ടോണി ചമ്മണി അകത്താവും? ജോജുവിന്റെ മൊഴി എടുക്കും, കൂടുതല്‍ പേരുടെ അറസ്റ്റുണ്ടാവും, കടുപ്പിച്ച് പോലീസ്
കൊച്ചി: ഇന്ധന വിലവര്‍ധവിനെതിരായ കോണ്‍ഗ്രസ് സമരത്തില്‍ കടുത്ത നടപടിക്ക് പോലീസ്. നടന്‍ ജോജു ജോര്‍ജുവിനെതിരായ ആക്രമണത്തെ ഗൗരവത്തോടെ പോലീസ് കാണുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ അടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രമുഖരെല്ലാം അറസ്റ്റിലാവുമെന്നാണ് സൂചന.
കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ് സമരം. ജോജുവിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് കോണ്‍ഗ്രസ് ഇപ്പോഴും നടത്തി കൊണ്ടിരിക്കുന്നത്. എന്നാല്‍ വിഡി സതീശനും കെസി വേണുഗോപാലും അടക്കമുള്ളവര്‍ സമരരീതിയോട് യോജിപ്പില്ലെന്ന് അറിയിച്ചിരുന്നു.

കോണ്‍ഗ്രസ് സമരത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് പോലീസ് തീരുമാനം. കടുത്ത നടപടി തന്നെ എടുക്കാനാണ് തീരുമാനം. ജോജുവിന്റെ പരാതിയും ഇതിനൊപ്പമുണ്ട്. കൂടുതല്‍ നേതാക്കളും പ്രതികളാവും. നേതാക്കളുടെ അറസ്റ്റിനും സാധ്യത ശക്തമാണ്. മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മണിയെ ഇന്ന് അറസ്റ്റ് ചെയ്യാനാണ് സാധ്യത. ജോജുവിനൊപ്പം വാഹനത്തിലുണ്ടായിരുന്ന സഹപ്രവര്‍ത്തകരുടെ മൊഴിയെടുക്കും. യൂത്ത് കോണ്‍ഗ്രസ് നേതാക്കളും പ്രതികളാവും. ജോജുവിന്റെ വാഹനം അടിച്ചുതകര്‍ത്തതും അദ്ദേഹത്തിന്റെ ഷര്‍ട്ടില്‍ പിടിച്ച് കൈയ്യേറ്റത്തിന് ശ്രമിച്ചുവെന്നെല്ലാം പോലീസ് റിപ്പോര്‍ട്ടിലുണ്ട്. ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് കോണ്‍ഗ്രസിനുണ്ടായിരിക്കുന്നത്.

കേരളത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനില്‍ തിരക്കുള്ള സമയത്ത് തന്നെ സമരവുമായി ഇറങ്ങിയതാണ് കോണ്‍ഗ്രസിന് കുരുക്കായി മാറുന്നത്. കോണ്‍ഗ്രസ് രേഖാമൂലം അനുമതി വാങ്ങിയിരുന്നില്ല. ഇക്കാര്യം കഴിഞ്ഞ ദിവസം ഡിസിപി തന്നെ പറഞ്ഞിരുന്നു. സമരത്തിന്റെ മറവില്‍ അക്രമവും നടന്നു. ഇത് ഗുരുതരമായ മറ്റൊരു കാര്യം. റോഡ് ഉപരോധിച്ചതും ഗതാഗത തടസമുണ്ടാക്കിയതും അടക്കം മുപ്പതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. ജോജു ജോര്‍ജിന്റെ പരാതിയിലും കേസുണ്ട്. ജോജു ദേഹോപദ്രവം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നുണ്ടായെന്നും, വാഹനം തകര്‍ത്തെന്നും പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ കഴമ്പുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ജോജുവിന് പിന്തുണയുമായി മാള പാറപ്പുറത്ത് സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് പക്ഷേ പിന്നോട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. അതേസമയം ടോണിയുടെ ചമ്മണിയുടെ നേതൃത്വത്തിലാണ് ജോജുവിനെതിരെ ആക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് അറസ്റ്റിന് സാധ്യതയുള്ളത്. ഏഴ് പേരും ചമ്മണിക്കൊപ്പമുണ്ടായിരുന്നു. ജോജുവിന്റെ ഷര്‍ട്ടിന് കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞത് ടോണി ചമ്മണിയാണ്. തനിക്കെതിരെ എടുത്തത് കള്ളക്കേസാണെന്ന് ടോണി പറയുന്നു. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ടോണി ചമ്മണി പറഞ്ഞു.

