കേന്ദ്രം അനുമതി നിഷേധിച്ചു, അവസാന നിമിഷം മന്ത്രി വീണ ജോര്‍ജിന്റെ യാത്ര മുടങ്ങി
കൊച്ചി: ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ കുവൈത്തിലേക്കുള്ള യാത്ര അവസാന നിമിഷം മുടങ്ങി. ആരോഗ്യ മന്ത്രിക്ക് യാത്രാനുമതി കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുകയായിരുന്നു. പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ലഭിക്കാത്തതിനാല്‍ കുവൈത്ത് യാത്ര ഉപേക്ഷിച്ചതായി മന്ത്രി വ്യക്തമാക്കി. ഡല്‍ഹിയിലെ റെസിഡന്റ് കമ്മീഷണര്‍ മുഖാന്തര നടത്തിയ ശ്രമമാണ് പരാജയപ്പെട്ടു.
എന്നാല്‍ എന്തുകൊണ്ട് അനുമതി നിഷേധിച്ചു എന്ന കാര്യം വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അതേസമയം ദീര്‍ഘനേരമാണ് മന്ത്രി കൊച്ചി വിമാനത്താവളത്തില്‍ കാത്തിരുന്നത്. ഒടുവില്‍ യാത്ര ഉപേക്ഷിച്ച് വീണാ ജോര്‍ജ് മടങ്ങുകയായിരുന്നു.

കുവൈത്തിലേക്ക് ദുരന്ത സ്ഥലത്തേക്കുള്ള യാത്രയാണ് മന്ത്രി പ്ലാന്‍ ചെയ്തിരുന്നത്. കേന്ദ്ര വിദേശ കാര്യ മന്ത്രി കീര്‍ത്തിവര്‍ധന്‍ സിംഗ് കുവൈത്തിലുണ്ട്. കഴിഞ്ഞ ദിവസം ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരന്തത്തെ ഏകോപിപ്പിക്കാന്‍ പോകുമെന്ന് കീര്‍ത്തിവര്‍ധന്‍ അറിയിച്ചിരുന്നു.
അതേസമയം വീണാ ജോര്‍ജിന്റെ കുവൈത്തിലേക്കുള്ള വിമാനം ഇന്ന് രാത്രി 10.30നായിരുന്നു. രാത്രി ഒന്‍പതു മണിയായിട്ടും അനുമതി ലഭിച്ചിരുന്നില്ല. ഇതോടെയാണ് യാത്ര ഉപേക്ഷിച്ചതായി മന്ത്രി വ്യക്തമാക്കിയത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് മന്ത്രി മടങ്ങുകയായിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ നടപടി അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്ന് വീണ ജോര്‍ജ് പറഞ്ഞു. കുവൈത്തില്‍ മരിച്ച 49 പേരില്‍ 24 ആളുകളും മലയാളികലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പരുക്കേറ്റ മലയാളികളുടെ ചികിത്സ, മരണടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായിട്ടാണ് മന്ത്രി കുവൈത്തിലേക്ക് പോകുന്നതെന്നാണ് അറിയിച്ചിരുന്നത്.
പരുക്കേറ്റ ആശുപത്രികളില്‍ കഴിയുന്നവരില്‍ നിരവധി മലയാളികളുണ്ടെന്നും അവരെ സന്ദര്‍ശിക്കാനും ഉദ്ദേശിച്ചിരുന്നുവെന്നും വീണ ജോര്‍ജ് പറഞ്ഞു. അതേസമയം കുവൈത്ത് ദുരന്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനായി വ്യോമസേനയുടെ വിമാനം കുവൈത്തിലേക്ക് പുറപ്പെട്ടു. ഡല്‍ഹിയില്‍ നിന്നാണ് വ്യോമസേനയുടെ സി130 ജെ വിമാനം ഇന്ന് വൈകീട്ടോടെ കുവൈത്തിലേക്ക് പുറപ്പെട്ടത്.
കുവൈത്തില്‍ നിന്നും നടപടികള്‍ പൂര്‍ത്തിയാക്കി തിരിച്ചറിഞ്ഞ ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം ഇന്ത്യയിലേക്ക് തിരിക്കും. നാളെ രാവിലെ എട്ടരയോടെ വിമാനം കൊച്ചി വിമാനത്താവളത്തിലെത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇതുവരെ 45 ഇന്ത്യക്കാര്‍ മരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇത് തിരിച്ചറിഞ്ഞവരുടെ കണക്കാണ്. തിരിച്ചറിയാത്തവരില്‍ രണ്ട് മലയാളികള്‍ കൂടിയുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. കുവൈത്തിലേക്ക് പുറപ്പെട്ട വ്യോമസേനയുടെ വിമാനത്തിലാണോ അതോ കുവൈത്ത് എയര്‍വേയ്‌സിന്റെ ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണോ മൃതദേഹങ്ങള്‍ കൊച്ചിയിലെത്തിക്കുകയെന്ന വിവരം നോര്‍ത്ത അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല.
മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനായി നാളെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കൊച്ചി വിമാനത്താവളത്തിലുണ്ടാവും. ഇവരെ പ്രത്യേക ആംബുലന്‍സുകളില്‍ വീടുകളിലെത്തിക്കും. ഇതിനുള്ള നടപടികള്‍ നോര്‍ക്ക സ്വീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഇന്ന് രാത്രിയോടെ കൊച്ചിയിലേക്ക് തിരിക്കുമെന്ന് അറിയിച്ചിരുന്നു.












Click it and Unblock the Notifications