എറണാകുളം ജില്ലയില്‍ 272 ബൂത്തുകള്‍ പ്രശ്‌നസാധ്യത ബൂത്തുകള്‍, 246 എണ്ണം ആലുവ റൂറല്‍ പരിധിയില്‍
കൊച്ചി: എറണാകുളം ജില്ലയില്‍ 272 ബൂത്തുകള്‍ പ്രശ്‌നസാധ്യത ബൂത്തുകള്‍. ഇതില്‍ 30 എണ്ണം കൊച്ചി സിറ്റി പോലീസ് പരിധിയിലും 246 എണ്ണം ആലുവ റൂറല്‍ പോലീസ് പരിധിയിലുമാണ്. കൂടുതല്‍ പോലീസുകാരെ ഇത്തരം ബൂത്തുകളില്‍ വിന്യസിക്കും. സാധാരണ ബൂത്തുകളില്‍ പോലീസ് സേനയില്‍ നിന്നും ഒരാളെ ക്രമസമാധാന പാലനത്തിനായി നിയമിക്കുമ്പോള്‍ പ്രശ്‌നബാധിത ബൂത്തുകളിലും വിദൂര ബൂത്തുകളിലും രണ്ട് പോലീസുകാരെ വീതം നിയമിക്കും.

ജില്ലയില്‍ 38 പ്രശ്‌ന സാധ്യത ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് നടത്തും. ബാക്കിയുള്ള പ്രശ്‌ന സാധ്യത ബൂത്തുകളില്‍ വീഡിയോ റെക്കോര്‍ഡിംഗ് ആയിരിക്കും നടത്തുക. ജില്ലയുടെ ഉള്‍പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന പോളിംഗ് ബൂത്തുകളുടെ എണ്ണം ആലുവ റൂറല്‍ പോലീസ് പരിധിയില്‍ പത്താണ്.
അതാത് ബ്ലോക്ക് പഞ്ചായത്തിന്റെയോ കോര്‍പറേഷന്റെയോ മുനിസിപ്പാലിറ്റിയുടെയോ കണ്‍ട്രോള്‍ റൂമില്‍ നിന്നും ഒരു മണിക്കൂറിനുള്ളില്‍ എത്തിപ്പെടാന്‍ പറ്റാത്ത പോളിംഗ് ബൂത്തുകളെയാണ് വിദൂര പോളിംഗ് ബൂത്തുകളായി പരിഗണിക്കുന്നത്. തിരഞ്ഞെടുപ്പിനായി ഇത്തരം ബൂത്തുകളിലേക്ക് ഒരു വോട്ടിംഗ് യന്ത്രം അധികമായി നല്‍കും. ഉപയോഗിക്കുന്ന യന്ത്രത്തിന് തകരാര്‍ സംഭവിച്ചാല്‍ വോട്ടെടുപ്പ് തടസപ്പെടാതിരിക്കാനാണ് മുന്‍കരുതല്‍.
വേങ്ങൂര്‍ പഞ്ചായത്തിലെ രണ്ടാം നമ്പര്‍ ബൂത്തായ പൊങ്ങിന്‍ ചുവട് ഗിരിജന്‍ കോളനി കോ ഓപറേറ്റീവ് സൊസൈറ്റി ബില്‍ഡിംഗ് ,കടമക്കുടിയിലെ മൂന്ന് ബൂത്തുകളും കുട്ടമ്പുഴപഞ്ചായത്തിലെ തല്ലൂമ്മക്കണ്ടം ട്രൈബല്‍ കമ്യൂണിറ്റി ഹാളിലെ ബൂത്തും, തേര കോളനിയിലെ വി.എസ്.എസ്. ഓഫീസിലെ ബൂത്തും കല്ലേല്‍ മേട്ടിലെ വനിത വിപണന കേന്ദ്രത്തിലെ ബൂത്തും ജില്ലയിലെ വിദൂര ബൂത്തുകളാണ്. ജില്ലയിലാകെ 3132 പോളിംഗ് ബൂത്തുകളാണ് ഉള്ളത്.












Click it and Unblock the Notifications