ദൃശ്യങ്ങള്‍ പരിശോധിച്ച് ശേഷം ജോജുവിനെതിരെ കേസ് എടുക്കണോ എന്ന് തീരുമാനിക്കും. വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയാണ് പോലീസിന് മുന്നിലുള്ളത്. ഇക്കാര്യത്തില്‍ നടപടി വേണമോയെന്ന് എന്ന് കൊച്ചി സിറ്റി പോലീസ് ഇന്ന് തീരുമാനിക്കും. ജോജു അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് വനിതാ പ്രവര്‍ത്തകര്‍ പരാതി നല്‍കിയത്. ജോജു മദ്യപിച്ചിരുന്നുവെന്നായിരുന്നു മഹിളാ കോണ്‍ഗ്രസ് ആദ്യം ആരോപിച്ചത്. എന്നാല്‍ ഇത് പൊളിഞ്ഞു. വൈദ്യപരിശോധനയില്‍ ജോജു മദ്യപിച്ചിരുന്നില്ലെന്ന് തെളിഞ്ഞു. ശ്വാസപരിശോധനയിലും പോലീസ് ഇക്കാര്യം കണ്ടെത്തിയിരുന്നു. അതുകൊണ്ട് വീണ്ടും വനിതാ പ്രവര്‍ത്തകരുടെ പരാതി അത്ര ഗൗരവത്തിലെടുക്കണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

ജോജുവിന് പിന്തുണയുമായി വീണ്ടും താരങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. പക്വതയില്ലാത്ത നേതാക്കളുടെ ഭാഗത്ത് നിന്ന് വന്ന പിഴവാണ് ജോജുവിന്റെ കാര്യത്തില്‍ ഉണ്ടായതെന്നും നടന്‍ സന്തോഷ് കീഴാറ്റൂര്‍ പറയുന്നു. ആ പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിന് പകരം അദ്ദേഹത്തിന്റെ കാര്‍ അടിച്ച് പൊട്ടിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ജോജു അവിടെ എന്തിന് വന്നുവെന്നും, എന്ത് സാഹചര്യത്തിലാണ് വൈകാരികമായി പെരുമാറിയെന്നും വ്യക്തമാണെന്നും സന്തോഷ് പറഞ്ഞു. അതേസമയം ഇന്ധന വില നിശ്ചയിക്കാനുള്ള അവകാശം പെട്രോള്‍ കമ്പനികള്‍ക്ക് നല്‍കിയ കോണ്‍ഗ്രസിനു എന്ത് യോഗ്യത ഉണ്ട് ഇങ്ങനെ ഒരു പ്രഹസന സമരം നടത്താന്‍? സമരം ചെയ്തു തന്നെയാണ് ഇവിടെ അവകാശങ്ങള്‍ നേടിയെടുത്തിട്ടുള്ളത്. ജോജു ജോര്‍ജ് ഇന്നു ചെയ്തതും സമരം തന്നെയാണ്. പൊതുമുതലും സ്വകാര്യ മുതലും നശിപ്പിച്ചുകൊണ്ടുള്ള സമരം പ്രാകൃതമാണെന്നും സംവിധായകന്‍ ജിയോ ബേബി കുറിച്ചു.












Click it and Unblock the Notifications