എറണാകുളത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം, മൂവാറ്റുപുഴയില്‍ വെള്ളക്കെട്ട്, ആലുവയിലും വെള്ളം കയറി
കൊച്ചി: എറണാകുളം ജില്ലയില്‍ അതിശക്തമായി പെയ്ത മഴയില്‍ വ്യാപക നാശനഷ്ടം. തിങ്കളാഴ്ച്ച തന്നെ നിര്‍ത്താതെ മഴ പെയ്തിരുന്നു. ആലുവയില്‍ ഇന്ന് രാവിലെ ശിവക്ഷേത്രത്തില്‍ വെള്ളം കയറി. ആലുവ മണപ്പുറത്ത് വെള്ളം കയറിയതിനെ തുടര്‍ന്നാണ് ക്ഷേത്രവും മുങ്ങിയത്. മൂവാറ്റുപുഴയില്‍ തിങ്കളാഴ്ച്ച രാവിലെ മുതല്‍ പെയ്ത കനത്ത മഴയില്‍ നഗരത്തിലെ പ്രധാന പാതകള്‍ വെള്ളത്തിനടിയിലായി.
ഗതാഗതകുരുക്കും നഗരത്തില്‍ രൂക്ഷമായിരിക്കുകയാണ്. പേട്ട റോഡില്‍ അംഗന്‍വാടിയില്‍ അടക്കം വെള്ളം കയറി. അശാസ്ത്രീയമായി ഓടയുടെ വീതി കുറച്ചതാണ് പേട്ട റോഡിനെ ഈ ദുരിതത്തിലേക്ക് തള്ളിയിട്ടത്. തിങ്കളാഴ്ച്ച ഉച്ചയോടെ അരൂര്‍ മേഖലയില്‍ കാറ്റ് വീശിയടിച്ചിരുന്നു. അരൂര്‍, എഴുപുന്ന ഭാഗങ്ങളില്‍ മുപ്പതോളം സ്ഥലങ്ങളില്‍ മരം വീണു. 14 ഇലക്ട്രിക് പോസ്റ്റുകളാണ് ഒടിഞ്ഞത്.

അതേസമയം ഏഴിടത്ത് മരം വീണിട്ടുണ്ട്. തകരാറുകള്‍ പരിഹരിച്ച് എല്ലാവര്‍ക്കും വൈദ്യുതി എത്തിക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. അരൂരില്‍ കനത്ത കാറ്റാണ് വീറ്റിയടിച്ചത്. നാലുമരങ്ങള്‍ ഒരു വീടിന്റെ പറമ്പിേക്ക് വീണു. ഈ വീട്ടിലെ ആര്‍ക്കും പരുക്കേറ്റിട്ടില്ല. വീട്ടിലുണ്ടായിരുന്നര്‍ പുറത്തേക്ക് മാറിയതാണ് രക്ഷയായത്.
മാലിന്യം കെട്ടി കിടക്കുന്നത് കാരണം കാനകള്‍ നിറഞ്ഞകവിഞ്ഞതാണ് എംസി റോഡില്‍ അടക്കം വെള്ളക്കെട്ടിന് കാരണമായത്. മൂന്ന് സംസ്ഥാന പാതകലും ദേശീയ പാതയും കടന്നുപോകുന്ന മൂവാറ്റുഴ നഗരത്തിലും, എംസി റോഡിലും കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിലുമായിരുന്നു വെള്ളക്കെട്ട്.
എംസി റോഡില്‍ പേഴയ്ക്കാപ്പിള്ളി സൂപ്പര്‍ പടിയിലും വാഴപ്പിള്ളിക്കവലയിലും അരമന ജങ്ഷനിലും വെള്ളക്കെട്ടുയര്‍ന്നു. ഇതിന് പുറമേ നിരപ്പ് റോഡിലും വെള്ളക്കെട്ട് ദുരിതമായി. ഈ ഭാഗത്തെല്ലാം കഴിഞ്ഞ ദിവസം തന്നെ കാനകള്‍ നിറഞ്ഞൊഴുകയിയിരുന്നു. എംസി റോിലെ കാനകളുടെ നിര്‍മാണത്തിലെ അപാകത കാരണം കെഎസ്ആര്‍ടിസി മുതല്‍ ആറൂര്‍ വരെയുള്ള ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.
നാട്ടുകാര്‍ ഇതിനെതിരെ പ്രതിഷേധത്തിലാണ്. പക്ഷേ പരിഹാരമായിട്ടില്ല. ഇടക്കൊച്ചി മേഖലയില്‍ മരങ്ങള്‍ വീണ് വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായത്. പ്ലാവ് മറിഞ്ഞുവീണ് വീടിന് കേടുപാടുണ്ടായി. കനത്ത കാറ്റില്‍ പരുത്തിത്തറയില്‍ ഇലക്ട്രിക് പോസ്റ്റുകളും നിലംപതിച്ചു. കണച്ചക്കനാട്ട് വീടിന് മുകളിലേക്ക് വീണ് മേല്‍ക്കൂരയ്ക്കാണ് തകരാറുണ്ടായിരിക്കുന്നത്.












Click it and Unblock the Notifications