ദിലീപ് ആലുവ നഗരസഭയുടെ മുഖ്യാതിഥി, ജനപ്രിയനൊപ്പം ജെബി മേത്തറും, കോണ്‍ഗ്രസും കുരുക്കിലേക്ക്
കൊച്ചി: നടന്‍ ദിലീപുമായി പുതിയ വിവാദങ്ങള്‍ ഓരോന്നായി ദിവസവും വന്നുകൊണ്ടിരിക്കുകയാണ്. വനിതയുടെ കവറായി ദിലീപ് വന്നതാണ് കഴിഞ്ഞ ദിവസം വന്ന ഏറ്റവും വലിയ വിവാദം. ഇതിന് പിന്നാലെ കോണ്‍ഗ്രസും കുരുക്കിലായിരിക്കുകയാണ്. ദിലീപിനെ മുഖ്യാതിഥിയായി ക്ഷണിച്ചിരിക്കുന്നത് ആലുവ നഗരസഭയാണ്.
കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം അദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരിക്കുകയാണ്. ദിലീപിന്റെ കേസുമായി ബന്ധപ്പെട്ട് ആലുവയിലെ പ്രമുഖന്റെ പേര് പറഞ്ഞ് കേള്‍ക്കുന്നതിനിടെയാണ് പുതിയ വിവാദം വന്നിരിക്കുന്നത്. അതേസമയം വനിതയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇതിനിടെ വാക്‌പോരും കടുക്കുകയാണ്.

ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ മുഖ്യാതിതിയായി നടന്‍ ദിലീപിനെ ക്ഷണിക്കുകയും ആലുവ നഗരസഭയുടെ ഔദ്യോഗിക ലോഗോ ദിലീപിനെ കൊണ്ട് പ്രകാശനം ചെയ്യിക്കുകയുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്തിരിക്കുന്നത്. ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടാവുകയും, പുനരന്വേഷണമൊക്കെ പ്രഖ്യാപിക്കുക കൂടി ചെയ്ത സാഹചര്യത്തില്‍ ഈ വിഷയത്തില്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. കുറ്റപത്രത്തില്‍ പേര് വന്ന ശേഷം ദിലീപ് ആദ്യമായി പങ്കെടുത്ത ഔദ്യോഗിക പൊതു പരിപാടിയാണിത്. ആലുവ നഗരസഭയുടെ ക്ഷണപ്രകാരമായിരുന്നു ദിലീപ് ചടങ്ങിനെത്തിയത്. നഗരസഭയും ഇതോടൊപ്പം വിവാദത്തില്‍ വീണിരിക്കുകയാണ്.

കേരളത്തില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷമുള്ള നഗരസഭകളിലാണ് ഒന്നാണ് ആലുവ. അതേസമയം സംസ്ഥാന മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ കൂടിയായ ജെബി മേത്തറാണ നിലവില്‍ ആലുവ നഗരസഭയുടെ പ്രസിഡന്റ്. സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസിനെതിരെ ഉയരുന്നത്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ഒരാളെ ഇത്തരമൊരു പരിപാടിയിലേക്ക് ക്ഷണിച്ചതിലൂടെ, സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമത്തോട് കോണ്‍ഗ്രസ് നിലപാട് എന്തെന്നും മഹിളാ കോണ്‍ഗ്രസിന്റെ നിലപാട് എന്തെന്നും വ്യക്തമാണെന്നും സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണം വന്നിട്ടുണ്ട്. ദിലീപിനൊപ്പമാണ് കോണ്‍ഗ്രസെന്ന് ആരോപിക്കുന്നവരുമുണ്ട്.

