വെള്ളം ഇറങ്ങിയിട്ടും പ്രളയ ബാധിത മേഖലകളിലെ ദുരിതമൊഴിയുന്നില്ല... തിരിച്ചെത്തിയാൽ ഭീകര കാഴ്ച!!
കൊച്ചി: വെള്ളം ഇറങ്ങിയിട്ടും പ്രളയ ബാധിത മേഖലകളിലെ ദുരിതമൊഴിയുന്നില്ല. വെള്ളക്കെട്ട് ഒഴിഞ്ഞ മേഖലകളിലെ വീടുകളിലേക്കെത്തിയവരെ കാത്തിരുന്നത് ഭീകര ദൃശ്യങ്ങളായിരുന്നു. വിലപിടിപ്പുള്ള വീട്ടുപകരണങ്ങൾ മുതൽ സ്വർണം ഉൾപ്പെടെയുള്ള ആഭരണങ്ങൾ വരെ വെള്ളത്തിൽ ഒലിച്ചു പോയി. അപ്രതീക്ഷിതമായി വെള്ളം ഉയർന്നു വന്നതിനാൽ തന്നെ പലർക്കും ആഭരണങ്ങൾ പോലും സുരക്ഷിതമായി മാറ്റുന്നതിനു സാവകാശം ലഭിച്ചിരുന്നില്ല. വിലപിടിപ്പുള്ള വീട്ടുപകരണങ്ങൾ ഉയരത്തിൽ വച്ചിട്ടാണ് പലരും രക്ഷപെട്ടതെങ്കിലും പല വീടുകളിലും ഇവയൊക്കെ നശിച്ച നിലയിലാണ്.
ബസുടമകളുടേയും തൊഴിലാളികളുടേയും ഒരുദിവസത്തെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
ചെളിയും മാലിന്യവും ചേറും വീട്ടിലും പരിസരങ്ങളിലും അടിഞ്ഞു കൂടിയിട്ടുണ്ട്. വളർത്തു മൃഗങ്ങളുടെയും എലികളുടെയും അഴുകിയ മൃതശരീരങ്ങൾ വീടുകളിലും പരിസരത്തും ശേഷിക്കുന്നത് അസഹ്യമായ ദുർഗന്ധത്തിനും കാരണമാകുന്നു. വെള്ളം ഇറങ്ങിയ മേഖലകളിൽ പാമ്പ് ശല്യവും അതി രൂക്ഷമാണ്. വീടുകളുടെ എയർ ഹോളുകളിലും വീട്ടുപകരണങ്ങൾക്കിടയിലും പാത്രങ്ങൾക്കിടയിലുമാണ് പാമ്പുകൾ രക്ഷ തേടിയിരിക്കുന്നത്. ഇതിനാൽ തന്നെ ഭയപ്പാടോടെയാണ് എല്ലാവരും വീടുകളിലേക്കെത്തുന്നത്. വെള്ളം കയറിയ വീടുകളിൽ ഒറ്റക്ക് എത്തരുതെന്ന് ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശമുള്ളതിനാൽ തന്നെ അയൽവാസികളും സന്നദ്ധ പ്രവർത്തകരും കൂട്ടമായിട്ടാണ് ഓരോ വീടുകളിലേക്കെത്തുന്നത്.

അതേസമയം ചില വീടുകളിൽ മോഷണം നടന്നതായിട്ടുള്ള സംശയവും ആളുകൾ പങ്കുവച്ചിട്ടുണ്ട്. അഞ്ച് ദിവസമായി തുടർന്ന വെള്ളക്കെട്ടിന് ഇന്നലെയാണ് ഒരു വിധം പരിഹാരമായത്. താണ പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിൽ തന്നെയാണ്. ഞായറാഴ്ച്ചയും ഇന്നലെയും നീരൊഴുക്ക് കുറഞ്ഞതിനാൽ തന്നെ പല പ്രദേശങ്ങളും വെള്ളക്കെട്ടിൽ നിന്നും മോചിതമായിരുന്നു. രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും രക്ഷാ പ്രവർത്തകരും ചേർന്ന് ജനവാസ മേഖലകൾ വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്. എന്നാൽ മേഖലകൾ പൂർവ സ്ഥിതിയിലാക്കാൻ മാസങ്ങൾ വേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications