എറണാകുളത്ത് മകന്‍ അമ്മയെ വെട്ടിക്കൊന്നു; കൊലപാതകം മണിക്കൂറുകളോളം പൂട്ടിയിട്ട ശേഷം
കൊച്ചി: എറണാകുളത്ത് അമ്മയെ മകന്‍ വെട്ടിക്കൊന്നു. മണിക്കൂറുകളോളം അമ്മയെ വീട്ടില്‍ പൂട്ടിയിട്ട ശേഷമായിരുന്നു മകന്‍ ക്രൂരകൃത്യം നടത്തിയത്. മരട് സ്വദേശിയായ അച്ചാമ്മ(73)യാണ് കൊല്ലപ്പെട്ടത്. അതേസമയം മകന്‍ വിനോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാര്‍ അടക്കം ഇയാളെ പിന്തിരിപ്പിക്കാന്‍ നോക്കിയിരുന്നു. ഒടുവില്‍ പോലീസ് എത്തിയാണ് ഇയാളെ കീഴടക്കിയത്.
ചമ്പക്കരയിലെ ഫ്‌ളാറ്റില്‍ വെച്ചാണ് ദാരുണമായ സംഭവം അരങ്ങേറിയത്. വൃദ്ധയെ തലയ്ക്ക് അടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. മരട് പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച്ച സംഭവിച്ചുവെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. മരട് ഡിവിഷന്‍ കൗണ്‍സിലറും, നഗരസഭാധ്യക്ഷനും പോലീസിനെതിരെ രംഗത്തെത്തി.ഇന്നലെ വൈകീട്ട് മുതല്‍ തന്നെ വീട്ടില്‍ നിന്നും വഴക്കിന്റെ ശബ്ദം കേട്ടിരുന്നതായിട്ടാണ് അയല്‍വാസികള്‍ പറയുന്നത്.

ഈ വഴക്ക് ഇന്ന് രാവിലെയും ഉച്ചയ്ക്കും തുടര്‍ന്നിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു. രാവിലെ മുതല്‍ മകന്‍ തന്നെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് അയല്‍വാസിയെ കൊല്ലപ്പെട്ട അച്ചാമ്മ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. തുടര്‍ന്ന് വിവരം ഡിവിഷന്‍ കൗണ്‍സിലര്‍ അറിയുകയും, ഇവര്‍ വിളിച്ച് പറഞ്ഞതിനെ തുടര്‍ന്ന് മരട് പോലീസ് ഇവിടെയെത്തുകയായിരുന്നു.
എന്നാല്‍ പോലീസിന് ഉച്ചയോടെ എത്തിയെങ്കിലും, വീടിനുള്ളില്‍ കയറാനായില്ല. പോലീസിനോട്, ഇവിടെ പ്രശ്‌നമൊന്നുമില്ലെന്നായിരുന്നു വിനോട് പറഞ്ഞത്. അത് വിശ്വസിച്ച് പോലീസ് മടങ്ങുകയായിരുന്നു.ഫ്‌ളാറ്റിന്റെ വാതിലടച്ച് കൊലവിളി മുഴക്കിയ മകനെ അനുനയിപ്പിക്കാന്‍ സമീപത്തെ ഫ്‌ളാറ്റിലുള്ളവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഫലമുണ്ടായില്ല. പോലീസ് എത്തിയെങ്കിലും ഇടപെടാന്‍ തയ്യാറായില്ലെന്നാണ് പരിസരവാസികളും ആരോപിക്കുന്നത്.
ഇന്ന് വൈകീട്ട് ഇവരുടെ വീട്ടിനുള്ളില്‍ നിന്ന് കരച്ചിലും,സാധനങ്ങള്‍ തല്ലി തകര്‍ക്കുന്നതുമായ ശബ്ദം കേട്ടിരുന്നു. തുടര്‍ന്ന് കൗണ്‍സിലര്‍ വീണ്ടും പോലീസിനെ അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് പോലീസ് വീണ്ടുമെത്തിയെങ്കിലും, വീട് തുറക്കാനായില്ല. വീട് തുറക്കണമെങ്കില്‍ രേഖാമൂലം എഴുതി തരണമെന്ന് പോലീസ് പറഞ്ഞിരുന്നു. ഉടന്‍ തന്നെ റെസിഡെന്റ്‌സ് അസോസിയേഷന്‍ ഈ കത്ത് നല്‍കിയിരുന്നു.
അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ വാതില്‍ പൊളിച്ചാണ് പോലീസ് അകത്ത് നടന്നത്. ഉള്ളില്‍ നിന്ന് വാതില്‍ ബലമായി അടച്ചിരിക്കുകയായിരുന്നു. അകത്ത് കടന്നപ്പോഴാണ് അച്ചാമ്മ മരിച്ച് കിടക്കുന്നത് കണ്ടത്. അക്രമാസക്തനായ വിനോദിനെ ബലംപ്രയോഗിച്ചാണ് പോലീസ് കീഴ്‌പ്പെടുത്തിയത്. ഒരു കൊറിയറുമായും, സാമ്പത്തിക ഇടപാടുമായും ബന്ധപ്പെട്ട് ഇന്നലെ വൈകീട്ട് മുതല്‍ തന്നെ ഇവരുടെ ഫ്‌ളാറ്റില്‍ നിന്ന് വഴക്കിന്റെ ശബ്ദം കേട്ടിരുന്നതായിട്ടാണ് അയല്‍വാസികള്‍ പറയുന്നത്. വിനോട് പോലീസ് മുളക് പൊടിയെറിഞ്ഞാണ് കീഴ്‌പ്പെടുത്തിയത്. അകത്തെ മുറിയില്‍ വെട്ടേറ്റ് മരിച്ച നിലയിലായിരുന്നു അച്ചാമ്മ. വിനോദിനെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി.












Click it and Unblock the Notifications