ദിലീപിന്റെ വാക്കുകളും ഇതിനിടെ വൈറലായിട്ടുണ്ട്. നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ് താനെന്നും, അതിന് വേണ്ടിയുള്ള പോരാട്ടത്തില്‍ തനിക്കൊപ്പം നാട്ടുകാര്‍ ഉണ്ടാകണമെന്നും ദിലീപ് അന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞിരുന്നു. വനിതാ മാഗസിന്‍ വിവാദം കത്തി നില്‍ക്കെയാണ് ഈ ചിത്രങ്ങള്‍ പുറത്തുവന്നത്. അഡ്വ ജയശങ്കര്‍ രൂക്ഷമായിട്ടാണ് ഈ മാഗസിന്‍ കവറിനെതിരെ രംഗത്ത് വന്നത്. നാളെ പുറത്തിറങ്ങുന്നു. ജനപ്രിയ നായകന്‍ വനിതയുടെ യഥാര്‍ത്ഥ സുഹൃത്തും, മാമന്‍ മാത്യുവിന്റെ വഴികാട്ടിയും എന്ന് പരിഹസിച്ചാണ് ദിലീപും കുടുംബവുമായുള്ള വനിതയുടെ കവര്‍ ജയശങ്കര്‍ പങ്കുവെച്ചത്.

മാധ്യമപ്രവര്‍ത്തക ധന്യ രാജേന്ദ്രനും ഈ കവര്‍ ഫോട്ടോയ്‌ക്കെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു. വനിതകളുടെ വഴികാട്ടിയും സുഹൃത്തും എന്ന് സ്വയം വിശേഷിപ്പിക്കുന്ന വനിത, എങ്ങനെയാണ് ക്രൂരമായ ഒരു കുറ്റകൃത്യം ചെയ്ത ഒരാളെ വൈറ്റ് വാഷ് ചെയ്യാന്‍ ശ്രമിക്കുന്നതെന്നും ധന്യ ചോദിക്കുന്നു. മാധ്യസ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പണം വേണം. അവ ചാരിറ്റി ഹൗസുകളല്ല. അതെനിക്കറിയാം. മനോരമ ഗ്രൂപ്പിന്റെ രണ്ട് ശതമാനം പോലും വലുതല്ലാത്ത ഒരു മാധ്യമ സ്ഥാപനം ഞാന്‍ നടത്തുന്നുണ്ട്. പക്ഷേ എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാം, ഒരു മാധ്യമ സ്ഥാപനവും, മനോരമയെ പോലെ ശക്തരായ ഒരു സംഘടനയും ഇങ്ങനെ ചെയ്യരുത്. അല്ലാതെ തന്നെ നിങ്ങള്‍ക്ക് വരുമാനമുണ്ടാക്കാമെന്നും ധന്യ പറഞ്ഞു.

സ്ത്രീകളോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തോടുമൊപ്പം നില്‍ക്കാന്‍ മാധ്യമസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും ധന്യ പറയുന്നു. തുടരന്വേഷണത്തില്‍ ദിലീപ് കുറ്റവിമുക്തനായേക്കാമെന്നും, അദ്ദേഹത്ത വെള്ളപൂശാന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും അപ്പോള്‍ ആഘോഷിക്കാമെന്നും, അതുവരെ അടിസ്ഥാന മര്യാദ പാലിക്കണമെന്നും ധന്യ വ്യക്തമാക്കി. അതേസമയം 24 ന്യൂസിലെ മുന്‍ മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാറും വനിതയ്‌ക്കെതിരെ രംഗത്തെത്തി. വഴികാട്ടിയാണ്, സുഹൃത്താണ്, ആരുടെ വനിതകളുടെ, ഇത്തരം ഐറണികള്‍ ഇനി സ്വപ്‌നത്തില്‍ മാത്രമെന്നും അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം വനിത ഇതുവരെ വിവാദങ്ങളോട് പ്രതികരിച്ചിട്ടില്ല.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരെയും കടുത്ത വിമര്‍ശനമുയരുന്നുണ്ട്. ഇവര്‍ ചിത്രത്തെ നേരത്തെ ന്യായീകരിച്ചിരുന്നു. മാമാട്ടിയെന്ന കുഞ്ഞിനെ മാത്രമാണ് തനിക്ക് ഈ ചിത്രത്തില്‍ കാണാനാവുള്ളൂവെന്നായിരുന്നു സാന്ദ്ര പറഞ്ഞത്. ഓമനത്തമുള്ള കുട്ടി, ഇവിടെ അത് മാത്രമേ എനിക്കാന്‍ കാണാനാവുന്നുള്ളൂ. ആ കുഞ്ഞിന്റെ കണ്ണുകളിലെ പ്രതീക്ഷകള്‍ മാത്രമേ കാണാന്‍ പറ്റുന്നുള്ളൂ. എല്ലാവരെയും സ്‌നേഹിക്കാനും അറിയാനും തുളുമ്പുന്ന ഒരു മനസ്സ് മാത്രമേ കാണാന്‍ പറ്റുന്നുള്ളൂ. ജന്മം കൊണ്ട് ഇരയാക്കപ്പെട്ടവള്‍. മനുഷ്യത്വം അത് എല്ലാവരും ഒരുപോലെ അര്‍ഹിക്കുന്നു. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ അവളെ കല്ലെറിയട്ടെ എന്നും സാന്ദ്ര കുറിച്ചിരുന്നു.

