വൃക്ക മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രിയായി എറണാകുളം ജനറൽ ആശുപത്രി
എറണാകുളം: കേരളത്തിലെ ആരോഗ്യ മേഖലയുടെ കീർത്തിക്ക് കൂടുതൽ മികവേകി പുതു ചരിത്രം കുറിച്ച് എറണാകുളം ജില്ലാ ജനറൽ ആശുപത്രി. ഇവിടെ ആദ്യമായി നടന്ന വൃക്ക മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയയാണ് ചരിത്രത്തിൽ ഇടം നേടിയത്. രാജ്യത്തെ അവയമാറ്റ ചരിത്രത്തിൽ ആദ്യമായാണ് ഒരു ജില്ലാതല സർക്കാർ ആശുപത്രിയിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കുന്നത്. ഈ നേട്ടവും കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് സ്വന്തമായി.
28 വയസുകാരനായ മകന് 50 വയസുകാരിയായ അമ്മയാണ് വൃക്ക ദാനം ചെയ്‌തത്. ഇരുവരും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. പ്രത്യേക പരിശീലനം നേടിയ ശേഷമാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർ ഷാ വ്യക്തമാക്കി.

കേരള സ്‌റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ രജിസ്ട്രേഷനും സർട്ടിഫിക്കേഷനും ആശുപത്രിക്കുണ്ട്. അടുത്തിടെ വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്താനുള്ള അനുമതിയും ലഭിച്ചു. 50 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്കിൽ അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയത്.
ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിക്ക് അഭിന്ദനവുമായി രംഗത്ത് വന്നു. 'എറണാകുളം ജനറൽ ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ കേരളത്തിന്റെ പൊതുജനാരോഗ്യ മേഖല മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. ഇന്ത്യയിലെ ഒരു ജില്ലാതല സർക്കാർ ആശുപത്രിയിൽ ഇതാദ്യമായാണ് അവയവമാറ്റ ശസ്ത്രക്രിയ നടക്കുന്നത്. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദങ്ങൾ' മുഖ്യമന്ത്രി എക്‌സ് പോസ്‌റ്റിലൂടെ അറിയിച്ചു.
നേരത്തെ എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദ്രോഗികൾക്കായി സൗജന്യ മിനിമലി ഇൻവേസീവ് കാർഡിയാക് സർജറി പദ്ധതി ആരംഭിക്കുകയും ചെയ്‌തിരുന്നു. ഹൃദയം തുറക്കാതെ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനാവും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇതും രാജ്യത്ത് ആദ്യമായി നടപ്പാക്കിയത് എറണാകുളം ജില്ലാ ജനറൽ ആശുപത്രിയാണ്.
സാധാരണക്കാരുടെ ആശ്രയമായ സർക്കാർ ആശുപത്രികളിൽ മെച്ചപ്പെട്ട ചികിത്സാ സംവിധാനങ്ങൾ ഒരുങ്ങുന്നത് കൂടുതൽ ഗുണകരമാവും എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്‌തുത. സ്വകാര്യ ആശുപത്രികളിലെ ഭീമമായ താങ്ങാൻ കഴിയാത്ത സാധാരണക്കാർക്ക് ഈ നേട്ടം കൂടുതൽ ഗുണകരമാവും എന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications