കുസാറ്റ് ദുരന്തം; പരിപാടി സംഘടിപ്പിച്ചത് മാനദണ്ഡങ്ങൾ പാലിക്കാതെ, ഹൈക്കോടതി ഉത്തരവും ലംഘിച്ചു
കൊച്ചി: കളമശ്ശേരി കുസാറ്റ് ക്യാമ്പസിൽ നടന്ന ദുരന്തത്തിൽ നാല് ജീവനുകൾ പൊലിഞ്ഞതിന് പിന്നാലെ പരിപാടി സംഘടിപ്പിച്ചത് മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന് കണ്ടെത്തൽ. ഇത്തരം ആഘോഷങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള സർക്കാർ നിർദ്ദേശങ്ങളും ഹൈക്കോടതി ഉത്തരവും ലംഘിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
കോളജ് ക്യാംപസുകളിൽ പുറത്തുനിന്നുള്ള പ്രൊഫഷണൽ ഗ്രൂപ്പുകളുടെ പരിപാടികൾക്ക് അനുമതിയില്ലെന്നിരിക്കെയാണ് പ്രമുഖ ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ സംഗീത നിശ കുസാറ്റിൽ സംഘടിപ്പിച്ചത്. ഈ പരിപാടി നടക്കാനിരിക്കെയാണ് കുസാറ്റിൽ ദുരന്തമുണ്ടായത്. വൻ ജനാവലി തന്നെ പരിപാടി കാണാനായി എത്തിയിരുന്നു.

ഇത്തരം പരിപാടികൾക്ക് പുറത്തുനിന്ന് ആളുകളെ കയറ്റിയതും നിയമ വിരുദ്ധമായിരുന്നു. 2015ൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ ഇക്കാര്യം വ്യക്തമായി പറഞ്ഞിരുന്നു. ഈ സർക്കുലർ കർശനമായി പാലിക്കണം എന്ന ഹൈക്കോടതിയുടെ ഉത്തരവും മറികടന്നു. 2015ൽ തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിൽ നടന്ന അപകടത്തിൽ പശ്ചാത്തലത്തിൽ ആയിരുന്നു സർക്കുലർ പുറത്തിറക്കിയത്.
അപകടത്തെ കുറിച്ച് അന്വേഷിക്കുന്ന രണ്ട് ഉപസമിതികളുടെ റിപ്പോർട്ട് ലഭിച്ചശേഷമായിരിക്കും തുടർ നടപടികൾ ആലോചിക്കുക. ഉപസമിതി ഇന്ന് തന്നെ യോഗം ചേരും. കേസിൽ പോലീസ് അന്വേഷണവും നടക്കുന്നുണ്ട്. വൈസ് ചാൻസലർ, അദ്ധ്യാപകർ, പരിക്കേറ്റ വിദ്യാർത്ഥികൾ, പരിപാടിയിൽ പങ്കെടുത്തവർ എന്നിവരിൽ നിന്ന് മൊഴിയെടുത്തേക്കും.
അതേസമയം, അപകടത്തിൽ മരിച്ച താമരശ്ശേരി സ്വദേശി സാറാ തോമസിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഈങ്ങാപ്പുഴ സെന്റ് ജോർജ് പള്ളിയിലാണ് സംസ്‌കാരം നടക്കുക. നവകേരള യാത്രയുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ ഉണ്ടായിരുന്ന മുഖ്യമന്ത്രി, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വീണ ജോർജ് തുടങ്ങിയവർ ഇന്നലെ സാറയ്ക്ക് അന്തിമോപചാരം അർപ്പിച്ചിരുന്നു.
കാമ്പസിൽ ടെക്ഫെസ്‌റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെയുണ്ടായ അപകടത്തിൽ നാല് വിദ്യാർത്ഥികളാണ് മരിച്ചത്. സ്‌കൂൾ ഓഫ് എഞ്ചിനിയറിങ്ങിലെ രണ്ടാം സെമസ്‌റ്റർ വിദ്യാർഥി കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശിനി ആൻ റുഫ്റ്റ, കോഴിക്കോട് താമരശ്ശേരി സ്വദേശിനി സാറ തോമസ്, പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫ് എന്നിവരാണ് മരിച്ചത്.
സർവ്വകലാശാലയിൽ നവംബർ 24, 25,26 തിയതികളിൽ സ്ക്കൂൾ ഓഫ് എഞ്ചിനീയറിങ് വിഭാഗം നടത്തിയ ടെക്‌നിക്കൽ ഫെസ്‌റ്റിൽ എക്‌സിബിഷൻ, ടെക്‌നിക്കൽ ടോക്‌സ്, എക്‌സ്പേർട്ട് ലക്ചേഴ്‌സ് എന്നിവയാണ് നടന്നത്. സമീപ കോളേജുകളിലെ വിദ്യാർത്ഥികളും കൂടി പങ്കെടുക്കുന്നതാണ് പരിപാടി. ബോളിവുഡ് ഗായിക നികിത ഗാന്ധി നേതൃത്വം നൽകുന്ന സംഗീതനിശയായിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണം. ഇത് തുടങ്ങാനിരിക്കെയാണ് ദുരന്തമുണ്ടായത്.












Click it and Unblock the Notifications