ആ കുഞ്ഞിനെ ആരും ഒന്നും പറഞ്ഞില്ലെന്നും, ഒരു സ്ത്രീയെ അതും സഹപ്രവര്‍ത്തകയായ ഒരു സ്ത്രീയെ ക്വട്ടേഷന്‍ കൊടുത്ത് ലൈംഗികമായി ആക്രമിച്ച ഒരു വ്യക്തിയെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഒരു മാഗസിനില്‍ കവര്‍ സ്റ്റോറിയായി അവതരിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധമെന്നും കമന്റുകള്‍ വരുന്നുണ്ട്. എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്തും സാന്ദ്രയ്‌ക്കെതിരെ രംഗത്ത് വന്നു. എനിക്കീ ചിത്രത്തില്‍ സിനിമാലോകം ഇന്നേ വരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നികൃഷ്ടമായ ക്രിമിനല്‍ ഗൂഢാലോചന നടത്തി അത് പ്രാവര്‍ത്തികമാക്കിയ ഒരു ക്രിമിനലിനെ മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ.. ഒപ്പം ഈ ചിത്രം കാണുമ്പോള്‍ 'കനല്‍വഴികള്‍ താണ്ടി'യെന്ന മട്ടിലുള്ള അയാളുടെ ജീവചരിത്രം വായിക്കുമ്പോള്‍ നെഞ്ച് പൊള്ളുന്ന മറ്റൊരു പെണ്‍കുട്ടിയേയും കാണാന്‍ പറ്റുന്നുണ്ട്. സത്യത്തില്‍ ഈ ചിത്രത്തിലെ കുഞ്ഞിനെ വാര്‍ത്തയിലേക്ക് വലിച്ചിട്ടത് ഈ പോസ്റ്റാണ്. ആ കുഞ്ഞിനെ അപമാനിക്കുന്ന തരത്തില്‍ ഒരു കമന്റ് പോലും ഞാനെവിടെയും കണ്ടിട്ടില്ലെന്ന് ദീപ കുറിച്ചു.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് പള്‍സര്‍ സുനി എഴുതിയതെന്ന് പറയുന്ന കത്താണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ടത്. നടിയെ ആക്രമിച്ചത് ദിലീപാണെന്ന് ഈ കത്തില്‍ പറയുന്നുണ്ട്. 2018 മെയ് മാസത്തിലാണ് ഈ കത്ത് എഴുതിയതെന്ന് ചാനല്‍ അവകാശപ്പെടുന്നു.ഗൂഢാലോചന നടത്തുമ്പോള്‍ സിദ്ദീഖും അടുത്തുണ്ടായിരുന്നുവെന്ന് കത്തില്‍ പറയുന്നു. അമ്മ എന്ന സംഘടന ചേട്ടന്‍ എന്ത് ചെയ്താലും കൂട്ട് നില്‍ക്കും എന്നറിയാം. അന്ന് അബാദ് പ്ലാസയില്‍ വെച്ച് ഈ കാര്യം പ്ലാന്‍ ചെയ്തപ്പോള്‍ സിദ്ദിഖും മറ്റ് ആരെല്ലാം ഉണ്ടായിരുന്നുവെന്നും ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. അമ്മയുടെ പ്രസിഡന്റ് സ്ഥാനം കിട്ടാന്‍ വേണ്ടിയാണോ ചേട്ടനെ അറസ്റ്റ് ചെയ്തപ്പോള്‍ സിദ്ദീഖ് ഓടി നടന്നതെന്നും സുനില്‍ ഈ കത്തില്‍ ചോദിക്കുന്നുണ്ട്.












Click it and Unblock the Notifications