ഗുണ്ടാതലവന്റെ വീട്ടില്‍ വിരുന്ന്, എസ്‌ഐയെ കണ്ട് ഡിവൈഎസ്പി മുങ്ങി; 2 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
കൊച്ചി: അങ്കമാലിയില്‍ ഗുണ്ടാനേതാവിന്റെ വീട്ടിലെ വിരുന്നില്‍ പങ്കെടുത്ത ആലപ്പുഴയിലെ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഡിവൈഎസ്പി അടക്കമാണ് പരിപാടിയില്‍ പങ്കെടുത്തത്. ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലെ വിരുന്നിലാണ് ഡിവൈഎസ്പി എംജി സാബുവും മൂന്നു പോലീസുകാരും എത്തിയത്.
അങ്കമാലി പോലീസിന്റെ ഓപ്പറേഷനിടെയാണ് ഡിവൈഎസ്പിയും പോലീസുകാരും കുടുങ്ങിയത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു റെയ്ഡ്. ആലപ്പുഴ ക്രൈംബ്രാഞ്ചിലെ ഡിവൈഎസ്പിയാണ് എംജി സാബു. അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ വിരമിക്കാനിരിക്കുകയായിരുന്നു സാബു.

പോലീസുകാരും ഗുണ്ടാ സംഘങ്ങളും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ഡിവൈഎസ്പിയെ ഗുണ്ടാ നേതാവിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. ഗുണ്ടകളെ പിടികൂടാന്‍ ഡിജിപിയുടെ ഉത്തരവ് നിലനില്‍ക്കുന്നുണ്ട്.
ഇതിനിടെയാണ് ഗുണ്ടാ നേതാവിന്റെ വീട്ടില്‍ തന്നെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിരുന്ന് സംഘടിപ്പിച്ചത്. ഗുണ്ടാ നേതാക്കളുടെ വീട്ടില്‍ നടത്തുന്ന ഓപ്പറേഷന്‍ ആഗ് പരിശോധനയുടെ ഭാഗമായിട്ടാണ് അങ്കമാലി പോലീസ് തമ്മനം ഫൈസലിന്റെ വീട്ടിലെത്തിയത്. എന്നാല്‍ ഡിവൈഎസ്പിക്കും പോലീസുകാര്‍ക്കുമുള്ള വിരുന്നാണ് നടക്കുന്നതെന്ന് പിന്നീടാണ് വ്യക്തമായത്.
പരിശോധനയ്‌ക്കെത്തിയ പോലീസ് സംഘത്തെ കണ്ടയുടന്‍ ഡിവൈഎസ്പി ശുചിമുറിയില്‍ കയറി ഒളിഞ്ഞിരിക്കുകയായിരുന്നു. അവധിക്ക് പോയി തിരിച്ചുവരുമ്പോള്‍ ഡിവൈഎസ്പിയും സംഘവും ഗുണ്ടാ നേതാവിന്റെ വീട്ടില്‍ വിരുന്നിനായി കയറിയതെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ പറഞ്ഞു.
അതേസമയം ഡിവൈഎസ്പി വിരുന്നില്‍ പങ്കെടുത്തത് സംബന്ധിച്ച് എറണാകുളം റൂറല്‍ പോലീസ് അന്വേഷിക്കും. സര്‍വീസില്‍ നിന്ന് അടുത്ത മാസം വിരമിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഡിവൈഎസ്പിക്ക് ഗുണ്ടാ നേതാവ് വിരുന്നൊരുക്കിയത്. അതേസമയം എസ്‌ഐയെ വിരട്ടിയാണ് ഗുണ്ടയുടെ വീട്ടില്‍ നിന്ന് ഡിവൈഎസ്പി രക്ഷപ്പെട്ടത്.
തന്നെ പിടിക്കാന്‍ എസ്‌ഐക്ക് അധികാരമില്ലെന്നായിരുന്നു ഡിവൈഎസ്പി ക്ഷോഭിച്ച് കൊണ്ട് പറഞ്ഞത്. കൂടെയുള്ളത് തന്റെ സുഹൃത്തുക്കളാണെന്നും ഡിവൈഎസ്പി പറഞ്ഞു. പോലീസുകാരാണ് കൂടെയുള്ളതെന്ന വിവരം ഡിവൈഎസ്പി മറച്ചുവെക്കുകയായിരുന്നു. തമ്മനം ഫൈസല്‍ നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളിയായ വ്യക്തിയാണ്. ഇയാള്‍ക്കെതിരെ നിരവധി കേസുകളുമുണ്ട്.
അതേസമയം വീട്ടിലുണ്ടായിരുന്ന പോലീസുകാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സസ്‌പെന്‍ഷന്‍ ലഭിച്ച ഒരാള്‍ ഡിവൈഎസ്പിയുടെ ഡ്രൈവറാണ്. മറ്റൊരാള്‍ എആര്‍ ക്യാമ്പില്‍ നിന്നുള്ള പോലീസുകാരനാണ്. അതേസമയം പോലീസിനെതിരെ ആരോപണം ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ണായക യോഗം വിളിച്ചിട്ടുണ്ട്. നാളെയാണ് യോഗം.
നിലവിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ അടക്കം ഇതില്‍ ചര്‍ച്ചയാവും. പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, എഡിജിപിമാര്‍ അടക്കം 26 ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിക്കും. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം നടക്കുക.












Click it and Unblock the Notifications