മാത്യു കുഴല്‍നാടന്റെ ഇടപെടല്‍, കോര്‍മലയില്‍ എത്തി വിദഗ്ധ സംഘം; കണ്ടെത്തിയത് 4 വിള്ളല്‍
മൂവാറ്റുപുഴ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മൂവാറ്റുപുഴയിലെ കോര്‍മലയില്‍ വിദഗ്ധ പരിശോധനയ്ക്ക് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ ഉന്നതതല സംഘം. കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഇവര്‍ കോര്‍മലയിലെത്തിയത്. അപകടകരമായ നിലയില്‍ നാല് വിള്ളലുകള്‍ കോര്‍മലയില്‍ ഉള്ളതായി ഉന്നതതല സംഘം പറഞ്ഞു. ഇവര്‍ കഴിഞ്ഞ ദിവസമാണ് പരിശോധന നടത്തിയത്.
തുടര്‍ന്നാണ് വിള്ളലുകള്‍ കണ്ടെത്തിയതായി സംഘാംഗങ്ങള്‍ അറിയിച്ചത്. നിലവില്‍ നാലില്‍ കൂടുതല്‍ വിള്ളലുകള്‍ ഈ മലയില്‍ ഉണ്ട്. അത് അപകടമേറിയതാണെന്ന് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി പറയുന്നു. മലയില്‍ താമസിക്കുന്നവര്‍ മഴക്കാലത്ത് ജാഗ്രത പാലിക്കണമെന്നും സംഘം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം കോര്‍മലയില്‍ മണ്ണുപരിശോധന അടക്കമുള്ള വിശദമായ പഠനം നിര്‍ബന്ധമായ കാര്യമാണ്. ആവശ്യമായ വിലയിരുത്തലുകള്‍ക്ക് ശേഷം 25 ദിവസത്തിനുള്ളില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ ഉന്നത തല സംഘം അറിയിച്ചിട്ടുണ്ട്. 9 വര്‍ഷം മുമ്പ് കോര്‍മലയില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി ഇപ്പോള്‍ മാത്യു കുഴല്‍നാടന്റെ ഇടപെടലിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. കോര്‍മല സംരക്ഷണത്തിന് മുമ്പ് ഒരു നടപടിയും ഉണ്ടായിരുന്നില്ല. ഉദ്യോഗസ്ഥ സംഘങ്ങള്‍ അടക്കം ഇവിടെ എത്തിയിരുന്നു. പല നിര്‍ദേശങ്ങളും നല്‍കിയിരുന്നു. പക്ഷേ കാര്യമായിട്ടൊന്നും നടന്നിരുന്നില്ല.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാത്യു കുഴല്‍നാടല്‍ കോര്‍മലയിലെ അപകട സാധ്യത ചൂണ്ടിക്കാണിച്ച് നല്‍കിയ കത്തിനെ തുടര്‍ന്നാണ് തിരുവനന്തപുരത്ത് നിന്ന് അടക്കം ഉദ്യോഗസ്ഥര്‍ കോര്‍മലയില്‍ പരിശോധന നടത്തിയത്. അതേമസയം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോര്‍മല സംരക്ഷണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.












Click it and Unblock the Notifications