീഷ് പ്രകോപിതനാവുകയും യുവതിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
പിന്നീട് സതീഷ് ബെന്നിയുടെ സഹായത്തോടെ രജനിയുടെ മൃതദേഹം കണിച്ചിറയില്‍ കുഴിച്ചുമൂടുകയും ചെയ്തുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍ മുഖ്യപ്രതി സതീഷന്‍ കോടതിയില്‍ കുറ്റം നിഷേധിക്കുകയാണുണ്ടായത്. ഇതോടെ കേസിന്റെ വിചാരണ ജൂണ്‍ മാസത്തിലേക്ക് മാറ്റി വെച്ചു.












Click it and Unblock the Notifications