ലോട്ടറി അടിച്ചെന്ന് വിശ്വസിപ്പിച്ച് 10000 രൂപ തട്ടി; വ്യാജ ടിക്കറ്റ് നല്‍കി തട്ടിപ്പ്
പറവൂര്‍: ലോട്ടറി അടിച്ചെന്ന് വിശ്വസിപ്പിച്ച് വ്യാജ ടിക്കറ്റ് നല്‍കി പണം തട്ടിയതായി പരാതി. ഹരിയെന്ന എന്ന വയോധികനാണ് പണം നഷ്ടമായത്. ഇയാള്‍ പറവൂര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. പറവൂര്‍ വെസ്റ്റ് സഹകരണ ബാങ്കിന് മുന്നില്‍ ലോട്ടറി വില്‍ക്കുന്നയാളാണ് ഹരി. കൊടുങ്ങല്ലൂരിലെ ഏജന്‍സിയില്‍ നിന്ന് ലോട്ടറി വാങ്ങിയാണ് വില്‍പ്പന നടത്തുന്നത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച രാവിലെ ഇരുചക്ര വാഹനത്തില്‍ എത്തിയ യുവാവ് തനിക്ക് രണ്ട് ലോട്ടറി ടിക്കറ്റുകളില്‍ 5000 രൂപ വീതം സമ്മാനം അടിച്ചെന്നും, അതിന്റെ പണം നല്‍കണമെന്നും ആവശ്യപ്പെട്ട് ടിക്കറ്റ് കൈമാറി. തന്റെ കൈവശമുണ്ടായിരുന്ന സമ്മാനം അടിച്ച നമ്പറുകള്‍ പരിശോധിച്ചപ്പോള്‍ ടിക്കറ്റിലെ നമ്പര്‍ കൃത്യമായതിനാല്‍ ഹരി ടിക്കറ്റുകള്‍ വാങ്ങി പതിനായിരം രൂപ നല്‍കുകയായിരുന്നു.

അതേസമയം പണം നല്‍കിയ ശേഷം 1600 രൂപയ്ക്ക് ഹരിയുടെ കൈയ്യില്‍ നിന്ന് വേറെ ടിക്കറ്റുകള്‍ എടുത്താണ് യുവാവ് പോയത്. സമ്മാനം അടിച്ചെന്ന് വിശ്വസിച്ച് യുവാവ് നല്‍കിയ ടിക്കറ്റുകളുമായി ഹരി കൊടുങ്ങല്ലൂരിലെ ഏജന്‍സിയില്‍ ചെന്നപ്പോഴാണ് വ്യാജ ടിക്കറ്റുകളാണെന്ന് മനസ്സിലായത്. തുടര്‍ന്നാണ് പറവൂര്‍ പോലീസില്‍ പരാതി നല്‍കിയത്. യഥാര്‍ത്ഥ ടിക്കറ്റിന്റെ അതേ വലിപ്പത്തില്‍ തന്നെയാണ് വ്യാജ ടിക്കറ്റും തയ്യാറാക്കിയിരുന്നത്.
ടിക്കറ്റിലെ നിറങ്ങളില്‍ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും നമ്പര്‍ കൃത്യമായിരുന്നതിനാല്‍ ശ്രദ്ധിച്ചില്ലെന്നാണ് ഹരി പറയുന്നത്. പണം തട്ടിയ ആള്‍ ഹെല്‍മറ്റ് വെച്ചിരുന്നതിനാല്‍ മുഖം കൃത്യമായി കാണാന്‍ സാധിച്ചില്ല. സഹകരണ ബാങ്കിന്റെ സിസിടിവിയില്‍ ഇയാള്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications