ഡിജെ പാര്‍ട്ടിയില്‍ പല സെലിബ്രിറ്റികളും പങ്കെടുത്തു, റോയിയെ അറിയില്ല: പരാതിക്കാരിക്കെതിരെ അഞ്ജലി
കൊച്ചി: നമ്പര്‍ 18 ഹോട്ടലിന്റെ ഉടമ റോയി വയലാറ്റിലിനെ അറിയില്ലെന്ന് കേസിലെ മൂന്നാം പ്രതി അഞ്ജലി റിമ ദേവ്. അതേസമയം പരാതിക്കാരിക്കെതിരെ അവര്‍ രംഗത്ത് വന്നിട്ടുണ്ട്. ഡിജെ പാര്‍ട്ടിക്ക് പരാതിക്കാരിയെ ആരെ കൂട്ടിക്കൊണ്ട് വന്നതല്ല. അവര്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുമായി സ്വയംവന്നതാണെന്നും അഞ്ജലി പറയുന്നു. ഹോട്ടലില്‍ ലൈംഗിക അതിക്രമം നടന്നുവെന്ന വാദം തെറ്റാണ്. അത്തരം കാര്യങ്ങളൊന്നും നടന്നിട്ടില്ല. നമ്പര്‍ 18 ഹോട്ടലിലെ പാര്‍ട്ടിയില്‍ ഒരുപാട് സെലിബ്രിറ്റികള്‍ പങ്കെടുത്തിട്ടുണ്ട്. പാര്‍ട്ടി കഴിഞ്ഞ് ഇവരൊക്കെ സന്തോഷത്തോടെയാണ് മടങ്ങിയത്. അതിന്റെ സിസിടിവി ദൃശ്യങ്ങള്‍ തെളിവായി ഉണ്ടെന്നും അഞ്ജലി വ്യക്തമാക്കി.

നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനും സൈജു തങ്കച്ചനും, തനിക്കും എതിരായ പോക്‌സോ കേസില്‍ പരാതിക്കാരി പറയുന്നതെല്ലാം പച്ചക്കള്ളമാണ്. ബിസിനസ് മീറ്റ് എന്ന് തെറ്റിദ്ധരിപ്പിച്ച അവരെ ആരും കൊണ്ടുപോയതല്ല. പകരം പെണ്‍കുട്ടികളുമായി പരാതിക്കാരി സ്വമേധയാ വന്നതാണ്. ലൈംഗിക ഉപദ്രവം ഉണ്ടായി എന്നാണ് പരാതിക്കാരി പറയുന്നത്. എന്നാല്‍ ഇതേ വ്യക്തി അവസാനം വരെ സന്തോഷത്തോടെയാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. ആരും മോശമായി പെരുമാറിയിട്ടില്ല. പാര്‍ട്ടി കഴിഞ്ഞ് പരാതിക്കാരിയും സംഘവും വളരെ സന്തോഷത്തോടെയാണ് മടങ്ങിയത്. വൈരാഗ്യത്തിന്റെ പുറത്ത് കള്ളപരാതി നല്‍കി തന്നെ അപകീര്‍ത്തിപ്പെടുത്തുക മാത്രമാണ് പരാതിക്കാരിയുടെ ലക്ഷ്യമെന്നും അഞ്ജലി പറഞ്ഞു.
അതേസമയം പരാതിക്കാരിക്കെതിരെ കടുത്ത ആരോപണങ്ങളാണ് അഞ്ജലി കഴിഞ്ഞ ദിവസം ഉന്നയിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ അഞ്ജലി ഒളിവിലാണ്. ബ്ലേഡ് പലിശക്ക് വാങ്ങിയ പണത്തിന് കൂടുതല്‍ പലിശ നല്‍കാത്തതിന്റെ പ്രതികാരമാണ് പരാതിക്കാരി കാണിക്കുന്നത്. തന്നെ ആറുമാസം ജയിലിലാക്കും എന്നാണ് പരാതിക്കാരി ഭീഷണിപ്പെടുത്തിയത്. പരാതിക്കാരിയുടെ അഭിഭാഷകനും തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്തിട്ടുണ്ട്. അമ്മ പരാതി നല്‍കുമെന്ന് ഇരയായ കുട്ടി തന്നെ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്നും അഞ്ജലി ആരോപിക്കുന്നു. കേസില്‍ അഞ്ജലിക്കും റോയിക്കുമെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് എറണാകുളം ഡിസിപി നേരത്തെ പറഞ്ഞിരുന്നു.
മോഡലുകളുടെ അപകടമരണം സിബിഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റെ ആവശ്യത്തോട് എതിര്‍പ്പില്ല. ഇപ്പള്‍ നടക്കുന്ന അന്വേഷണം കാര്യക്ഷമമാണെന്നും ഡിസിപി വ്യക്തമാക്കി. അതേസമയം ഇതേ കേസില്‍ റോയ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാത്തതില്‍ കോടതിയെ സമീപിക്കുമെന്നാണ് ഡിസിപി പറയുന്നു. കൊവിഡാണെന്ന റോയിയുടെ വാദം പരിശോധിക്കുമെന്നും ഡിസിപി വ്യക്തമാക്കി. നേരത്തെ അഞ്ജലിക്കെതിരെ അടക്കം പരാതിക്കാരി രംഗത്ത് വന്നിരുന്നു. അഞ്ജലിയാണ് താന്‍ അടക്കമുള്ള ആറ് പെണ്‍കുട്ടികളെ കൊച്ചിയിലേക്ക് കൊണ്ടുവന്നതെന്ന് ഈ പെണ്‍കുട്ടി പറയുന്നു. കോഴിക്കോട് അഞ്ജലി നടത്തുന്ന സ്ഥാപനത്തിലെ യുവതികളില്‍ പലരെയും സ്ഥിരമായി കൊച്ചിയിലെത്തിച്ച് ലഹരിക്ക് അടിമയാക്കി ദുരുപയോഗം ചെയ്തിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍.












Click it and Unblock the Notifications