ആലുവയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി, അപകടം ട്രാക്ക് മാറുന്നതിനിടെ, 11 ട്രെയിനുകള്‍ റദ്ദാക്കി
കൊച്ചി: ആലുവയില്‍ ട്രാക്ക് മാറുന്നതിനിടെ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. ട്രാക്ക് മാറുന്നതിനിടെയാണ് ട്രെയിന്‍ പാളം തെറ്റിയത്. കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ രണ്ട് കോച്ചുകളാണ് ആലുവ മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കുമ്പോള്‍ പാളം തെറ്റിയത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇരുദിശകളിലേക്കുമുള്ള ട്രെയിനുകള്‍ വൈകുമെന്ന് റെയില്‍വേ അറിയിച്ചു. അതേസമയം ഇന്റര്‍ സിറ്റി അടക്കമുള്ള ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. പതിനൊന്നോളം ട്രെയിനുകളാണ് റദ്ദാക്കിയത് ഒരു ട്രാക്കിലെ ഗതാഗതം പുന:സ്ഥാപിച്ചിട്ടുണ്ട്. വൈകാതെ രണ്ട് ട്രാക്കിലും ഗതാഗതം പുന:സ്ഥാപിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആന്ധ്രപ്രദേശില്‍ നിന്നുള്ള സിമന്റായിരുന്നു ഈ ഗുഡ്‌സ് ട്രെയിനിലുണ്ടായിരുന്നത്. മൂന്ന്, നാല്, അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. ആലുവ സ്റ്റേഷനിലേക്ക് മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കുന്നതിനിടെയായിരുന്നു അപകടം. പല ട്രെയിനുകളും സ്റ്റേഷനില്‍ കുടുങ്ങി കിടക്കുകയാണ്. എറണാകുളം-തൃശൂര്‍ റൂട്ടില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുകയാണ്. ഇതോടെയാണ് ചില ട്രെയിനുകള്‍ റദ്ദാക്കയും ചിലതിന്റെ സമയം ക്രമീകരിക്കുകയും ചെയ്തത്. ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി, എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി, നിലമ്പൂര്‍-കോട്ടയം എക്‌സ്പ്രസ്, കോട്ടയം-നിലമ്പൂര്‍ എക്‌സ്പ്രസ്, പുനലൂര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.
എറണാകുളം-പുനെ എക്‌സ്പ്രസ് രാവിലെ എട്ടേകാലിനാണ് പുറപ്പെടുക. രാവിലെ അഞ്ചേകാലിന് പുറപ്പെടേണ്ട ട്രെയിനാണിത്. മൂന്ന് മണിക്കൂര്‍ വൈകിയാണ് യാത്രയാരംഭിക്കുക. ട്രാക്കില്‍ ഗതാഗതം പുനസ്ഥാപിച്ചുവെന്നാണ് വിവരം. ഗുരുവായര്‍ എക്‌സ്പ്രസ് തൃപ്പൂണിത്തുറയില്‍ വെച്ചാണ് സര്‍വീസ് അവസാനിപ്പിച്ചത്. ചെന്നൈ എഗ്മോറില്‍ നിന്ന് പുറപ്പെട്ട ഗുരുവായൂര്‍ പ്രതിദിന എക്‌സ്പ്രസ് എറണാകുളത്ത് സര്‍വീസ് അവസാനിപ്പിച്ചു. എത്രയും വേഗം സര്‍വീസുകള്‍ പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണന്ന് റെയില്‍വേ അറിയിച്ചു.












Click it and Unblock the Notifications